Home » ആദിവാസികളെ പ്രദർശനവസ്തുക്കളാക്കിയ കേരളീയം വേദിയിലെ ലിവിംഗ് മ്യൂസിയം പൊളിച്ചു നീക്കണം : ജാതി ഉൻമൂലന പ്രസ്ഥാനം.

ആദിവാസികളെ പ്രദർശനവസ്തുക്കളാക്കിയ കേരളീയം വേദിയിലെ ലിവിംഗ് മ്യൂസിയം പൊളിച്ചു നീക്കണം : ജാതി ഉൻമൂലന പ്രസ്ഥാനം.

by Jayarajan C N

ആദിവാസികളെ പ്രദർശനവസ്തുക്കളാക്കിയ കേരളീയം വേദിയിലെ ലിവിംഗ് മ്യൂസിയം പൊളിച്ചു നീക്കണം : ജാതി ഉൻമൂലന പ്രസ്ഥാനം.

കേരളീയത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ സാംസ്‌കാരിക സ്ഥാപനമായ കേരള ഫോക്‌ലോർ അക്കാദമിയുടെ നേതൃത്വത്തിൽ കനകക്കുന്ന് കൊട്ടാരത്തിന് ചുറ്റും കൃത്രിമ കാട് സൃഷ്ടിച്ച് അഞ്ചു കുടിലുകളിലായി കാണി, മന്നാൻ, ഊരാളികൾ, മാവിലർ, പളിയർ,എന്നീ അഞ്ച് ആദിവാസി വിഭാഗങ്ങളിൽ പെട്ട മനുഷ്യരെയാണ് പ്രദർശിപ്പിക്കുന്നത്. ഗോത്രവിഭാഗങ്ങളുടെ തനതു ജീവിതശൈലിയും ആവാസവ്യവസ്ഥയും പുനരാവിഷ്‌കരിക്കുന്നു എന്ന പേരിൽ ബാംബൂസ് ബോയ്സ് എന്ന ചലചിത്രത്തിലെന്ന പോലെ വേഷം കെട്ടിച്ച് ആദിവാസികളെ പ്രദർശിപ്പിക്കുന്നത് ഹീനവും ജനാധിപത്യവിരുദ്ധവും മനുഷ്യത്വത്തിന് നിരക്കാത്തതുമാണ്..
ഇവിടം സന്ദർശിച്ച് ആദിവാസികൾക്കൊപ്പം ഫോട്ടോ എടുത്തു മടങ്ങുന്നവർക്കോ ഇതു തയ്യാറാക്കിയ സർക്കാരിനോ, ഉദ്യോഗസ്ഥർക്കോ, മുഖ്യധാരാ മാധ്യമങ്ങൾക്കോ ഇതിലെ മനുഷ്യവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ആദിവാസി വിരുദ്ധതയും തിരിച്ചറിയാൻ കഴിയാതെ തീർത്തും സ്വാഭാവികമായി കാണുന്നത്
കേരളത്തിൽ നിലനിൽക്കുന്ന ജാതിവ്യവസ്ഥയുടെ സവിശേഷത മൂലമാണ്.

മനുഷ്യ പ്രദർശനത്തിനെതിരെ വിമർശനങ്ങൾ ഉയർന്നപ്പോൾ അധികാരികൾ പറയുന്നത് പഴയ ജീവിത രീതികളും സംസ്കാരവും കലാവിഷ്കാരങ്ങളും പുതിയ തലമുറയെ പരിചയപ്പെടുത്താനും സംരക്ഷിക്കാനുമാണ് ലിവിംഗ് മ്യൂസിയം എന്നാണ്.
എങ്കിൽ എന്തു കൊണ്ടാണ് മറ്റു ജനവിഭാഗങ്ങളെ അവരുടെ ചരിത്രവും സംസ്കാരവും പാരമ്പര്യ രീതികളും മുൻ കാല വേഷവിധാനങ്ങളുമായി ലിവിംഗ് മ്യൂസിയത്തിൽ അവതരിപ്പിക്കാത്തത് ?

യഥാർത്ഥത്തിൽ ആദിവാസികൾ പ്രദർശന വസ്തുക്കളാവുകയല്ലാ ; അവരുടെ പരമ്പരാഗത അനുഷ്ഠാന കലകളാണ് പ്രദർശിക്കപ്പെടുന്നതെന്നു പറയുമ്പോഴും കാണി വിഭാഗം ആദിവാസികളോട് ഫോക്ക്‌ലോർ അക്കാദമി പറഞ്ഞിരിക്കുന്നത് കഞ്ഞി തുടർച്ചയായി വയ്ക്കാനും നെല്ല് തുടർച്ചയായി കുത്താനുമാണ്.
ആദിവാസി ജനതയുടെ കലാവിഷ്കാരങ്ങളെന്ന മട്ടിൽ ആദിവാസികളായ മനുഷ്യരെത്തന്നെ കാഴ്ച വസ്തുക്കളാക്കുന്ന ലിവിംഗ് മ്യൂസിയം പൊളിച്ചു മാറ്റാനും ഈ ഹീനമായ വംശീയ വിവേചനം സർക്കാർ പരിപാടിയിൽ നടപ്പാക്കപ്പെട്ടതിന് പൊതു സമൂഹത്തോട് മാപ്പു പറയാനും സർക്കാർ തയ്യാറാകണമെന്ന് ആവശ്യപ്പെടുന്നു

സംസ്ഥാന ഏകോപന സമിതി.
ജാതി ഉന്മൂലന പ്രസ്ഥാനം.
06/11/23

You may also like

Leave a Comment