Home » വെറുപ്പിന്റെ പ്രത്യയശാസ്ത്രം – പ്രമോദ് പുഴങ്കര

വെറുപ്പിന്റെ പ്രത്യയശാസ്ത്രം – പ്രമോദ് പുഴങ്കര

by Jayarajan C N

സംഘപരിവാർ രാജ്യത്ത് പടർത്തുന്ന വെറുപ്പിന്റെ പ്രത്യയശാസ്ത്രം ഒരു രാഷ്ട്രീയാധികാര പ്രയോഗമെന്ന നിലയിൽ നിന്നും അതിന്റെ ഏറ്റവും ഭീകരമായ അവസ്ഥയായ സാമൂഹ്യഭീകരതയും അതിന്റെ വ്യക്ത്യാടിസ്ഥാനത്തിലുള്ള പ്രകടനവുമായി മാറുന്നതിന്റെ ഞെട്ടിപ്പിക്കുന്ന കാഴ്ച്ചയാണ് മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനിൽ ആർ പി എഫ്‌ കോൺസ്റ്റബിൾ ചേതൻ സിങ് എന്ന ഹിന്ദുത്വ വാദി ഒരു തീവണ്ടിയിൽ മൂന്ന് മുസ്ലീങ്ങളെ അവർ മുസ്ലീങ്ങളാണ് എന്ന ഒറ്റക്കാരണത്താൽ വെടിവെച്ചു കൊന്ന സംഭവം. ആർ പി എഫ്‌ ASI ടിക്കറാം മീണയെയും ഇതിനിടയിൽ അയാൾ വെടിവെച്ചുകൊന്നു.

മുസ്ലീങ്ങളോടുള്ള, തങ്ങളെ എതിർക്കുന്നവരോടുള്ള പകയും വെറുപ്പും ഒരു ജീവിതരീതിയായി മാറ്റുക എന്നത് ഹിന്ദുത്വ ഫാഷിസ്റ്റുകളുടെ രാഷ്ട്രീയപദ്ധതിയാണ്. അത് വോട്ടു ചെയ്യുകയും രാഷ്ട്രീയ മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയുമ്പോൾ മാത്രമല്ല ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും നിൽക്കുമ്പോഴും നടക്കുമ്പോഴും വിഷപ്പല്ലുകളുള്ള ഒരു സർപ്പത്തെപ്പോലെ നിങ്ങളുടെയുള്ളിൽ ഉറങ്ങാതെ ജാഗ്രതയോടെയിരിക്കും. താക്കോൽ കളഞ്ഞുപോയ പൂട്ടിയ താഴുള്ള കൂട്ടിലെ ചെന്നായയെപ്പോലെ അത് എത്ര മയങ്ങിക്കിടന്നാലും വിശക്കുമ്പോൾ മുരളുകയും നിങ്ങളെ ഓർമ്മിപ്പിക്കുകയും ചെയ്യും. ഈ പകയാണ് സംഘപരിവാറിന്റെ കൃത്യമായ രാഷ്ട്രീയാസൂത്രിത വർഗീയലഹളകൾ നടത്തുമ്പോൾ അന്നുവരെ സാധാരണക്കാരായി ജീവിച്ചുപോന്ന മനുഷ്യരെക്കൊണ്ട് അവരുടെ അയൽക്കാരിയെ ബലാത്സംഗം ചെയ്യിപ്പിക്കുന്നത്, ഇന്നലെ തന്റെ കടയിൽ നിന്നും മിട്ടായി വാങ്ങിപ്പോയിരുന്ന കുഞ്ഞിന്റെ തലയടിച്ചു പിളർത്തുന്നത്, നാളെ ജനിക്കാൻ പോകുന്ന ശത്രുവായി ഒരു ഭ്രൂണത്തെപ്പോലും വയറുകീറി ശൂലത്തിൽ കോർക്കുന്നത് . ഒരു സാധാരണ മനുഷ്യനത് ചെയ്യില്ല, എന്നാൽ വെറുപ്പിന്റെ പ്രത്യയശാസ്ത്രം സ്വാഭാവികമായ ജീവിതമായി ഉള്ളിൽക്കയറിയ മനുഷ്യനത് ചെയ്യും. മതഭ്രാന്തന്മാരും വർഗീയവാദികളും അത് ചെയ്യാൻ ശേഷിയുള്ളവരാണ്. ഒരു സംഘപരിവാറുകാരൻ ഈ വെറുപ്പ് വിതയ്ക്കുന്ന രാഷ്ട്രീയത്തിന്റെ പ്രചാരകനാണ്.

