Home » യോഗയെ കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നു….

യോഗയെ കുറിച്ച് പ്രമോദ് പുഴങ്കര എഴുതുന്നു….

by Jayarajan C N

എന്തുകൊണ്ടാണ് യോഗ ഇന്ത്യയിലിപ്പോൾ ഒരു സർക്കാർ പ്രായോജിത പരിപാടി കൂടിയാകുന്നത് എന്ന കാര്യത്തിൽ വലിയ ഉപന്യാസത്തിന്റെയൊന്നും ആവശ്യമില്ല. ഹിന്ദുത്വ രാഷ്ട്രീയം ഉണ്ടാക്കിയെടുക്കുന്ന ഫാഷിസ്റ്റ് സമൂഹത്തിന്റെ അടിസ്ഥാന ഘടനകളിലേക്ക് കൂട്ടിവെച്ചുകൊണ്ടാണ് മോദി സർക്കാർ യോഗയെ ഒരു പ്രചാരണായുധമാക്കി മാറ്റിയത്. സാമാന്യമായ ഒരു വ്യായാമമുറ എന്നതിൽക്കവിഞ്ഞു പ്രത്യേകിച്ചൊരു വിശേഷവും അതിനില്ല താനും. വേണ്ടവർക്കാവാം, അല്ലെങ്കിൽ വേണ്ട. യോഗ അഭ്യസിച്ചാൽ മനസ് നന്നാകുമെന്നൊക്കെയാണെങ്കിൽ അതിന്റെ പൊള്ളത്തരം മുഴുവൻ മനസിലാക്കാൻ ചുറ്റുവട്ടത്തുള്ള യോഗക്കാരിൽ നിന്നും ചെറിയൊരു മാതൃക തപ്പിയാൽ മതിയാകും. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജീർണ്ണതകളും ഹിന്ദു ജാതിവ്യവസ്ഥയുടെ കുടിലഭാണ്ഡങ്ങളുമൊക്കെ പേറുന്നവരാണ് പലരും.

എന്തായാലും, രാജ്യത്തെ തങ്ങളുടെ രാഷ്ട്രീയമൂശയിൽ വാർത്തെടുക്കുമ്പോൾ അതിനാവശ്യമായ മിത്തുകളും ബിംബങ്ങളും സാംസ്കാരിക നിർമ്മിതികളുമൊക്കെ ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഉണ്ടാക്കിയെടുക്കും. അത് ശ്രീരാമൻ മാത്രമല്ല യോഗയും കൂടിയാണെന്ന് തിരിച്ചറിയാൻ സാമാന്യമായ ചരിത്രജ്ഞാനവും അല്പം ജനാധിപത്യ, മതേതര രാഷ്ട്രീയവും മതി. എന്നാൽ സംഘപരിവാർ യോഗയെ തങ്ങളുടെ രാഷ്ട്രീയ പ്രത്യയശാസ്ത്ര അജണ്ടയുടെ ഭാഗമായി കേന്ദ്ര സർക്കാർ വഴി അടിച്ചേൽപ്പിക്കുമ്പോൾ കേരളത്തിൽ ആരോഗ്യവകുപ്പ് അത്യുത്സാഹത്തോടെ ആയിരം യോഗ ക്ലബ്ബ്കളും 590 വനിത യോഗ ക്ലബ്ബ്കളുമൊക്കെ തുടങ്ങുന്നത് ആരെയാണ് സഹായിക്കുക എന്നതിൽ സംശയമൊന്നുമില്ല.

രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കുന്ന ഈ പരിപാടികളൊക്കെ നമ്മുടെ സമൂഹത്തിലേക്ക് ഹിന്ദുത്വ രാഷ്ട്രീയത്തെ സ്വാഭാവികവത്ക്കരിക്കുക എന്ന അജണ്ട മാത്രമാണ് നിവർത്തിച്ചുകൊടുക്കുന്നത്.

 

യോഗയെക്കുറിച്ചും അതിന്റെ പുനരുത്ഥാന അജണ്ടയെക്കുറിച്ചും കെ ഇ എൻ കുഞ്ഞഹമ്മദ് ഇ എം എസ് സ്മൃതി സെമിനാറിൽ പറഞ്ഞത് പോലെ യോഗ അതിന്റെ എല്ലാ അത്ഭുതങ്ങളിൽ നിന്നും പൊളിഞ്ഞുവീണ് കാലങ്ങൾ കഴിഞ്ഞിട്ടും ഇപ്പോൾ സാർവ്വദേശീയ യോഗാദിനം ആഘോഷിക്കപ്പെടുന്നത് ജനാധിപത്യത്തിന്റെ വിജയമല്ല, ജാതി മേൽക്കോയ്മയുടെ വിജയമാണ്.

എന്നാൽ ഇതിന് നേരെ വിപരീതമാണ് കേരള സർക്കാരിന്റെ ആരോഗ്യവകുപ്പ് നടത്തുന്നത്. അതായത് ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഏറ്റവും പ്രകടമായ രാഷ്ട്രീയപ്രയോഗത്തെപ്പോലും പ്രതിരോധിക്കാൻ തയ്യാറാകാതെ അതിനെ കൊട്ടിഘോഷിക്കുന്നത് ഏതുതരത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധരാഷ്ട്രീയത്തെയാണ് വളർത്തുക?

ക്യൂബയിലെ ആരോഗ്യമേഖല സന്ദർശിച്ചതിന് തൊട്ടുപിന്നാലെ സർവ്വാരോഗ്യദായകമായ ആയിരത്തഞ്ഞൂറു യോഗ ക്ലബ്ബ്‌കൾ തുടങ്ങുന്ന സർക്കാരും ആരോഗ്യമന്ത്രിയൊക്കെ പൂതലിച്ചു കെട്ടുപോയ രാഷ്ട്രീയശൂന്യതയുടെ ആഘോഷസമിതിയാണ്. ഏതുതരം സമഗ്രാധിപത്യ രാഷ്ട്രീയവും സ്വാഭാവികമായി പാകമാകുന്ന തരം ആസനങ്ങൾ നിരവധിയാണ്. പൊതുസമൂഹവും അതിലേക്ക് പാകമാകുന്നതോടെ മോദി തന്നെ വേണമെന്നില്ല കസർത്ത് കാണിക്കാൻ. അതിനുള്ളിൽ കയറുന്ന ആർക്കും മോദിയുടെ പതിപ്പുകളാകാം. ഹിന്ദുത്വ രാഷ്ട്രീയ പ്രത്യയശാസ്ത്രം തെരഞ്ഞെടുപ്പിലൂടെ മാത്രമല്ല വേരുറപ്പിക്കുന്നത് എന്നതിന് ആർ എസ് എസ് എന്ന ഹിന്ദുത്വ രാഷ്ട്രീയ സംഘടനയുടെ ഒരു നൂറ്റാണ്ടോളമാകുന്ന ചരിത്രം അലറിവിളിക്കുന്ന തെളിവുകൾ തരും. ആയിരത്തിലേറെ യോഗ ക്ലബ്ബകൾ തുടങ്ങാനുള്ള തീരുമാനവുമായി കണ്ണടച്ചു ചമ്രം പടിഞ്ഞിരിക്കുന്ന ഇടതുപക്ഷ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി അതിലെ വളരെ ചെറിയൊരു ചിത്രമാണ്. ഇടതുപക്ഷ രാഷ്ട്രീയത്തിനും കേരളത്തിനും അതൊട്ടും ചെറിയ സൂചനയല്ല.

പ്രമോദ്‌ പുഴങ്കര

You may also like

Leave a Comment