Home » വിഴിഞ്ഞം സമരത്തിന്റെ പാഠങ്ങൾ . സി പി ഐ (എംഎൽ) റെഡ്സ്റ്റാർ സസ്ഥാന കമ്മിറ്റി

വിഴിഞ്ഞം സമരത്തിന്റെ പാഠങ്ങൾ . സി പി ഐ (എംഎൽ) റെഡ്സ്റ്റാർ സസ്ഥാന കമ്മിറ്റി

by Jayarajan C N

140 ദിവസം നീണ്ടു നിന്ന വിഴിഞ്ഞം മത്സ്യ തൊഴിലാളി സമരം മന്ത്രിസഭാ ഉപസമിതിയുമായി സമരസമിതി നേതാക്കൾ നടത്തിയ ചർച്ചയെ തുടർന്നു പിൻവിലിച്ചിരിക്കയാണ്.

സമരത്തിന് ആധാരമായി ഉന്നയിക്കപ്പെട്ട വിഷയങ്ങളൊന്നും കാര്യമായി പരിഹരിക്കപ്പെടാതെ സമരം പിൻവലിക്കേണ്ടി വന്നത് സമരം ചെയ്ത തൊഴിലാളികളിലും സമരത്തെ പിന്തുണക്കുന്നവരിലും അസംതൃപ്തി ഉളവാക്കിയിട്ടുണ്ട്.

വിഴിഞ്ഞം സമരവും അത് ഉന്നയിക്കുന്ന ഗൗരവമായ ചില രാഷ്ട്രീയ പ്രശ്നങ്ങളും തീർച്ചയായും കേരളം ചർച്ച ചെയ്യേണ്ടതുണ്ട്.

വിഴിഞ്ഞം പദ്ധതി ആരംഭിച്ചപ്പോൾ തുടങ്ങിയ തീര ശേഷണവും കടൽ ക്ഷോഭവും
ജൂൺ ജൂലായി മാസങ്ങളിലെ മൺസൂൺ സമയത്ത് ഉച്ചസ്ഥായിയിലെത്തുകയും മത്സ്യ തൊഴിലാളികളുടെ നിരവധി വീടുകളും ജീവനോപാധികളും കടലെടുത്തതോടു കുടിയാണ് വലിയ രൂപത്തിലുള പ്രതിഷേധത്തിലേക്ക് മത്സ്യ തൊഴിലാളികൾ ഒന്നിച്ച് ഇളകിയത്.

പതിനായിരക്കണക്കിന് മത്സ്യ തൊഴിലാളി കുടുംബങ്ങളെ പ്രതികൂലമായി ബാധിക്കുന്ന, അവരുടെ ജീവിതം തന്നെ കടലെടുത്തു പോകുന്ന ജനവിരുദ്ധമായ ഒരു വികസന നയത്തിനെതിരെയാണ് മത്സ്യ തൊഴിലാളികൾ കഴിഞ്ഞ 140 ദിവസ ങ്ങളായി സമരം നയിച്ചിരുന്നത്.

സാമ്പത്തികവും, പാരിസ്ഥിതികവും സാമൂഹികവുമായ ഒരു വൻ തകർച്ചയിലേക്ക് നമ്മുടെ സംസ്ഥാനത്തെ വലിച്ചെറിയുന്ന ഒരു പദ്ധതിയാണ് വിഴിഞ്ഞം പദ്ധതിയെന്ന് ചിന്താശേഷിയുള്ള എല്ലാവരും തുടക്കം മുതലേ അംഗീകരിച്ചതാണ്. എന്നിട്ടും
കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുമെന്നും വികസന രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാക്കുമെന്നു പ്രചണ്ഡമായ പ്രാചാരണം നടത്തി കൊണ്ടാണ് ഈ ജനവിരുദ്ധ പദ്ധതി സ്ഥാപിച്ചെടുക്കാൻ ഭരണ പ്രതിപക്ഷ കക്ഷികളും അവരുടെ എറാൻ മൂളികളും ലജ്ജാകരമായ ഈ കോർപ്പറേറ്റ് ദാസ്യവേലക്ക് മുതിർന്നതു്.
നമ്മുടെ പൊതുഖജനാവിനും ടൂറിസം, മത്സ്യബന്ധന, സംസ്കാരണം തുടങ്ങിയ വ്യവസായ മേഖലയിലും പ്രത്യാഘാതം സൃഷ്ടിക്കുന്ന ഒന്നാണ് വിഴിഞ്ഞം പദ്ധതിയെന്ന് ഞങ്ങൾ തന്നെ പല തവണ ചൂണ്ടികാണിച്ചിട്ടുള്ളതാണ്.

