Home » നവംബർ 15 അട്ടപ്പാടി മാർച്ച്: ആദിവാസി ഭൂമിയിലെ എല്ലാ കടന്നുകയറ്റങ്ങളയും ചെറുക്കുക – സിപിഐ(എംഎൽ) റെഡ്സ്റ്റാർ

നവംബർ 15 അട്ടപ്പാടി മാർച്ച്: ആദിവാസി ഭൂമിയിലെ എല്ലാ കടന്നുകയറ്റങ്ങളയും ചെറുക്കുക – സിപിഐ(എംഎൽ) റെഡ്സ്റ്റാർ

by Jayarajan C N

അട്ടപ്പാടി : ആദിവാസി ഭൂമിയിലെ എല്ലാ കടന്നുകയറ്റങ്ങളയും ചെറുക്കുക.

നവംബർ 15 അട്ടപ്പാടി മാർച്ച്:
CPIML RED STAR

അട്ടപ്പാടിയിൽ പിടിമുറുക്കി കൊണ്ടിരിക്കുന്ന ഭൂമാഫിയകൾക്കു ഭരണകൂടം നൽകുന്ന സംരക്ഷണമാണ് തുടർച്ചയായി വ്യാജ രേഖകൾ ചമച്ചു കൊണ്ട് ആദിവാസി ഭൂമി തട്ടിയെടുത്തു വിൽപന നടത്തുന്നതിന് ഭൂമാഫിയകൾക്ക് ബലം നൽകുന്നത്.

വ്യാജ രേഖകളുടെ പിൻബലത്തിൽ ആദിവാസി കുടുംബ ഭൂമികൾ കയ്യേറി കൈവശം വെക്കാനുള്ള ഹീനമായ നീക്കമാണ് അട്ടപ്പാടിയിലെങ്ങും ഭീതിയും സംഘർഷവും സൃഷ്ടിച്ചു കൊണ്ട് ഭൂമാഫിയകൾ ചെയ്തു കൊണ്ടിരിക്കുന്നത്.

പോലീസും റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും
ഇതിന് കൂട്ട് നിൽക്കുകയാണ്.

കൊളോണിയൽ കാലം മുതൽ ഭരണകൂടത്തിന്റെ കാർമ്മികത്വത്തിൽ ആരംഭിച്ച ഭൂമി കയ്യേറ്റവും ആവാസ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവും ഇപ്പൊഴും ശക്തമായി തുടരുക തന്നെയാണ്.ആദിവാസി സമൂഹത്തിന്റെ ഭൂമി, ഭരണകൂട നടപടികളിലൂടെയും , കുടിയേറ്റക്കാരാലും, കയ്യേറ്റക്കാരാലും വൻ തോതിൽ അന്യാധീനപ്പെട്ട തോടെ
നഷ്ടപ്പെട്ട ആദിവാസി ഭൂമി വീണ്ടെടുക്കുന്നതിന് ഉള്ള നിയമ നിർമ്മാണങ്ങൾ അഖിലേന്ത്യാ തലത്തിൽ എന്ന പോലെ കേരളത്തിലും നടക്കുകയുണ്ടായി.

1975 ലെ പട്ടികവർഗ്ഗ നിയമം Scheduled Tribes ( Restriction on Transfer of Lands And Restoration of Alienated Lands) ACT,1975 [Kerala] ഇത്തരത്തിലുള്ളതായിരുന്നു.

ഭരണ ഘടനയുടെ സംരക്ഷിത വകുപ്പുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി യെങ്കിലും ഈ നിയമങ്ങൾ നടപ്പിലാക്കി ആദിവാസി ഭൂമി സംരക്ഷിക്കാൻ ആവശ്യമായ ഒരു നടപടികളും അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായില്ല. നിയമം നിർമ്മാണം നടന്ന് പതിനൊന്നു വർഷങ്ങൾ കഴിഞ്ഞിട്ടും നിയമത്തിന് ചട്ടങ്ങൾ പോലും രൂപപ്പെടുത്തിയില്ലന്നു മാത്രമല്ല ഈ നിയമത്തെ ദുർബ്ബലപ്പെടുത്താൻ മുഴുവൻ വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒത്തൊരുമിച്ചു . ആദിവാസി ഭൂമി തട്ടിയെടുത്ത വൻകിട ഭൂമാഫിയകളെയും മത മേധാവിത്വ ശക്തികളെയും സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു നിയമം ഭേദഗതി ചെയ്യാൻ ശ്രമിച്ചിരുന്നത്.1996 ൽ നിയമ ഭേദഗതികൾ കൊണ്ടുവന്നെങ്കിലും പ്രസിഡന്റ് ഒപ്പു വെക്കാൻ തയാറാവാത്തത് കാരണം ഭേദഗതിവരുത്തിയ നിയമം തിരിച്ചയക്കപ്പെട്ടു. 1999 ൽ വീണ്ടും പട്ടിക വർഗ്ഗ ഭൂമി കൈമാറ്റ നിയന്ത്രണവും പുനരവകാശ സ്ഥാപനവും എന്ന ആക്ട് കൊണ്ടുവന്നുകൊണ്ട് 75 ലെ നിയമത്തെ അട്ടിമറിക്കുന്നതിൽ ഭരണവർഗ്ഗ പ്രസ്ഥാനങ്ങൾ വിജയം നേടി.

