Home » സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ:എം.കുഞ്ഞാമന്‌ ആദരാഞ്ജലി – കൾച്ചറൽ ഫോറം

സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ:എം.കുഞ്ഞാമന്‌ ആദരാഞ്ജലി – കൾച്ചറൽ ഫോറം

by Jayarajan C N

സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ ഡോ:എം.കുഞ്ഞാമന്‌ ആദരാഞ്ജലി

കൾച്ചറൽ ഫോറം

അദ്ദേഹത്തിന്റെ ആത്മകഥയുടെ പേര്‌ സൂചിപ്പിക്കും പോലെ തീർത്തും എതിർപ്പുകളുടേതു മാത്രമായ ജീവിതാവസ്ഥകളോട്‌ എതിർനിന്നും പോരാടിയുമാണ്‌ കേരളത്തിലേയും ഇന്ത്യയിലേയും അക്കാദമിക രംഗത്തെ പ്രമുഖ സാന്നിധ്യമായി അദ്ദേഹം നിലക്കൊണ്ടത്‌.അക്കാദമീകവും ഔദ്യോഗികവുമായ സമുന്നതപദവികൾ വഹിക്കുമ്പോഴും താൻ പിന്നിട്ട ജീവിതം അടിച്ചേൽപ്പിച്ച ദുരിതാവസ്ഥകൾ തീവ്രമായി തന്നെ അദ്ദേഹത്തിൽ നിലനിന്നതായും കാണാം.. “ജീവിതത്തിൽ എനിക്കിപ്പോഴും സ്വാതന്ത്ര്യം അനുഭവിക്കാൻ കഴിയുന്നില്ല “ എന്ന ആത്മകഥാകാരന്റെ വിങ്ങലിലൂടെയേ അദ്ദേഹത്തിന്റെ “എതിര്‌” എന്ന കൃതി വായിച്ചു പോകാനാകൂ.

കേരളത്തിലെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഭൂപരിഷ്കരണം പരത്തിയ വൈകാരികതയുടേതായ തെറ്റിദ്ധാരണയെ തന്റെ അഛനെ ഓർത്ത് ഇങ്ങനെ വിലയിരുത്തുന്നുണ്ട്, പ്രൊഫസർ കുഞ്ഞാമൻ, “എന്റെ അഛനെപ്പോലുള്ള ഒരാളുടെ ജീവിതം മുമ്പത്തെപ്പോലെ തന്നെ തുടർന്നു,മാറ്റമില്ലാതെ,മേലാളന്മാർക്ക്‌ വിധേയപ്പെട്ടും അവരുടെ അടിമകൾ ആയും”.

ഇന്ത്യയിലേയും കേരളത്തിലേയും ആദിവാസി ജീവിതത്തേക്കുറിച്ചും സബാൾട്ടേൺ പരിസരങ്ങളേക്കുറിച്ചും പഠിച്ച കുഞ്ഞാമൻ മാഷിന്‌ അവയൊക്കെയും പൊഴിച്ചു കളയാൻ കഴിയാത്ത തന്റെ ജീവിതാവസ്ഥകൾ തന്നെയായിരുന്നുവെന്ന് തോന്നാറുണ്ട്‌.

വാർത്തകൾ സൂചിപ്പിക്കുന്നത്‌ അദ്ദേഹം മരണത്തെ സ്വീകരിക്കുകയായിരുന്നുവെന്ന കാര്യമാണ്‌.ഡോ:കുഞ്ഞാമന്റെ ജീവിതവും ഒടുവിലത്തെ വിടപറയലും അടക്കമുള്ളതെല്ലാം ഇന്ത്യയിൽ ഇന്നും നിലനിലക്കുന്ന ജാതിവ്യവസ്ഥയുടെ ഉന്മൂലനത്തിലേക്ക്‌ തന്നെയാണ്‌ വിരൽ ചൂണ്ടുന്നതെന്ന് കൾച്ചറൽ ഫോറം വിലയിരുത്തുന്നു..

കേരളം കണ്ട മഹാനായ പണ്ഠിതനും ചിന്തകനും സാമൂഹ്യവിഷയങ്ങളിൽ അതീവ ജാഗ്രതയോടെ പ്രതികരിച്ച പ്രക്ഷോഭ മനസ്സിനുടമയുമായ പ്രൊ:കുഞ്ഞാമന്റെ ഓർമ്മകൾക്കുമുമ്പിൽ കൾച്ചറൽ ഫോറം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

സംസ്ഥാന സമിതി, കൾച്ചറൽ ഫോറം
9249123786
9446955309

culturalforumkeralarcf@gmail.co.

You may also like

Leave a Comment