Home » അടിയന്തിരാവസ്ഥാ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ ! 

അടിയന്തിരാവസ്ഥാ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ ! 

by Jayarajan C N
അടിയന്തിരാവസ്ഥാ രക്തസാക്ഷികൾക്ക് അഭിവാദ്യങ്ങൾ !
മാർച്ച് 2 മുതൽ 9 വരെ രക്തസാക്ഷിത്വ വാരാചരണം.
RSS നവ ഫാസിസത്തിനെതിരായ പോരാട്ടത്തിൽ അണിചേരുക !
അടിയന്തിരാവസ്ഥാ വാഴ്ചക്കെതിരെ പോരാടി
ധീര രക്തസാക്ഷിത്വം വരിച്ച
 സഖാക്കൾ രാജനും വിജയനും അങ്ങാടിപ്പുറം ബാലകൃഷ്ണനും
ചുവപ്പൻ അഭിവാദ്യങ്ങൾ !
പ്രിയമുള്ളവരെ,
നമ്മുടെ രാജ്യം നേരിടുന്ന ഗുരുതരമായ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തി കൊണ്ടാണ് 1975 ൽ ഭരണകൂടം രാജ്യത്ത് അടിയന്തിരാവസ്ഥ അടിച്ചേൽപ്പിച്ചത്.  പരിമിതമായ ജനാധിപത്യ അവകാശങ്ങൾ പോലും അട്ടിമറിച്ചു കൊണ്ട് രാജ്യത്തെയാകെ തടവറയാക്കി ,സ്വേഛാധിപത്യവാഴ്ചക്ക് തുടക്കം കുറിക്കുകയായിരുന്നു അന്നു.
1947 ന് ശേഷം അധികാരത്തിൽ വന്ന കോൺഗ്രസ്സ് ഗവർമ്മേന്റിന് രാജ്യം അഭിമുഖീകരിക്കുന്ന കടുത്ത ദാരിദ്ര്യത്തിനും പട്ടിണിക്കും തൊഴിലില്ലായ്മക്കും പരിഹാരം കാണാൻ കഴിഞ്ഞില്ല. വർഗ്ഗീയ കലാപങ്ങളും ജാതീയ അടിച്ചമർത്തലും ശക്തിപ്പെട്ടു.കോൺഗ്രസ് ഭരണത്തിൽ തൊഴിലാളികളും കർഷകരും , ദലിത് – ആദിവാസി ജനവിഭാഗങ്ങളും സ്ത്രീകളും ഉൾപ്പെടെ ബഹുഭൂരിപക്ഷം വരുന്ന ജനതയും പാപ്പരീകരിക്കപ്പെട്ടു. വർദ്ധിച്ചു വന്ന ഭൂരാഹിത്യവും പാർപ്പിടരാഹിത്യവും, അടിച്ചമർത്തലും ചൂഷണവും  ഗ്രാമീണ മേഖലകളെ അസ്വസ്ഥതയുടെ വിളനിലങ്ങളാക്കി മാറ്റി. ഭരണവർഗ്ഗങ്ങളാകട്ടെ രാജ്യത്തിനകത്തും പുറത്തും ഉള്ള മൂലധനശക്തികൾക്ക് വിടുവേല ചെയ്തും , സാമ്രാജ്യത്വ ശക്തികളോട് സന്ധിചെയ്തും,പുതിയ കൊളോണിയൽ നയങ്ങൾ അടിച്ചേൽപ്പിച്ചും മുതലാളിത്ത – ഭൂപ്രഭുത്വ ശക്തികളെ പ്രീണിപ്പിക്കുകയായിരുന്നു. ക്രമേണ കോൺഗ്രസ്സ് ദുർഭരണത്തിനെതിരെ വളർന്നു വന്ന തൊഴിലാളി – കർഷക – സമരങ്ങളും , ഇതര ജനകീയ പ്രക്ഷോഭങ്ങളും , മഹാ ഭൂരിപക്ഷം ജനങ്ങളും കോൺഗ്രസ്സ് ദുർ ഭരണത്തെ കൈ വിടുന്നു എന്ന യാഥാർത്ഥ്യവുമാണ് കോൺഗ്രസ്സിനെ അടിയന്തിരാവസ്ഥ പ്രഖ്യാപനത്തിലേക്ക് എത്തിച്ചത്.
