Home » ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് കയറ്റി അയക്കാനുള്ള മോദി സർക്കാരിന്റെ നിന്ദ്യമായ നീക്കത്തെ ചെറുക്കുക, പരാജയപ്പെടുത്തുക!

ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് കയറ്റി അയക്കാനുള്ള മോദി സർക്കാരിന്റെ നിന്ദ്യമായ നീക്കത്തെ ചെറുക്കുക, പരാജയപ്പെടുത്തുക!

by Jayarajan C N

ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് കയറ്റി അയക്കാനുള്ള മോദി സർക്കാരിന്റെ നിന്ദ്യമായ നീക്കത്തെ ചെറുക്കുക, പരാജയപ്പെടുത്തുക!

സിപിഐ (എംഎൽ) റെഡ് സ്റ്റാർ

ഗസ്സയിലും മറ്റ് ഫലസ്തീൻ പ്രദേശങ്ങളിലും സയണിസ്റ്റ് ഭീകരത തീവ്രതരമായിരിക്കുന്നു. അഭൂതപൂർവ്വമായ വംശീയ ഉന്മൂലനം നടന്നുകൊണ്ടിരിക്കുന്നു.
ആയിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾ ഉന്മൂലനം ചെയ്യപ്പെടുകയൊ അല്ലെങ്കിൽ തടവിലാക്കപ്പെടുകയൊ ബാക്കിയുള്ളവർ അധിനിവേശ പ്രദേശങ്ങളിൽ നിന്ന് പുറത്തുപോകാൻ നിർബന്ധിതരാകുകയും ചെയ്യുന്നതിനാൽ, ഇസ്രായേൽ നിർമ്മാണ, പരിചരണ മേഖലകളിലേക്ക് ഇന്ത്യൻ തൊഴിലാളികളെ കയറ്റിവിടാനുള്ള ദീർഘകാല പദ്ധതിയിലാണ് മോദി ഭരണകൂടം ഏർപ്പെട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

ഇന്ത്യയിൽ ഫാസിസ്റ്റ് ഭരണകൂടം അധികാരത്തിലേറിയതിന് ശേഷം, കാവി-സയണിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ടിന്റെ ഭാഗമായി, 2023 മെയ് മുതൽ നിലവിലുള്ള, ഏകദേശം 42,000 ഇന്ത്യൻ തൊഴിലാളികളെ ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുന്നതിനുള്ള ധാരണയുടെ തുടർച്ചയാണ് ഇത്. ഫലസ്തീനി തൊഴിലാളികൾക്ക് പകരം “തൊഴിലില്ലായ്മയുടെ തരിശുഭൂമി” ആയും “ആഗോള ദാരിദ്ര്യത്തിന്റെ കോട്ട”യായും പരിവർത്തനം ചെയ്യപ്പെട്ട ഇന്ത്യയിലെ, ഏറ്റവും കുറഞ്ഞ കൂലിക്ക് പോലും പണിയെടുക്കാൻ തയാറാവുന്ന ദയനീയമായ അവസ്ഥയിലുള്ള ഇന്ത്യൻ തൊഴിലാളികളെ നിയമിക്കാനുള്ള ഇസ്രായേലിന്റെ മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ബി.ജെ.പി ഭരണത്തിൻ കീഴിലുള്ള ഇന്ത്യയുടെ “അത്ഭുതകരമായ സാമ്പത്തിക വളർച്ചയെ” കുറിച്ചുള്ള ഗോഡി-മീഡിയയുടെ പ്രചാരണ വിക്രിയയുടെ ഫലമായി ഇതൊക്കെയും മറച്ചുവെക്കപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. സയണിസ്റ്റ് ഭരണകൂടവുമായുള്ള ധാരണ പ്രകാരം ഇതുവരെ കയറ്റി അയക്കപ്പെട്ട തൊഴിലാളികളുടെ എണ്ണത്തെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ഇതുവരെയും ലഭ്യമല്ല താനും.

ഇപ്പോൾ, ഗസ്സയിൽ നടത്തുന്ന സയണിസ്റ്റ് ഉന്മൂലനം തീവ്രമാകുമ്പോൾ, ഇസ്രായേലി ബിൽഡേഴ്‌സ് അസോസിയേഷന് തൊഴിലാളികളുടെ ആവശ്യമുണ്ട് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ രാജ്യങ്ങൾ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച്, സയണിസ്റ്റുകളുമായുള്ള ബന്ധം വിച്ഛേദിച്ചു. അവിടെ അഭിവൃദ്ധി പ്രാപിക്കുന്ന നിർമ്മാണ മേഖലയിലേക്ക് ഇന്ത്യൻ തൊഴിലാളികളെ കയറ്റി അയക്കുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്മേൽ സമ്മർദ്ദം ചെലുത്തുന്നതായും റിപ്പോർട്ടുകളുണ്ട്. 1.3 ലക്ഷം ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി ഒരു ലക്ഷം ഇന്ത്യൻ തൊഴിലാളികളെയെങ്കിലും എത്രയും വേഗം നിയമിക്കാനാണ് നീക്കം.