ആദിവാസി വിഭാഗങ്ങൾക്ക് പരിമിതമായെങ്കിലും കൈവശമുണ്ടായിരുന്ന ഭൂമി വൻ രീതിയിൽ നഷ്ടപ്പെടുന്നത്. 1960 – 80 കാലത്താണ്.

അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഇക്കാലയളവിൽ 10796. 19 ഏക്കർ കൃഷി ഭൂമി അന്യാധീനപ്പെട്ടു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വയനാട് ജില്ലയിയിൽ പിൽക്കാലത്ത ആദിവാസി ഭൂസംരക്ഷണ നിയമമനുസരിച്ച് റജിസ്റ്റർ ചെയ്യപ്പെട്ട കേസ്സുകളിൽ ആദിവാസികൾക്കനുകൂലമായി വിധിയായത് അയ്യായിരത്തിൽ പരം കേസ്സുകളാണ്. ഈ വിധികൾ പോലും നടപ്പിലാക്കപ്പെട്ടില്ല എന്നത് ഭരണകൂടത്തിന്റെ ആദിവാസിവിരുദ്ധ നിലാപാട് തന്നെയാണ് വെളിപ്പെടുത്തുന്നത്.
80 കൾക്ക് ശേഷമാകട്ടെ കോർപ്പറേറ്റ് കമ്പനികളുടെ ഭൂമി കയ്യേറ്റവും ഖനന- ഭൂ മാഫികളുടെ ആക്രമണം ശക്തിപ്പെട്ടു.

ആദിവാസികളെ സമൂഹത്തിന്റെ പിന്നാംപുറങ്ങളിൽ തളച്ചിട്ട് അവരെ അവരുടെ ഭൂമിയിൽ നിന്നും അകറ്റി നിർത്തി വംശഹത്യയിലേക്ക് വലിച്ചെറിയുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നത് സർക്കാർ നടപടികൾ തന്നെയാണ്.

ആദിവാസികളുടെ പട്ടയഭൂമി ഉൾപ്പെടെ ചേർത്തുകൊണ്ട് രൂപം കൊണ്ട അട്ടപ്പാടി കോപ്പറേറ്റീവ് ഫാമി ങ്ങ് സൊസൈറ്റി (ACFS ) യുടെ 2700 ഏക്കർ ഭൂമി സ്വകാര്യ കുത്തകക്ക് തീറെഴുതാൻ ഭരണാധികാരികൾ എന്തു വ്യഗ്രതയാണു കാട്ടിയത്.

ആദിവാസികൾക്ക് പട്ടയം നല്കി, ഭൂപണയ ബാങ്കിൽ നിന്നും വായ്പയെടുത്ത് ഏലം കുരുമുളക് കാപ്പി തുടങ്ങിയ നാണ്യവിളകൾ കൃഷി ചെയതു വരുന്ന 420 കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള 2700 ഏക്ര ഭൂമി ACFSലൂടെ സ്വകാര്യ മുതലാളിമാർക്ക് കൈമാറുന്നതിനായി കരാർ ഒപ്പിട്ടത്. ഈ ആദിവാസി വിരുദ്ധ കരാർ റദ്ദ് ചെയ്യിക്കുന്നതിനായി ഉജ്ജ്വല സമരങ്ങളാണ് നിയമപരമായും അല്ലാതെയും അടുത്ത കാലത്ത് ഭരണകൂടത്തിനെതിരെ ആദിവാസികൾക്ക് അട്ടപ്പാടിയിൽ നടത്തേണ്ടി വന്നത്.
ആദിവാസി ക്ഷേമത്തിനെന്നു പറഞ്ഞു കൊണ്ട് ആരംഭിച്ച ഫാമിംഗ് സൊസൈറ്റിയുടെ കീഴിലുള്ള വരടിമലയിലെ 120 കുടുംബങ്ങൾ താമസിച്ചിരുന്ന ഊരു തന്നെ ഇല്ലാതാക്കപ്പെട്ടത് , സർക്കാറിന്റെ ആദിവാസി “പ്രേമ “ത്തെയാണ് ചൂണ്ടികാണിക്കുന്നത്.

