വഖഫ് ഭേദഗതി നിയമത്തിന് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് കേന്ദ്ര വഖഫ് കൗൺസിലിലെയും സംസ്ഥാന വഖഫ് ബോർഡുകളിലെയും മുസ്ലീങ്ങളല്ലാത്ത അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിലൂടെയും വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ ഉദ്യോഗസ്ഥരുടെ അധികാരങ്ങൾ നിയന്ത്രിക്കുന്നതിലൂടെയും ഭാഗിക ആശ്വാസം മാത്രമേ നൽകുന്നുള്ളൂ. എന്നാൽ, മുസ്ലീം സമുദായത്തെ ലക്ഷ്യമാക്കി വിവേചനം കാണിക്കുന്ന മോദി ഭരണകൂടത്തിന്റെ ഹിന്ദുത്വ അജണ്ടയിൽ നിന്ന് ഉരുത്തിരിഞ്ഞ ഭേദഗതിയുടെ മുസ്ലീം വിരുദ്ധ സത്തയിലേക്ക് ഇത് കടക്കുന്നില്ല. വഖഫ് സ്ഥാപനങ്ങളിൽ മുസ്ലീങ്ങളല്ലാത്തവരെ നിർബന്ധമായും ഉൾപ്പെടുത്തണമെന്ന വഖഫ് ഭേദഗതിയിലെ വ്യവസ്ഥയിൽ കോടതി ഇടപെടുന്നില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായ വസ്തുത. ഹിന്ദു, ക്രിസ്ത്യൻ, സിഖ് തുടങ്ങിയ മറ്റ് എല്ലാ മതങ്ങൾക്കും അവരുടെ വിശ്വാസത്തിലെ അംഗങ്ങളെ മാത്രം അതത് മത സ്ഥാപനങ്ങളിൽ നിലനിർത്താൻ അവകാശമു ണ്ട് എന്ന കാര്യം കോടതി പരിഗണിച്ചിട്ടില്ല. ഇത് മുസ്ലീങ്ങൾക്കെതിരായ ഒരു വിവേചനമാണ്. ഓരോ മത വിഭാഗത്തിനും സ്വന്തം സ്ഥാപനങ്ങൾ ഭരിക്കാനുള്ള അവകാശം ഉറപ്പുനൽകുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 26 ന് വിരുദ്ധമാകയാൽ വഖഫ് ഭേദഗതിയിലെ ഈ വ്യവസ്ഥ തീർത്തും ഭരണഘടനാ വിരുദ്ധമാണ്. ഇതോടൊപ്പം, വഖഫ് രൂപീകരിക്കുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും വ്യവസ്ഥ ചെയ്തിരിക്കുന്ന കർശന നിബന്ധനകൾ പോലുള്ള മറ്റ് ഗുരുതരമായ വിഷയങ്ങളിലേക്ക് കോടതി കടന്നിട്ടില്ല, ഇവയും ഭേദഗതിയുടെ കാതലായ വശങ്ങൾ തന്നെയാണ്.
ഇന്ത്യൻ ഭരണഘടനയിലെ മതേതരത്വം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് മതപരമായ കാര്യങ്ങളിൽ നിന്ന് ഭരണകൂടം “തത്വാധിഷ്ഠിതമായ അകലം” പാലിക്കുക, പക്ഷപാതമോ വിവേചനമോ ഇല്ലാതെ എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുക, ഒരു പ്രത്യേക മതം മറ്റൊരു മതത്തിന്മേൽ ആധിപത്യം ചെലുത്തുന്നത് തടയുക എന്നൊക്കെയാണ്. ഇന്ത്യയിൽ, ഏതെങ്കിലും മതത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് മതപരമോ ജീവകാരുണ്യപരമോ ആയ ആവശ്യങ്ങൾക്കായി സ്വത്ത് ദാനം ചെയ്യുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇപ്പോൾ വഖഫ് ഭേദഗതി നിയമത്തിൽ ഈ അവകാശം നിഷേധിക്കപ്പെട്ടിരിക്കുന്നു, ഇത് ഭരണഘടനാ വിരുദ്ധമാണ്. സിഎഎ, മദ്രസ നിയമം, ഏകീകൃത സിവിൽ കോഡ് തുടങ്ങിയ നിരവധി മുസ്ലീം വിരുദ്ധ നിയമങ്ങളുടെ കാര്യത്തിലെന്നപോലെ, വഖഫ് ഭേദഗതി നിയമവും വ്യക്തമായും മുസ്ലീം വിരുദ്ധമാണ്, കൂടാതെ മുസ്ലീങ്ങളെ ഇന്ത്യയുടെ ഒന്നാം നമ്പർ ശത്രുവായി ആർഎസ്‌എസ് ചിത്രീകരിക്കുന്നതുമായി ഇത് പൊരുത്തപ്പെട്ടു പോകുന്നുണ്ട്. ഭൂരിപക്ഷ ഹിന്ദുരാഷ്ട്രത്തിലേക്കുള്ള അതിവേഗ സഞ്ചാരത്തിന്റെ ഭാഗമായി ഇതിനെ മനസ്സിലാക്കേണ്ടതാണ്.
ഇതൊരു ഇടക്കാല ഉത്തരവായതിനാൽ, കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ്, ഭരണഘടനാ തത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ നിയമപരമായ വഴികളും അവലംബിക്കാൻ ബന്ധപ്പെട്ട എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ട്. അതേസമയം, വഖഫ് ഭേദഗതിക്ക് പിന്നിലെ ഹീനമായ ഹിന്ദുത്വ അജണ്ടയെ തുറന്നുകാട്ടാനും ചെറുക്കാനും എല്ലാ ഫാസിസ്റ്റ് വിരുദ്ധ, മതേതര, ജനാധിപത്യ ശക്തികളും മുന്നിട്ടിറങ്ങണം. കൂടാതെ ഈ മുസ്ലീം വിരുദ്ധ നിയമം എത്രയും വേഗം പിൻവലിക്കാൻ മോദി ഭരണകൂടത്തിൽ സമ്മർദ്ദം ചെലുത്തുകയും വേണം.
2025 ഏപ്രിൽ 3-ന് പുറത്തിറക്കിയ ഞങ്ങളുടെ പ്രസ്താവനയ്‌ക്കുള്ള ലിങ്ക് കാണുക.
https://www.facebook.com/share/p/19M1yGp6SZ/?mibextid=wwXIfr
പി ജെ ജെയിംസ്
ജനറൽ സെക്രട്ടറി
സിപിഐ (എംഎൽ) റെഡ് സ്റ്റാർ
