Home » എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടികൾക്കും / ഗ്രൂപ്പുകൾക്കും ബന്ധപ്പെട്ട എല്ലാവരോടും സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ തുറന്ന കത്ത്

എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടികൾക്കും / ഗ്രൂപ്പുകൾക്കും ബന്ധപ്പെട്ട എല്ലാവരോടും സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ തുറന്ന കത്ത്

by Jayarajan C N

എല്ലാ കമ്മ്യൂണിസ്റ്റ് വിപ്ലവ പാർട്ടികൾക്കും / ഗ്രൂപ്പുകൾക്കും ബന്ധപ്പെട്ട എല്ലാവരോടും സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ തുറന്ന കത്ത്

പ്രിയ സഖാക്കളെ,

CPI(ML)റെഡ്സ്റ്റാറിൽ നിന്ന് വേർപിരിഞ്ഞ ഒരു വിഭാഗമായ CPIML റെവല്യൂഷണറി ഇനിഷ്യേറ്റീവ് ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയായി പരിഗണിക്കപ്പെടാൻ അർഹതയുള്ളതായി പാർട്ടി കരുതുന്നില്ല. അതിനാൽ, ഈ ഗ്രൂപ്പുമായി ഞങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ബന്ധവും പുലർത്തില്ല. പാർട്ടിയുടെ തീരുമാനം കമ്മ്യൂണിസ്റ്റ് മര്യാദയും പ്രത്യയശാസ്ത്രപരമായ പ്രശ്നങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. ഇതു സംബന്ധിച്ച് പാർട്ടിയുടെ പ്രാഥമിക വിശദീകരണം താഴെ പറയുന്നു ….

സഖാക്കളെ,

2022 സെപ്തംബറിൽ കോഴിക്കോട്ട് നടന്ന സിപിഐ(എംഎൽ) റെഡ്സ്റ്റാറിന്റെ 12-ാം കോൺഗ്രസിൽ നിന്ന് ഒരു ചെറിയ ന്യൂനപക്ഷ വിഭാഗം (രജിസ്റ്റർ ചെയ്ത 260 പ്രതിനിധികളിൽ 52 പേർ) പുറത്തുപോയത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെ വേർപിരിഞ്ഞ് പോയവർ പിന്നീട് CPI(ML)RI എന്ന പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി. ഇതിനെത്തുടർന്നാണ് ‘പാർട്ടി സെന്ററു’ മായി ബന്ധപ്പെട്ട വിഷയത്തെ കേന്ദ്രീകരിച്ച് കടുത്ത സംഘർഷം നടന്നത്.

2010 വരെ പാർട്ടി ഓഫീസ് ഡൽഹിയിലെ ജംഗ്പുര ഏരിയയിലായിരുന്നു. എന്നാൽ 2010-ൽ, പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അതിന്റെ സംസ്ഥാന കമ്മിറ്റികളോട് ഡൽഹിയിലെ സ്വന്തം പാർട്ടി ഓഫീസിനായി ഫണ്ട് ശേഖരിക്കാൻ ആഹ്വാനം ചെയ്തു. ഈ ആഹ്വാനത്തിന് മറുപടിയായി, പാർട്ടിയുടെ എല്ലാ സംസ്ഥാന കമ്മിറ്റികളും വർഗ്ഗ/ബഹുജന സംഘടനകളും അവരുടെ ശേഷിക്കനുസരിച്ച് പണം ശേഖരിച്ച് അയച്ചു. സി.പി.ഐ (എം.എൽ)റെഡ്സ്റ്റാറിന്റെ ട്രേഡ് യൂണിയൻ വിഭാഗമായ, മുംബൈയിലെ ടി.യു.സി.ഐ യുടെ ഓഫീസുമായി ചേർന്ന് പണത്തിന്റെ വലിയൊരു ഭാഗം സംഭാവന ചെയ്തിട്ടുണ്ട്. അക്കാലത്ത് പാർട്ടി കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റി (2011ലെ പാർട്ടിയുടെ 9-ാം കോൺഗ്രസിന് ശേഷം പോളിറ്റ് ബ്യൂറോ) അംഗവും ടിയുസിഐ ജനറൽ സെക്രട്ടറിയുമായിരുന്ന സഞ്ജയ് സിംഗ്വിയുടെ പേരിലാണ് കെട്ടിട-വസ്തു കരാർ ഒപ്പിട്ടത്.