രാജ്യത്ത് നിലവിലുള്ള 44 തൊഴിൽ നിയമങ്ങൾക്ക് പകരം 4 ലേബർ കോഡുകൾ കൊണ്ടുവന്ന് ഇന്ത്യൻ തൊഴിലാളികളെ അടിമകളാക്കി മാറ്റിക്കൊണ്ട് കോർപ്പറേറ്റ് ചങ്ങാതിമാരെ സേവിക്കാൻ ശ്രമിക്കുന്ന തീവ്രവലതുപക്ഷ മോദി ഭരണത്തിന് ഇന്ത്യൻ തൊഴിലാളികളെ സയണിസ്റ്റുകളുടെ “പീരങ്കികളിലെ തീയുണ്ടകളെന്ന” പോലെ (ഫലസ്തീനി തൊഴിലാളികളെ അവരുടെ തൊഴിലിടങ്ങളിൽ നിന്ന് തുടച്ചുനീക്കുന്നതിനുള്ള ഉപകരണമെന്ന നിലയിൽ), അയക്കുന്നതിൽ യാതൊരു മടിയുമില്ല. ഈ നിന്ദ്യമായ നീക്കം, 16-ആം നൂറ്റാണ്ടിന്റെ മധ്യത്തിനും 19-ആം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിൽ അഭിവൃദ്ധി പ്രാപിച്ച ഭീകരമായ കൊളോണിയൽ ട്രാൻസ്അറ്റ്ലാന്റിക് അടിമക്കച്ചവടത്തെയും കവച്ച് വെക്കുന്ന ഒന്നാണ്. ദശലക്ഷക്കണക്കിന് ആഫ്രിക്കൻ അടിമകളെ അമേരിക്കൻ തോട്ടങ്ങളിലും വ്യവസായങ്ങളിലും അടിമ തൊഴിലാളികളായി പണിയെടുപ്പിച്ചു. അടിമപ്പണി ചെയ്യാൻ നിർബന്ധിക്കപ്പെട്ട ഓരോ തൊഴിലാളിയും അടിമ ജോലി തുടങ്ങിയ സമയം മുതൽ പിന്നീട് കേവലം 7 വർഷം മാത്രമെ ജീവിച്ചിരുന്നുള്ളൂ. ഇപ്പോൾ, സയണിസ്റ്റ് ഭരണകൂടം ഇന്ത്യൻ തൊഴിലാളികളെ “അധിനിവേശ പ്രദേശങ്ങളിൽ” പണിയെടുപ്പിച്ചാൽ, അത് അന്താരാഷ്ട്ര നിയമത്തിന്റെ വ്യക്തമായ ലംഘനമായിരിക്കും.

ഭയാനകമായ സയണിസ്റ്റ് ഭീകരതയ്ക്ക് വിധേയരായ ഫലസ്തീനികൾക്കെതിരെ സയണിസ്റ്റ്-സാമ്രാജ്യത്വ അവിശുദ്ധ കൂട്ടുകെട്ടുമായി മോഡി ഭരണം ഇപ്പോൾ തന്നെ തയാറായിക്കഴിഞ്ഞു. സയണിസ്റ്റുകൾ ആഗ്രഹിക്കുന്ന വിധത്തിൽ ഇന്ത്യൻ തൊഴിലാളികളെ കയറ്റി വിടാനുള്ള നീക്കം ഈ അവിശുദ്ധ ബാന്ധവത്തിൽ നിന്നും ഒഴിവാക്കാനാവില്ലെന്ന് റിപ്പോർട്ടുണ്ട്.
ഈ നിന്ദ്യമായ നീക്കത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. കേന്ദ്ര സർക്കാറിന്റെ ഭാഗത്തുനിന്നുള്ള ഈ ഹീനമായ നവ-ഫാസിസ്റ്റ് നീക്കത്തെ ചെറുത്തു തോൽപ്പിക്കുന്നതിനായ് മുന്നിട്ടിറങ്ങാൻ എല്ലാ പുരോഗമന-ജനാധിപത്യ ശക്തികളോടും ഇന്ത്യൻ തൊഴിലാളിവർഗത്തോടും എല്ലാ അടിച്ചമർത്തപ്പെട്ടവരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

പി.ജെ. ജയിംസ്
ജനറൽ സെക്രട്ടറി
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

ന്യൂ ഡെൽഹി
12th നവമ്പർ  2023

You may also like

Leave a Comment