ഹിന്ദുത്വ രാഷ്ട്രീയം അതിന്റെ കൊലപാതകയന്ത്രമാക്കി മാറ്റിയ പരിവാര സംഘടനകളിൽ നിന്നും ആ ദൗത്യം ഒരു സാമൂഹ്യപ്രയോഗമാക്കി മാറ്റുമ്പോഴാണ് അവർ സമൂഹത്തെ ഹിംസാത്മകമാക്കുക എന്ന അജണ്ടയിൽ വിജയിക്കുന്നത്. ഒരു മുസ്ലീമിനെ കൊല്ലണം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയാത്തവിധത്തിൽ ഈ സമൂഹത്തിൽ സ്വാഭാവികജീവിതം ജീവിക്കുന്ന ഒരു മനുഷ്യനെ തോന്നിപ്പിച്ചുതുടങ്ങിയാൽ ഈ രാജ്യത്തിന്റെ ഓരോ കോശത്തിലും ആഭ്യന്തരകലാപത്തിന്റെ രോഗാണുക്കളെ അത് വിതച്ചുകഴിഞ്ഞിരിക്കുന്നു. ഗാന്ധിയെ കൊന്ന ഗോഡ്‌സെ ഇതേ ‘ഹിന്ദുത്വ രാഷ്ട്രീയ പുണ്യപ്രവർത്തിയിലൂടെ” സ്വയം സാധൂകരിച്ച ഹിന്ദു ഭീകരവാദിയായിരുന്നു. നൂറുകണക്കിന് മുസ്ലീങ്ങളെ കൊന്നൊടുക്കിയ ഗുജറാത്ത് വംശഹത്യയെ ആസൂത്രണം ചെയ്ത നരേന്ദ്ര മോദി മുതലുള്ള ഹിന്ദുത്വ ഫാഷിസ്റ്റുകൾ ഇതേ സ്വാഭാവികതയോടെയാണ് അത് ചെയ്തത്. അതേ പകയുടെയും വെറുപ്പിന്റെയും രാഷ്ട്രീയം, വീട്ടിൽ നല്ല സഹോദരനും ഭര്ത്താവും മകനുമൊക്കെയായായിരിക്കാവുന്ന ഒരു മനുഷ്യൻ അതേ സ്വാഭാവികമായ ജീവിതബോധ്യത്തോടെ മുസ്ലീങ്ങളെ കൊന്നു പടർത്തുമ്പോൾ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വെറുപ്പിന്റെ രാഷ്ട്രീയം ഈ നാടിനെ വലിച്ചെറിഞ്ഞ തകർച്ചയുടെ കൊല്ലികളുടെ ഇരുട്ട് നമ്മെ വെളിച്ചത്തെക്കുറിച്ച് ഓർക്കാൻ കഴിയാത്തവണ്ണം ഭീതിദമായി മൂടുകയാണ്.

ഈ നാട്ടിൽ ജീവിക്കാൻ മോദിക്കും യോഗിക്കും വോട്ടു ചെയ്യുകയാണ് വേണ്ടത് എന്ന രാഷ്ട്രീയപ്രസ്താവന വളരെ ശാന്തമായി പറഞ്ഞുകൊണ്ടാണ് മുസ്ലീങ്ങളാണ് എന്ന ഒറ്റക്കാരണത്താൽ താൻ കൊന്നുതള്ളിയ അപരിചിതരായ മനുഷ്യരുടെ ചോര കാലിൽത്തട്ടി ഒഴുകുന്നിടത്ത് ചേതൻ സിങ് നിൽക്കുന്നത്. അയാൾക്ക് മാനസിക രോഗമാണെന്ന് പൊലീസ് പറയുന്നു. ആ രോഗത്തിന്റെ പ്രചാരകരുടെയും രോഗം പടർത്തുന്ന രാഷ്ട്രീയബാധകളുടെയും പേരാണ് അയാൾ ആദ്യം പറഞ്ഞത്. ഇത് മനോരോഗമാണെങ്കിൽ ഇന്ത്യ ഭയാനകമായ വേഗത്തിൽ ഈ രോഗത്തിന്റെ പിടിയിലേക്ക് വീഴുകയാണ്. നിങ്ങളുടെ അയൽക്കാരൻ, നിങ്ങളുടെ സുഹൃത്ത്, നിങ്ങളുടെ സഹോദരൻ അങ്ങനെയാരും ഈ രോഗത്തിന്റെ വാഹകരാകാം. ഉള്ളിലെ കണ്ണാടിയിലേക്ക് നോക്കൂ, അത് നിങ്ങൾത്തന്നെയുമാകാം.

വെറുപ്പും പകയും രാഷ്ട്രീയ,സാമൂഹ്യാധികാരത്തിന്റെ ഇന്ധനമാകുന്ന സമൂഹത്തിൽ ഭയവും നിശബ്ദതയും അതിന്റെ വിധേയ പങ്കാളികളാകുന്നു. നിങ്ങളുടെ നിശബ്ദത നിങ്ങളെ വീർപ്പുമുട്ടിക്കുന്നില്ലെങ്കിൽ ചേതൻ സിങ് നിങ്ങളുമാകാം.

പ്രമോദ്‌ പുഴങ്കര

You may also like

Leave a Comment