അതിനുശേഷം, പാർട്ടി അത് ഓഫീസായി ഉപയോഗിച്ചു. എന്നാൽ ടിയുസിഐ അതിന്റെ
എല്ലാ കത്തിടപാടുകൾക്കും മുംബൈ വിലാസമാണ് സ്വീകരിച്ചത്. അതിനിടെ, ഫർണിച്ചറുകൾ വാങ്ങുന്നതിനും മുകളിൽ ഒന്നാം നിലയുടെ നിർമാണം ഉൾപ്പെടെയുള്ള എല്ലാ അടിസ്ഥാന സൗകര്യ വികസനത്തിനും ആവശ്യമായ ഫണ്ട് പാർട്ടിയുടെ മുൻകയ്യിലാണ് സമാഹരിച്ചത്. നാളിതുവരെ, വെള്ളം, വൈദ്യുതി, ഗ്യാസ്, ബ്രോഡ്ബാൻഡ് തുടങ്ങി എല്ലാ ഓഫീസ് ചെലവുകളും എല്ലാം പാർട്ടി അക്കൗണ്ടിൽ നിന്നാണ് അടച്ചത്. 2022 സെപ്തംബറിലെ 12-ാം പാർട്ടി കോൺഗ്രസ് വരെ പാർട്ടി സെന്റർ പ്രശ്നം ഒരു വിഷയമായിരുന്നില്ല. പാർട്ടിക്കകത്തോ പുറത്തോ അതിനെ കുറിച്ച് ചർച്ച ചെയ്തിരുന്നില്ല.

അതേസമയം, നേരത്തെ സൂചിപ്പിച്ച പാർട്ടി പിളർപ്പിന് ശേഷം, ഡൽഹി ഓഫീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർന്നുവന്നു. ടിയുസിഐ അംഗത്വത്തിന്റെ കാര്യത്തിൽ വെറും ഒരു ന്യൂനപക്ഷത്തിന്റെ പിന്തുണ മാത്രമുള്ള, പിരിഞ്ഞുപോയ വിഭാഗത്തിൽപ്പെട്ട സഞ്ജയ് സിംഗ്വി ഡൽഹി പാർട്ടി സെന്ററിന്റെ ഉടമസ്ഥാവകാശം അവകാശപ്പെട്ടു തുടങ്ങി. ഈ അവകാശവാദത്തോടൊപ്പം, സഞ്ജയ് യുടെ അടുത്ത കൂട്ടാളികൾ പാർട്ടി സെന്ററിൽ നീചവും നിന്ദ്യവും ഹീനവുമായ നീക്കങ്ങൾ ആരംഭിച്ചു. പാർട്ടിയുമായി ബന്ധപ്പെട്ട മൂന്ന് വിദ്യാർത്ഥി സഖാക്കൾ, നീരജ, ലെനിന, നിരഞ്ജൻ എന്നിവർ ഡൽഹിയിലെ പാർട്ടി സെന്ററിൽ താമസിച്ച് വരികയായിരുന്നു. അവരെ കൂടാതെ, പാർട്ടി ജനറൽ സെക്രട്ടറി, സഖാവ് പിജെ ജയിംസ്, പിബി അംഗങ്ങളായ സഖാക്കൾ തുഹിൻ, ശങ്കർ, ഉർമ്മിള എന്നിവർ അവരുടെ ലഭ്യമായ സമയത്തിനനുസരിച്ച് അവിടെ തങ്ങാറുണ്ടായിരുന്നു.