നാവടക്കു പണിയെടുക്കൂ എന്ന ആജ്ഞ പുറപ്പെടുവിച്ച് കൊണ്ട് രാജ്യത്തെ ഫാസിസത്തിലേക്ക് നയിക്കിനുള്ള നീക്കത്തെ ആയിര കണക്കിന് പോരാളികൾ ജീവൻ കൊടുത്തു കൊണ്ടാണ് ചെറുത്ത് നിന്നത്. ഒടുവിൽ ജനകീയ ഇച്ഛാശക്തിക്ക് മുന്നിൽ താത്കാലികമായി ഭരണകൂട ശക്തികൾക്ക് കീഴടങ്ങേണ്ടിവന്നു എന്നതാണ് ചരിത്രം .
എന്നാൽ ഇന്നാകട്ടെ നമ്മുടെ രാജ്യത്ത് ഏറിയും കുറഞ്ഞും നിലനിന്ന അപ്രഖ്യാപിതമായ  അടിയന്തിരാവസ്ഥയിൽ നിന്നും സ്വേഛാധിപത്യവാഴ്ചയിലേക്കും അങ്ങേയറ്റം അപകടകരമായ ഫാസിസത്തിലേക്കും രാജ്യത്തെ എത്തിച്ചിരിക്കുന്നു. ഇതിന് നേതൃത്വം കൊടുക്കുന്നതാകട്ടെ, മനുവാദ പ്രത്യയ ശാസ്ത്രം മുറുകെപ്പിടിച്ചു കൊണ്ട് കടുത്ത ജാതീയ അടിച്ചമർത്തലുകൾക്കും വർഗ്ഗീയ കലാ പങ്ങൾക്കും നേതൃത്വം കൊടുക്കുന്ന ,ഹിന്ദുത്വ ഫാസിസ്റ്റു ശക്തികളെ നയിക്കുന്ന ആർ എസ്.എസ്സും .
2014 ലെ തെരഞ്ഞടുപ്പിൽ  ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വന്ന ബി.ജെ.പി. / എൻ.ഡി. എ. ഗവർമ്മേണ്ട് അഭൂതപൂർവ്വമായ വേഗതയോടെ നവ ഉദാരവൽക്കരണ നയങ്ങളും കോർപ്പറേറ്റ് ദാസ്യവേലയും എല്ലാ മണ്ഡലങ്ങളിലേയും വ്യാപാരവൽക്കരണവും മുന്നോട്ട് കൊണ്ടുപോവുകയായിരുന്നു. ജനങ്ങൾക്കിടയിൽ വളർന്നു വരാനിടയുള്ള ഐക്യത്തെ ശിഥിലീകരിക്കാൻ ഹിന്ദുത്വവൽകരണത്തെയും ജാതീയ അടിച്ചമർത്തലുകളെയും ഉപയോഗപ്പെടുത്തി.സമസ്ത മണ്ഡലങ്ങളിലും അതി തീവ്ര വലതുപക്ഷ നിലപാടുകൾ നടപ്പാക്കി.
സാമ്രാജ്യത്വ സമ്പദ് വ്യവസ്ഥയും മൂലധന ശക്തികളും നേരിടുന്ന അപരിഹാര്യമായ പ്രതിസന്ധികളാണ് ഇത്തരം അവസ്ഥകളിലേക്ക് രാജ്യത്തെ എത്തിക്കുന്നത് . രാജ്യത്തെ തടവറയാക്കി മാറ്റാൻ ഭരണ വർഗ്ഗങ്ങളെ പ്രേരിപ്പിക്കുന്നത്
. ജനകീയ ഐക്യത്തേയും എതിർ ശബ്ദങ്ങളെയും ഇല്ലാതാക്കി മനുഷ്യാധ്വാനത്തിലും പ്രകൃതി സമ്പത്തുക്കളിലും ചൂഷണവും കൊള്ളയും വർദ്ധിപ്പിക്കാൻ കോർപ്പറേറ്റു ശക്തികളെ കയറൂരി വിടുന്ന ഫാസിസവൽക്കരണമാണ് അതിവേഗം നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്.
മോഡി സർക്കാർ ദ്രുതഗതിയിൽ അടിച്ചേൽപിക്കുന്ന കോർപ്പറേറ്റ് വൽക്കരണവും അതിന് മറയിടാനായി അടിച്ചേൽപ്പിക്കുന്ന ഹിന്ദുത്വവൽക്കരണത്തെയും നേരിടുക എന്നതാണ് നമ്മുടെ രാജ്യം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി.
അടിയന്തിരാവസ്ഥാ വാഴ്ചക്കെതിരെ പൊരുതിമരിച്ച ധീര രക്തസാക്ഷികളുടെ ദീപ്തമായ സ്മരണ പുതുക്കുന്നതു് രാജ്യം അകപ്പെട്ടിരിക്കുന്ന ഫാസിസത്തിന്റെ
 ഹിസാംത്മകതയെ ചെറുത്തു തോൽപ്പിച്ചു കൊണ്ടായിരിക്കണമെന്ന് ചരിത്രം വീണ്ടും വീണ്ടും നമ്മെ ഓർമ്മപ്പെടുത്തുകയാണ്.
