Home » പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക

പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക

by Jayarajan C N
പിണറായി സർക്കാറിൻ്റെ ആദിവാസി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക.
ആറളം: ആദിവാസികളുടെ പട്ടയം റദ്ദ് ചെയ്ത കലക്ടർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുക.
ഭൂരഹിതരായ ആദിവാസികളെ പുന:രധിവസിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് 42 കോടിയോളം  രൂപ ചെലവഴിച്ച് ആറളം ഫാം ഭൂമി വിലക്കെടുത്ത് ബൃഹത്തായ ആദിവാസി പുനരധിവാസ പദ്ധതിക്ക് കണ്ണൂർ ജില്ലയിലെ ആറളത്ത് തുടക്കമിടുന്നത്. കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും തിക്തഫലമെന്നോണം അവരുടെ വ്യതിരിക്തമായ സംസ്‌കാരങ്ങൾ, ഭാഷകൾ, ആചാരങ്ങൾ, സാമൂഹിക സംഭാവനകൾ എന്നിവയെ ബഹുമാനിക്കുന്നതിനോ ഭൂമിയുടെ അവകാശം, സാംസ്കാരിക സംരക്ഷണം, എന്നിവ ഉറപ്പുവരുത്താനോ നടപടികൾ ഉണ്ടായില്ല. പാർശ്വവൽക്കരണം, സാമൂഹികവും സാമ്പത്തികവുമായ അസമത്വങ്ങൾ എന്നിങ്ങനെ തദ്ദേശവാസികൾ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകളെയും പ്രശ്‌നങ്ങളെയും ഒട്ടും പരിഗണിക്കാതെ നടപ്പിലാക്കപ്പെടുന്ന ഇത്തരം പുനരധിവാസ പദ്ധതികളുടെ സ്വാഭാവിക അന്ത്യത്തിൻ്റെ പ്രത്യക്ഷ ഉദാഹരണമായി ആറളം ഇന്നു മാറിക്കഴിഞ്ഞു.
ഏഷ്യയിലെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ പദ്ധതിയെന്ന് പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച ആറളം സമ്പൂർണ്ണ തകർച്ചയെയാണ് നേരിട്ടത്. പുനരധിവസിപ്പിക്കപ്പെട്ട 2000 കുടുംബങ്ങളുടെ പട്ടയം റദ്ദാക്കാൻ  കലക്ട്ർ ഉത്തരവായിരിക്കുന്നു. സ്വജന പക്ഷപാതപരമായി, നിക്ഷിപ്ത താല്പര്യക്കാരെ പുതുതായി പട്ടയം കൊടുത്തു ആറളം ഫാമിൽ കുടിയിരുത്താനുള്ള നീക്കമാണ് പിണറായി സർക്കാർ കലക്ടറെ ഉപയോഗിച്ച് ചെയ്യുന്നത്. ആറളം ഭൂമി ആദിവാസി സമൂഹത്തിൻ്റെ നിരന്തരമായ പോരാട്ടത്തിൻ്റെ ഫലമാണ്. ആറളം ഭൂമിയിലെ ആദിവാസികളുടെ നിയമപരമായ അവകാശത്തെ ചോദ്യം ചെയ്തു കൊണ്ടു ആദിവാസി പട്ടയങ്ങൾ റദ്ദ് ചെയ്യാൻ ശ്രമിക്കുന്ന കണ്ണുർ ജില്ല കലക്ടറെ പ്രോസിക്യൂട്ട് ചെയ്യണം.
ആറളത്ത് സ്വതന്ത്രമായി ജീവിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ട്രിക്കുന്നതിനും സ്വന്തം ജീവഭയത്താൽ പ്രദേശം ഒഴിഞ്ഞു പോകാനും ആദിവാസികളെ പ്രേരിപ്പിച്ച ഘടകങ്ങൾ എന്തെല്ലാമാണെന്നും, ഇതിന് കാരണമായ ഭരണകൂട നടപടികൾ എന്തെല്ലാമാണെന്നതും വ്യക്തമാണ്.