ആദിവാസി ഭൂമികൾക്ക് ഭൂരേഖയും ഭൂരേഖകളിലുള്ള ഭൂമിയും ഉറപ്പാക്കി പാരമ്പര്യമായ
അവരുടെ കുടുംബ ഭൂമി സെറ്റിൽമെൻറ് ആധാരം നടത്താനും അവ സംരക്ഷിക്കാനും സർക്കാർ മുൻ കൈയ്യെടുത്ത് നടപടികൾ എടുക്കുന്നതിലൂടെ മാത്രമെ അട്ടപ്പാടിയിലെ ആദിവാസികളുടെ പതിനായിരക്കണക്കിന് ഏക്കർ ഭൂമി സംരക്ഷിക്കാൻ കഴിയൂ.

ഇത്തരമൊരു പശ്ചാത്തലത്തിലാണ് അട്ടപ്പാടിയിലെ ആദിവാസി ഭൂമി സംരക്ഷിക്കുന്നതിനും അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിക്കുന്നതിനുള്ള പോരാട്ടത്തിന് അഖിലേന്ത്യാ വിപ്ലവ കിസാൻ സഭയും [AIKKS]ആദിവാസി ഭാരത് മഹാസഭ[ABM] യും കഴിഞ്ഞ നിരവധി വർഷങ്ങാളായി നേതൃത്വം കൊടുത്തുകൊണ്ടിരിക്കുന്നതു്., AIKKS സംസ്ഥാന പ്രസിഡന്റ് സഖാവ് സുകുമാരൻ അട്ടപ്പാടിയുടേയും ABM സംസ്ഥാന കൺവീനർ സഖാവ് ടി.ആർ. ചന്ദ്രന്റെയും നേതൃത്വത്തിൽ ആരംഭിച്ച ,അട്ടപ്പാടിയുടെ മണ്ണിൽ നിന്ന് ഭൂമാഫിയകളെ കെട്ടുകെട്ടിക്കാനുള്ള ഈ പ്രക്ഷോഭങ്ങൾക്ക് കരുത്തു പകരാൻ മുഴുവൻ പുരോഗമന ശക്തികളും മുന്നോട്ട് വരേണ്ടതുണ്ട്.

ജനാധിപത്യ ശക്തികൾ ഈ പ്രക്ഷോഭത്തോട് ഐക്യപ്പെടേണ്ടതുണ്ട്.

CPI (ML )റെഡ് സ്റ്റാർ നേതൃത്വത്തിൽ അട്ടപ്പാടി ഭൂ പ്രക്ഷോഭത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നവമ്പർ 15 അഗളിയിലുള്ള അട്ടപ്പാടി ട്രൈബൽ താലൂക്ക് ആസ്ഥാനത്തേക്ക് മാർച്ചും പൊതുസമ്മേളനവും നടത്തുകയാണ്.

കേരളത്തിലെ പ്രമുഖ ഗായിക നഞ്ചിയമ്മയുടെ ‘ഭൂമാഫിയകൾ വ്യാജ രേഖയുണ്ടാക്കി തട്ടിയെടുത്ത കുടുംബഭൂമിയിൽ നിന്ന് 2 മണിക്ക് മാർച് ആരംഭിക്കും. പ്രമുഖ നേതാക്കൾ സമരത്തെ അഭിസബോധന ചെയ്തു സംസാരിക്കും.

അട്ടപ്പാടി ആദിവാസി സമൂഹം നിലനിൽപ്പിന് വേണ്ടി ആരംഭിച്ച ഈ ജീവത്തായ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ ഒരിക്കൽ കൂടി ഞങ്ങൾ മുഴുവൻ ജനങ്ങളോടും ആവശ്യപ്പെടുന്നു.

സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
കേരള സംസ്ഥാന കമ്മിറ്റി .

Contact numbers;
9778237552
9745338072

 

You may also like

Leave a Comment