ഫാസിസത്തിനെതിരെയുള്ള ചെറു ശബ്ദങ്ങളെപ്പോലും ഏകോപിപ്പിച്ചു കൊണ്ട് വിശാലമായ സമര നിരകൾ വളർത്തിയെടുക്കേണ്ടതുണ്ടന്ന്
സഖാക്കൾ രാജന്റെയും വിജയന്റെയും അങ്ങാടിപ്പുറം ബാലകൃഷ്ണന്റേയും മഹത്തായ രക്തസാക്ഷിത്വം നമ്മെ ഓർമ്മപ്പെടുത്തുന്നു.
 ഫാസിസത്തിനെതിരായ പോരാട്ടത്തിൽ ജീവൻ ബലിയർപ്പിച്ചു കൊണ്ട് രക്തസാക്ഷികൾ നൽകിയ വിലപ്പെട്ട പാഠമാണിത്.
വരാനിരിക്കുന്നതെരഞ്ഞടുപ്പിൽ ഫാസിസ്റ്റ് ശക്തികളെ അധികാര കേന്ദ്രങ്ങളിൽ നിന്ന് ചവുട്ടി പുറത്താക്കുന്നതിന് സഹായകരമായ നിലപാടുകൾ ഉയർത്തിപ്പിടിക്കേണ്ടതുണ്ട്. ശരിയായ പ്രത്യയശാസ്ത്ര-രാഷ്ട്രീയ
 ദിശയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിത്തറ വികസിപ്പിക്കുന്നതിനും , വിപ്ലവ ഇടതുപക്ഷശക്തികളുടെ കൂട്ടായമ രൂപപ്പെടുത്തുന്നതിനും  , മുഴുവൻ ജനാധിപത്യ മതേതര പുരോഗമന ശക്തികളുടേയും വിശാലമായ ഫാസിസ്റ്റു വിരുദ്ധ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിനും അടിയന്തിരാവസ്ഥ രക്തസാക്ഷികളുടെ ഉജ്ജ്വല രക്തസാക്ഷിത്വത്തെ അനുസ്മരിക്കുന്ന ഈ വേള നമ്മോട് ആവശ്യപ്പെടുന്നു.
പ്രിയമുള്ളവരെ ,
ഏറ്റവും വിശാലമായ സമര വേദികൾ ഉയർത്തി കൊണ്ട് , ജനകീയ ഐക്യം വളർത്തി കൊണ്ട് ,രാജ്യം നേരിടുന്ന ഏറ്റവും വലിയ ഫാസിസ്റ്റു ഭീഷണിയെ ചെറുക്കുവാൻ ഒന്നിക്കുക.
വികസനത്തിന്റെ പേരിൽ ജനജീവിതത്തെ ദുസ്സഹമാക്കുന്ന , പ്രകൃതി വിഭവങ്ങളെ കൊള്ള ചെയ്യുന്ന കോർപ്പറേറ്റ് നയങ്ങളെ ചെറുത്തു തേൽപ്പിക്കുക.
ദലിത് – ആദിവാസി ജനവിഭാഗങ്ങൾക്കും സ്ത്രീകൾക്കുമെതിരായ കടന്നാക്രമണങ്ങളെ ചെറുക്കുക.
ഹിന്ദുത്വ വൻകരണത്തിനും ജാതീയ അടിച്ചമർത്തലിനും മെതിരെ ശബദമുയർത്തുക.
കാർഷികമേഖലയിൽ കോർപ്പറേറ്റ് ആധിപത്യത്തിനെതിരെ പൊരുതുന്ന കർഷക ജനതക്ക് പിന്തുണ പ്രഖ്യാപിക്കുക.
ജനാധിപത്യത്തിനും സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾക്കും വേണ്ടി പ്രവർത്തിക്കുക. മുന്നേറുക.
രക്തസാക്ഷിത്വത്തിന്റെ മഹത്തായ പാഠങ്ങൾ ഉയർത്തിപ്പിടിക്കുക.
മാർച്ച് 2 മുതൽ 9 വരെ രക്തസാക്ഷി വാരാചരണം
എം.പി. കുഞ്ഞിക്കണാരൻ
    സെക്രട്ടറി,                                സംസ്ഥാന കമ്മിറ്റി
CPIMLRED STAR
KERALA.
ഫെ: 26, 2024 .

You may also like

Leave a Comment