ഇത് കണ്ണുരിൻ്റെ ഒരു പ്രത്യേക പ്രശ്നമല്ലന്നും പൊതുവെ ആദിവാസി സമൂഹത്തോട് ഭരണകൂടം സ്വീകരിക്കുന്ന പ്രതികാരബുദ്ധിയോടെയുള്ള വംശഹത്യ നീക്കത്തിൻ്റെ ഭാഗമാണന്നും തിരിച്ചറിയണം. കൃഷിയെ ആശ്രയിച്ചു കഴിയുന്ന ഭൂരഹിതരായ ഒന്നര ലക്ഷത്തോളം ആദിവാസി കുടുംബങ്ങൾ പട്ടിണിയിലും പരിവട്ടത്തിലും കഴിയുമ്പോഴാണ് 60000 ഏക്കർ ആദിവാസി പൈതൃക ഭൂമി തോട്ട മാഫിയകൾ വയനാട്ടിൽ കയ്യടക്കിയിരിക്കുന്നത്.
 2005 ൽ 800 ഓളം ആദിവാസി കുടുംബങ്ങൾക്ക് ഒരു ഏക്കർ വീതം ഭൂമിക്കുള്ള പട്ടയം വിതരണം ചെയ്തെങ്കെലും  100 കുടുംബത്തിന് പോലും അവർക്കവകാശപ്പെട്ട പട്ടയ ഭൂമി ചൂണ്ടികാണിച്ചു കൊടുക്കുന്നതിൽ  ജില്ലാ ഭരണകൂടം പരാജയപ്പെട്ടു. ബ്രട്ടീഷുകാർ ഉപേക്ഷിച്ചു പോയതും പാട്ടക്കാലാവധി കഴിഞ്ഞതുമായ 60000 ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ സ്പെഷ്യൽ ഓഫീസറുടെ ഉത്തരവുണ്ടായിട്ടും  സിവിൽ കോടതിയിൽ  ഒരു കേസ് ഫയൽ ചെയ്യാൻ  പിണറായി സർക്കാർ ഇതുവരെയും തയാറായിട്ടില്ല. ഏതാണ്ട് 24000 ഏക്കർ ഭൂമി ആദിവാസികൾക്ക് വിതരണം ചെയ്യാൻ കേന്ദ്ര-വനം-പരിസ്ഥിതി വകുപ്പിൻ്റെ അനുമതിയുണ്ടായിട്ടും ഇത് വിതരണം ചെയ്യുന്നതിനുള്ള ഒരു നീക്കവും സർക്കാറിൻ്റെ ഭാഗത്തുനിന്നുണ്ടാകുന്നില്ല.
അട്ടപ്പാടിയിലാകട്ടെ ആദിവാസികളുടെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന കുടുംബ ഭൂമി ഭൂമാഫിയകളും സ്വിസ് ലോൺ പോലുള്ള അന്താരാഷ്ട കുത്തക കമ്പനികളും കയ്യടക്കിക്കഴിഞ്ഞു . ആദിവാസി ഭൂമി മുഴുവൻ അന്യാധീനപ്പെട്ടു കഴിഞ്ഞു എന്ന് പത്രസമ്മേളനം നടത്തി വിലപിക്കുന്ന പാലക്കാട് കലക്ടറും സ്വന്തം ഉത്തരവാദിത്തം മറക്കുകയാണ്. ഇതേ പാലക്കാട് ജില്ലാ കലക്ടർ ചെയർമാൻ ആയ അട്ടപ്പാടി ആദിവാസി ഫാമിംഗ് സൊസൈറ്റിയുടെ
2700 ഏക്കർ ഭൂമിയാണ് തൃശൂരിലെ
LA ഹോം എന്ന സ്വകാര്യ കമ്പനിയ്ക്ക് കൈമാറി സർക്കാർ കരാർ ഒപ്പിട്ടത്. ഇതിനെതിരെ നടന്ന പ്രക്ഷോഭത്തിൻ്റെയും ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തതിൻ്റെയും  ഫലമായി കരാർ റദ്ദ് ചെയ്യാൻ സർക്കാർ നിർബന്ധിതമായി.