കേരളത്തിന്റെ വിലപ്പെട്ട സമ്പത്ത് അദാനിക്ക് അടിയറ വെച്ചു കൊണ്ടുള്ള കരാറാണ് UDF സർക്കാർ ഒപ്പുവെച്ചത് . അതിലെ അഴിമതി പ്രതിപക്ഷത്തായിരുന്ന LDF ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും പിറണായി സർക്കാർ അധികാരത്തിൽ വന്നതോടെ അദാനിയുടെ നടത്തിപ്പുകാരായി മാറി.

കോർപ്പറേറ്റ് ഭീമന്മാരെ സേവിക്കുന്ന വികസന കാഴ്ചപ്പാടിൽ എല്ലാ ജനവിരുദ്ധ ശക്തികളും ഒത്തൊരുമിച്ചു. കോർപ്പറേറ്റ് മാധ്യമ ശൃംഖലയെ ഒന്നാകെ സമരത്തിനെതിരെ തിരിച്ചു വിടുന്നതിൽ സർക്കാരും അദാനിയും വിജയിച്ചു.

പദ്ധതിയുടെ പ്രത്യാഘാതം നേരിട്ടനുഭവിച്ച വിഴിഞ്ഞത്തെ മത്സ്യ തൊഴിലാളികളുടെ ശക്തമായ സമ്മർദ്ദത്തിലാണു ലത്തിൻ കത്തോലിക്ക സഭ സമര നേതൃത്വമേറ്റെടുത്തു കൊണ്ട് മുന്നോട്ട്‌വരുന്നത്.
സഭാ നേതൃത്തിൽ പോർട്ട് ഓഫീസ് പരിസരത്ത് സമര പന്തൽ ഉയർന്നപ്പോൾ തന്നെ
മത്സ്യത്തൊഴിലാളിപ്രശ്നത്തെ സമുദായവത്കരി ച്ച് കേവലമൊരു ലത്തീന്‍ കത്തോലിക്ക പ്രശ്നമായി അവതരിപ്പിക്കുന്നതിൽ സഭാ നേതൃത്വവും ,സാമുദായിക പ്രശ്നമാക്കിമാറ്റിയാല്‍ സമരത്തെ ഒറ്റപ്പെടുത്താനും അടിച്ചമർത്താനും എളുപ്പമാണെന്നറിയാവുന്ന അദാനിയും സര്‍ക്കാരും പ്രക്ഷോഭത്തെ വിഭാഗീയമായി പ്രചരിപ്പിക്കുന്നതിനും നേതൃത്വം കൊടുത്തു. സി പി എം ഉം ബി.ജെ.പി, ആർ എസ്സ് എസ്സും അദാനിക്ക് വേണ്ടി ശക്തമായ നീക്കങ്ങൾ നടത്തി.
സമരത്തിന്  പൊതു സമൂഹത്തിൽ നിന്ന് സ്വീകാര്യത ഉണ്ടായിത്തുടങ്ങിയപ്പോൾ തീവ്രവാദ ബന്ധം എന്ന ആരോപണവുമായി സർക്കാർ രംഗത്ത് വന്നു.
സമാധാനപരമായി മുന്നോട്ട് പോയ സമരം 130 ദിവസം പിന്നിട്ടപ്പോൾ അദാനിക്ക്‌ വേണ്ടി സർക്കാരും സി പി എം – ആർ.എസ്.എസ് ശക്തികളും പരസ്യമായി പ്രകോപനങ്ങൾ സൃഷ്ടിച്ചു കൊണ്ട് ബദൽ സമര പന്തലുകൾ ഉയർത്തിയും വർഗ്ഗീയ ചേരിതിരിവ് മൂർച്ഛിപ്പിച്ചും ഒറ്റപ്പെടുത്താൻ ശ്രമിച്ചു. പ്രകോപിതരായ തൊഴിലാളികൾ പ്രതിരോധത്തിന് ശ്രമിച്ചപ്പോൾ അത് നേതാക്കളുടെ കൂട്ട അറസ്റ്റിലേക്കും വലിയ സംഘർഷങ്ങളിലേക്കും കലാപാന്തരീക്ഷത്തിലേക്കും നയിച്ചു. സമര നേതൃത്വത്തെ ഭീഷണിയിലൂടെയും സമ്മർദ്ദത്തിലൂടെയും കീഴ്പ്പെടുത്താനുള്ള നീക്കങ്ങൾക്ക് ഈ സംഭവങ്ങൾ ശക്തി പകർന്നു. സഭാ നേതൃത്വങ്ങളെ സമ്മർദ്ദിലാക്കി സമരം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾ വിജയം കണ്ടു തുടങ്ങി.

