നായകന്മാരല്ല ചരിത്രം സൃഷ്ടിച്ചത്
പി.എൻ ഗോപീകൃഷ്ണൻ
കോഴിക്കോട്: – ലോകത്ത് ഒരിടത്തും നായകന്മാർ ചരിത്രം സൃഷ്ടിച്ചിട്ടില്ല എന്നും എന്നാൽ നായകർക്ക് പിറകെ സഞ്ചരിക്കുന്ന വ്യവസ്ഥാപിത സാംസ്കാരിക മൂല്യബോധത്തെ പ്രഹരിച്ച് മുന്നേറാനുള്ള സാംസ്കാരിക ബദൽ രൂപപ്പെടുത്തുക എന്ന വെല്ലുവിളിയാണ് കൾച്ചറൽ ഫോറം പോലുള്ള സംഘടനകൾ ഏറ്റെടുക്കുന്നത്. ഈ അർത്ഥത്തിൽ മധുമാസ്റ്ററെപ്പോലുള്ള ഒരു നാടക പ്രതിഭയെയും ആ ഒരു ചരിത്രത്തേ ഓർമ്മിക്കുകയാണ് നാം.
മിലൻ കുന്തേര പറഞ്ഞത് പോലെ മറവികൾക്കെതിരായ ഓർമ്മയുടെ കലാപമാണ് ഇനിയും നടക്കേണ്ടത്.
കൾച്ചറൽ ഫോറം കേരള പ്രഥമ മധു മാസ്റ്റർ അവാർഡ് കെ.വാസുദേവന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം . പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
തങ്ങളെ തോല്പിച്ചാൽ ജനങ്ങളെ തന്നെ പിരിച്ചുവിടാൻ കെല്പുള്ള ഭരണകൂടത്തിന് കീഴിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. ഭരണകൂടം എന്തു ചെയ്താലും ഒരു പ്രശ്നവുമില്ലാത്ത ജനതയായി നാംമാറിയിരിക്കുന്നു എന്നതാണ് മണിപ്പൂർ സംഭവത്തെ തുടർന്നുള്ള നിസ്സംഗത തെളിയിക്കുന്നത്.
പ്രത്യയശാസ്ത്ര പരമായി വ്യക്തതയോടെ പ്രവർത്തിക്കുന്ന ഭരണകൂടവും പ്രതിരോധിക്കാൻ എന്തു ചെയ്യണമെന്ന് ഒരു വ്യക്തതയുമില്ലാത്ത ചിതറിയ ജനതയുമാണ് ഇന്നത്തെ അവസ്ഥ.
അധികാരം മനുഷ്യരെ കൃമികളായി കാണു മ്പോൾ അതല്ലെന്ന് കാട്ടിക്കൊടുക്കാൻ ജീവിതം മുഴുവൻ ആധിപിടിച്ച് നടന്നവരാണ് മധുമാഷെ പോലുള്ള സാംസ്കാരിക പ്രവർത്തകരെന്നും അദ്ദേഹത്തിൻ്റെ പേരിലുള്ള അവാർഡ് വാസുദേവന് നല്കുമ്പോൾ മധു മാഷും അദ്ദേഹത്തിൻ്റെ കാലവും ആദരിക്കപ്പെടുകയാണ് എന്നും ഗോപീകൃഷ്ണൻ പറഞ്ഞു.
ജൂറി ചെയർമാൻ പ്രേം ചന്ദ്, സുലോചന വയനാട്, ദീദി, കബനി, പി.എൻ പ്രോവിൻ്റ് ആസാദ്, സുനിൽ അശോകപുരം, നവീൻ രാജ്, ഷജിൽ കുമാർ ,കെ .എൻ അജോയ് കുമാർ വി.എ ബാലകൃഷ്ണൻ ,മണികണ്ഠൻ മൂക്കുതല എന്നിവർ സംസാരിച്ചു. വേണുഗോപാലൻ കുനിയിൽ സ്വാഗതവും പ്രൊ.. എൻ.സി ഹരിദാസ് അധ്യക്ഷതവഹിച്ചു .വാസുദേവൻ മറുപടി പ്രസംഗം നടത്തി.
തുടർന്ന് ബാംസുരി സംഗീതവും ,ബുഹോ പാടുന്നു മ്യൂസിക്കൽ പെർക്കഷൻ ,മാർത്താണ്ഡൻ്റെ സ്വപ്നങ്ങൾ, ദാഹം എന്നീ നാടകങ്ങളും അരങ്ങേറി.