420 കുടുംബങ്ങളുടെ 5 ഏക്കർ വീതമുള്ള പട്ടയ ഭൂമി ഇന്നും ജില്ലാ കലക്ടർ കൈയ്യടക്കി വച്ചിരിക്കുകയാണ്.
അട്ടപ്പാടിയിൽ 1999 ൽ ആയിരത്തിൽ അധികം പട്ടയങ്ങളാണ് വിതരണം ചെയ്തത്. പക്ഷെ ഭൂമി അളന്നു നൽകാൻ സർക്കാർ തയാറായില്ല. ഏറെക്കുറെ ഈ ഭൂമി മുഴുവൻ ഇന്ന് മാഫിയകളുടെ കൈകളിലാണ്
1986 ജനുവരി 24 ന് ശേഷം ആദിവാസികളുടെ  ഭൂമി നഷ്ടപ്പെടാതെ സംരക്ഷിച്ചു കൊള്ളാമെന്ന് കേരള ഗവൺമെൻറ് സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്ങ്മൂലത്തിൽ ബോധിപ്പിക്കുകയുണ്ടായി.
ആദിവാസികൾക്ക് നഷ്ടപ്പെട്ട അത്രയും ഭൂമി സർക്കാർ നല്കിക്കൊള്ളാമെന്നും അന്ന് സുപ്രീം കോടതിയെ കേരള സർക്കാർ അറിയിച്ചു. ഇത്തരമൊരു സത്യവാങ്മൂലം നൽകി ആദിവാസി ഭൂസരംക്ഷണ നിയമത്തെ അട്ടിമറിച്ച കേരള സർക്കാരും തുടർന്ന് വന്ന ഒരോ സർക്കാരുകളും ആദിവാസി വിരുദ്ധ നിലപാടുകൾ തന്നെയാണ് സ്വീകരിച്ചത്.
അട്ടപ്പാടിയിൽ അന്യാധീനപ്പെട്ട
ആദിവാസി ഭൂമി തിരിച്ചു പിടിക്കുന്നതിനും ഭൂ മാഫിയകൾക്ക് കൂട്ട് നിൽകുന്ന ഭരണകൂട ശക്തികൾക്കു മെതിരെ ഉയർന്നു വരുന്ന സമരങ്ങൾക്ക് ഇനിയും ശക്തി പകരേണ്ടതുണ്ട്.
ഇടുക്കിയിലും വയനാട്ടിലും ആറളത്തും അട്ടപ്പാടിയിലും ഉൾപ്പെടെ കേരളത്തിലെ ആദിവാസി സമൂഹത്തെ വംശഹത്യയിലേക്ക് വലിച്ചെറിയുന്ന എല്ലാ ഇരുട്ടിൻ്റെ ശക്തികൾക്കുമെതിരെ സംസ്ഥാന തലത്തിൽ തന്നെ ശക്തമായ യോജിച്ച പ്രക്ഷോഭം വികസിപ്പിക്കേണ്ടതുണ്ട്.ആദിവാസി സമൂഹത്തിൻ്റെ ഭൂ അവകാശത്തിന് വേണ്ടി പൊരുതുക എന്നത് മാത്രമാണ് നമ്മുടെ മുന്നിൽ അവശേഷിക്കുന്നത്.
എം.പി കുഞ്ഞിക്കണാരൻ,
സെക്രട്ടറി ,
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ, കേരള സംസ്ഥാന കമ്മിറ്റി.
എറണാകുളം
23.02.2024

You may also like

Leave a Comment