ജനാധിപത്യപരമായി സമരം ചെയ്തിരുന്ന വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളെ ഒരു കലാപാന്തരീക്ഷത്തിലേക്ക് നയിച്ച് സമരത്തെ നിര്‍ബന്ധിത പിന്‍വാങ്ങലിലേക്ക് എത്തിക്കുന്നതിനായി സംഘപരിവാര്‍ ശക്തികളും ഭരണകൂടവും നടത്തിയ ഒത്തുകളിയാണ് ഇപ്പോൾ വിജയം കണ്ടത്.

എന്നാൽ സമരസമിതി നടത്തിയ സമരത്തിന്റെ ഒരു ഘട്ടം മാത്രമാണ് പിൻവലിക്കപ്പെട്ടിരിക്കുന്നത്.
വിഴിഞ്ഞം പദ്ധതി സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ പണി പുരോഗമിക്കുന്ന ക്രമത്തിൽ കൂടി വരുമെന്നതിനാൽ പദ്ധതി ഉപേക്ഷിക്കപ്പെടാതെ തൊഴിലാളികൾക്കും സംസ്ഥാനത്തിനും മുന്നിൽ മറ്റു മാർഗ്ഗങ്ങളില്ല.

കേന്ദ്ര-സംസ്ഥാന സർക്കാരുകളെയും ഭരണ – പ്രതിപക്ഷ പാർട്ടികളെയും പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന മാധ്യമങ്ങളെയും കങ്കാണി ട്രേഡ് യൂണിയൻ നേതൃത്വങ്ങളെയും ഉപയോഗിച്ച് വികസനമെന്ന പേരിൽ കോർപ്പറേറ്റുകൾ നടത്തുന്ന പൊതു വിഭവ കൊള്ളയുടെ ഏറ്റവും തീവ്ര മുഖമായി വെളിപ്പെട്ടു കഴിഞ്ഞ ഈ വിനാശ പദ്ധതിയെ അവസാനിപ്പിക്കാനുള്ള ഉത്തരവാദിത്തം മത്സ്യത്തൊഴിലാളികളുടേതു മാത്രമല്ലന്ന് തിരിച്ചറിയുകയും ശക്തമായ പ്രക്ഷോഭങ്ങളിലൂടെ അദാനിയെ കെട്ടുകെട്ടിക്കാൻ മുന്നിട്ടിറങ്ങുകയുമാണ് ജനാധിപത്യ ശക്തികളുടെ കടമ..

കേരള സംസ്ഥാനകമ്മിറ്റി ,
CPIML RED STAR

You may also like

Leave a Comment