RI യുമായി ബന്ധമുള്ള, ടിയുസിഐ ആണെന്ന് അവകാശപ്പെടുന്ന ഉമാകാന്തും വികാസും സുനിലും കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിച്ചിരുന്നു. സ്ഥിരം മദ്യപാനികളായിരുന്ന ഉമാകാന്തും വികാസും എല്ലാ ദിവസവും പാർട്ടി സെന്ററിൽ വച്ച് മദ്യം കഴിക്കുന്നത് പതിവാക്കി. ഉമാകാന്തിന്റെ പ്രേരണയാൽ, വികാസ് വിദ്യാർത്ഥിനികളെ, പ്രത്യേകിച്ച് സഖാവ് നീരജയെ അധിക്ഷേപിക്കുന്നതും പതിവായിത്തീർന്നു. ഉദാഹരണത്തിന്, സ: നീരജയുടെ വസ്ത്രധാരണത്തെക്കുറിച്ച് വികാസ് എന്ന് പറയുന്ന ആൾ പല കമന്റുകൾ പറയാറുണ്ടായിരുന്നു. പാർട്ടി ഓഫീസിൽ അവർ വൈകി വരുന്നതിനെ അയാൾ ചോദ്യം ചെയ്തു. സ: നീരജ അവരുടെ സഹപാഠികളോടൊപ്പം ഹോസ്റ്റലിൽ താമസിക്കുന്നത്, ഇത് മറ്റാരുടെയോ കൂടെ താമസിക്കുന്നതായി വ്യാഖ്യാനിച്ചുകൊണ്ട് മുനവച്ച സംസാരം വികാസ് പതിവാക്കി. പുരുഷാധിപത്യപരമായ മനോഘടനയിൽ നിന്ന്കൊണ്ട്, ‘നിനക്ക് ഒരു കാമുകനുണ്ടോ?’ എന്ന് പോലും അയാൾ ചോദിക്കാറുണ്ടായിരുന്നു! ഉമാകാന്തിന്റെ മൗനപിന്തുണയോടെ അവരെല്ലാം സ്ത്രീകൾക്കെതിരെയുള്ള ‘സ്വഭാവഹത്യ’ നടത്തുന്നത് പതിവാക്കി.

രണ്ട് മാസം മുമ്പ് മുംബൈയിലെ ടിയുസിഐ ഓഫീസിൽ നിന്ന് സഞ്ജയ് സിംഗ്വിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെടുന്ന മൂന്ന് പേർ ഡൽഹിയിലെ ഓഫീസിലെത്തിയതോടെയാണ് സ്ഥിതി കൂടുതൽ വഷളാകുന്നത്. ഉമാകാന്തിന്റെ രക്ഷാകർതൃത്വത്തിൽ മുംബൈ സംഘം വികാസിനൊപ്പം ചേർന്ന് വിദ്യാർത്ഥി സഖാക്കളായ നീരജയെയും ലെനിനയെയും അവർ താമസിച്ചിരുന്ന മുറിയിൽ നിന്നും ബലമായി പുറത്താക്കി. പിന്നീട് അവർക്ക് രാത്രി ഓഫീസ് മുറിയിൽ തങ്ങേണ്ടിവന്നു. മുംബൈ ടീമിന്റെ വരവ് സ്ഥിതി വളരെയധികം ദുസ്സഹമാക്കി.

കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിരവധി തിരിച്ചടികളിലൂടെ കടന്നുപോകുമ്പോൾ, ഇന്നത്തെ സാഹചര്യത്തിൽ തെറ്റായ സന്ദേശം നൽകുന്ന ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ, സാഹചര്യം ശാന്തമായി കൈകാര്യം ചെയ്യാൻ ഞങ്ങൾ പരമാവധി ശ്രമിച്ചു. കഴിഞ്ഞ മാസം ഞങ്ങൾ സഞ്ജയ് സിംഗ്വിക്കും പ്രദീപ് സിംഗ് ഠാക്കൂറിനും അവരുടെ ആളുകളുടെ മ്ലേച്ഛമായ സമീപനം വിവരിച്ചുകൊണ്ട് കത്തുകൾ നൽകുകയും ഈ നീക്കങ്ങൾ തടയാൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. പക്ഷേ യാതൊരു ഫലവുമുണ്ടായില്ല. സ്ഥിതി കൂടുതൽ വഷളായി. അതിനിടെ, മൂന്ന് മാസം മുമ്പ്, ടിയുസിഐ കേന്ദ്ര കമ്മിറ്റിയുടെ ഓൺലൈൻ മീറ്റിംഗിലൂടെ, അതും മിനിമം കോറം തികയാതെ, സഞ്ജയ്-സംഘം, കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ ടിയുസിഐ വൈസ് പ്രസിഡന്റ് സഖാവ് മനസയ്യയെ സസ്പെൻഡ് ചെയ്തു. ഈ അസാധാരണ സാഹചര്യത്തിൽ, പരസ്പരം ശത്രുതയുളളതും വിരുദ്ധവുമായ രണ്ട് വിഭാഗങ്ങൾക്ക് ഒരു വർഗ്ഗ ബഹുജന സംഘടനയിൽ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ മനസ്സിലാക്കി. അതിനാൽ, 11 സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രമുഖ ടിയുസിഐ പ്രവർത്തകർ പങ്കെടുത്ത ടിയുസിഐയുടെ അഖിലേന്ത്യാ പ്രവർത്തക സംഗമം നടത്താൻ ഞങ്ങൾ മുൻകൈയെടുത്തു. തുടർന്ന് ടിയുസിഐയുടെ സെൻട്രൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. തൽഫലമായി, സഞ്ജയ് ഗ്രൂപ്പ് സെപ്റ്റംബർ 1 മുതൽ 3 വരെ ദില്ലി ഓഫീസിൽ TUCI യുടെ CC മീറ്റിംഗ് വിളിച്ചപ്പോൾ, ഞങ്ങൾ അതേ സമയം ഒരു കോ-ഓർഡിനേഷൻ മീറ്റിംഗും വിളിച്ചു. ആഗസ്റ്റ് 31 ന്, മുഴുവൻ സമയ മദ്യപാനിയായ അരവിന്ദ് നായരുൾപ്പെടെ TUCI യുടെ മുംബൈ ഓഫിസ് സംഘം എത്തിയപ്പോൾ തന്നെ ലുംബൻമാരെയും ഗുണ്ടകളെയും വെല്ലുന്ന രീതിയിൽ അസഭ്യമായ രീതിയിൽ പെരുമാറാൻ തുടങ്ങി. വൻതോതിൽ മദ്യവും ഇവർ കരുതിയിട്ടുണ്ടായിരുന്നു. മദ്യപസംഘം പാർട്ടി ഓഫീസിന്റെ നിയന്ത്രണം ഏറ്റെടുത്തു. സഞ്ജയ് സിംഗ്വിയും അലിക് ചക്രവർത്തിയും സെപ്തംബർ 1 ന് രാവിലെ ഈ ലുംബൻ സംഘത്തിന്റെ നേതാക്കളായി എത്തിയതോടെ സ്ഥിതി കൂടുതൽ വഷളായി. അന്ന് ഓഫീസിൽ ഉണ്ടായിരുന്ന പിബി അംഗം സഖാവ് ഉർമ്മിളയെയും സഖാവ് ലെനിനയെയും ഉൾപ്പെടെയുള്ള ഞങ്ങളുടെ സഖാക്കളോട് അവർ പ്രകോപനപരമായ രീതിയിൽ അധിക്ഷേപിക്കാനും വഴക്കുണ്ടാക്കാനും തുടങ്ങി. മുംബൈ ടീമിലെ നായക് എന്ന് പറയുന്നയാൾ ഞങ്ങളുടെ സഖാക്കളിൽ ഒരാളായ ഒഡീഷയിലെ സഖാവ് ശങ്കറിനെ (കോവിഡ് ബാധിച്ച് അകാലത്തിൽ വിട്ടുപോയ പിബി അംഗം സ: ശിവറാമിന്റെ ഇളയ സഹോദരൻ) ആക്രമിച്ചു. ഒരു മുഴുനീള ശാരീരിക സംഘട്ടനത്തിന്റെ വക്കിലായിരുന്നു സ്ഥിതി.

ഈ നിർണായക സാഹചര്യത്തിൽ, ഒരു ഓഫീസ് കെട്ടിടത്തിന്റെ പേരിൽ കമ്മ്യൂണിസ്റ്റുകാർ അടിപിടി കൂടുന്നത് കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്കും ജനതാത്പര്യങ്ങൾക്കും എതിരാണെന്ന് അറിഞ്ഞുകൊണ്ട്, ഒരു ഏറ്റുമുട്ടൽ ഒഴിവാക്കാൻ ഞങ്ങൾ തീരുമാനിച്ചു. അതേസമയം ഓഫീസ് കെട്ടിടത്തിൻമേൽ CPI(ML)റെഡ്സ്റ്റാറിന്റെ അവകാശവാദത്തിൽ നിന്ന് പിന്മാറാതെ ഞങ്ങൾ പാർട്ടി സെന്ററിൽ നിന്നുമിറങ്ങി. ആ ലുംബൻ സംഘം ഉടൻ തന്നെ ഓഫീസ് കെട്ടിടം താഴിട്ട് പൂട്ടി.

പ്രിയ സഖാക്കളെ, സുഹൃത്തുക്കളെ,

അനുഭവത്തിന്റെ വെളിച്ചത്തിൽ, ഞങ്ങളിവിടെ വളരെ കൃത്യമായി വ്യക്തമാക്കുന്നതെന്തെന്നാൽ; കമ്മ്യൂണിസ്റ്റ് എന്ന് അവകാശപ്പെടുന്ന RI വിഭാഗത്തിന് കമ്മ്യൂണിസ്റ്റ് ഗുണമോ സ്വഭാവമോ ഇല്ല. ഈ ലുംബൻ സംഘത്തിന് തൊഴിലാളിവർഗത്തിന്റെയൊ അടിച്ചമർത്തപ്പെട്ടവരുടെയൊ താൽപ്പര്യങ്ങളുമായി യാതൊരു ബന്ധവുമില്ല. അതിനാൽ സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിൽ ഇവർക്ക് ഒരു പങ്കുമില്ല. ഈ ഗ്രൂപ്പുമായി ഞങ്ങൾ ഒരു കമ്മ്യൂണിസ്റ്റ് ബന്ധവും പുലർത്തില്ല.

ആവശ്യമെങ്കിൽ, കഴിഞ്ഞ ഒരു വർഷമായി ഈ ഗ്രൂപ്പുമായുള്ള ഞങ്ങളുടെ എല്ലാ കത്തിടപാടുകളും ഞങ്ങൾ പ്രസിദ്ധീകരിക്കും. ഈ വിഷയത്തെക്കുറിച്ചുള്ള ഞങ്ങളുടെ തുടർന്നുള്ള ചർച്ചയിൽ, ആവശ്യമുള്ളപ്പോൾ, അവരുടെ ദേശീയ അന്തർദേശീയ പ്രശ്നങ്ങളോടുള്ള തെറ്റായ നിലപാടുകൾ, ജാതി പ്രശ്നത്തോടുള്ള അവരുടെ മാർക്സിസ്റ്റേതരവും യാന്ത്രികവുമായ സമീപനം, ഫാസിസത്തിനെതിരായ പോരാട്ടത്തിന്റെ മറവിൽ തൊഴിലാളിവർഗത്തിന്റെയും മർദ്ദിത ജനതകളുടെയും താൽപ്പര്യങ്ങൾ അടിയറ വെച്ച് കൊണ്ടുള്ള അവരുടെ അവസരവാദ നിലപാടുകൾ എന്നിവ ഉൾപ്പെടെയുള്ള ഈ ഗ്രൂപ്പിന്റെ പ്രത്യയശാസ്ത്ര പാപ്പരത്തത്തെ ഞങ്ങൾ തുറന്നുകാട്ടുന്നത് തുടരും.

വിപ്ലവ ആശംസകളോടെ,

പൊളിറ്റ് ബ്യൂറോ സിപിഐ(എം.എൽ) റെഡ്സ്റ്റാർ

You may also like

Leave a Comment