ജൂലൈ 29 ചൊവ്വാഴ്ച 3 PM
എറണാകുളം വഞ്ചി സ്ക്വയറിൽ.

ഉദ്ഘാടനം :
പി.ജെ. ജെയിംസ്(ജനറൽ സെക്രട്ടറി, CPI-ML റെഡ് സ്റ്റാർ )
പങ്കെടുക്കുന്നവർ :
ഡോ.വി. പ്രസാദ് ( വിദ്യാഭ്യാസ അവകാശ സമിതി അഖിലേന്ത്യാ ഫോറം),
അഡ്വ.കെ.എൻ.അനിൽകുമാർ ( കേരള യുക്തിവാദി സംഘം)
കെ. സഹദേവൻ,
സി.എസ്. മുരളി (കേരള ദലിത് മഹാ സഭ),
രാജഗോപാൽ വാകത്താനം,
പി.എൻ. പ്രോവിൻ്റ്,
കെ.കെ. ജിൻഷു ( ദളിത് ഐക്യ സമിതി)
ആൻസ് ജോർജജ് (MCPI – U) ,
ടി. ആർ.രമേഷ്,
എൻ. ബി.അജിതൻ (ശ്രീനാരായണ ദർശനവേദി )
കെ.ഗോപകുമാർ ( ഭഗത് സിംഗ് പൊളിറ്റിക്കൽ ഫോറം),
പ്രശാന്ത് അപ്പൂൾ ,
എ.എം. ലെനിന,
പി.എ.കുട്ടപ്പൻ,
വേണുഗോപാലൻ കുനിയിൽ ( കൾച്ചറൽ ഫോറം),
എം.കെ.കൃഷ്ണൻകുട്ടി തുടങ്ങിയവർ.
സുഹൃത്തുക്കളെ,
RSS നേതൃത്വത്തിലുള്ള ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ആഭിമുഖ്യത്തിൽ രണ്ടു ദിവസം പിറവത്ത് നടന്ന ദേശീയ വിദ്യാഭ്യാസ ചിന്താ ശിബിരവും തുടർന്നു കേരളത്തിൽ നിന്നടക്കമുള്ള യൂണിവേഴ്സിറ്റി വൈസ് ചാൻസിലർമാർ, വിദ്യാഭ്യാസ മന്ത്രിമാർ, കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാഭ്യാസ സ്ഥാപന മേധാവികൾ തുടങ്ങിയവർ പങ്കെടുക്കുന്ന ജ്ഞാന സഭയും ഹിന്ദുത്വ പ്രത്യയശാസ്ത്രം വിദ്യാഭ്യാസരംഗത്ത് അടിച്ചേൽപ്പിക്കാനുള്ള വിശാലവും സംഘടിതവുമായ പദ്ധതിയുടെ ഭാഗമാണ്.
ജാതിവ്യവസ്ഥ സൃഷ്ടിച്ച അമാനവികതകൾക്കെതിരെ ഏറ്റവും അടിത്തട്ടിൽ നിന്നും ഉയർന്നു വന്നതാണ് കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങൾ എന്നതിനാൽ അതിൻ്റെ ഗുണഫലങ്ങളായി മതേതരത്വവും വിമർശനാത്മക വിദ്യാഭ്യാസവും സാമൂഹിക പുരോഗതിയും കേരളത്തിൽ പരിമിതമായെങ്കിലും ദീർഘകാലമായി നിലനിൽക്കുന്നുണ്ട്.
അതിനെ പൂർണ്ണമായും ഇല്ലാതാക്കി തങ്ങളുടെ ഹിന്ദുത്വ അജണ്ട എല്ലായിടത്തും നടപ്പാക്കാനാണ് RSS മേധാവി മോഹൻ ഭഗവത് മുഴുവൻ സമയവും പങ്കെടുക്കുന്ന ഈ വിദ്യാഭ്യാസ സമ്മേളനങ്ങളിലൂടെ സംഘപരിവാർ ലക്ഷ്യമിടുന്നത്.
പരമ്പരാഗത വിജ്ഞാനത്തെ പുനരുജ്ജീവിപ്പിക്കുക, പുരാതന ധാർമ്മിക മൂല്യങ്ങൾ വളർത്തുക തുടങ്ങിയ വാചകമടികൾക്ക് പിന്നിൽ, വിദ്യാഭ്യാസ സമ്പ്രദായത്തെ സംഘപരിവാറിൻ്റെ മൂല്യങ്ങൾക്കും ലോകവീക്ഷണത്തിനും അനുസൃതമായി മാറ്റിയെടുക്കാനുള്ള കേന്ദ്രീകൃത പ്രത്യയശാസ്ത്ര നിയന്ത്രണത്തിനുള്ള വ്യക്തമായ ശ്രമമാണുള്ളത്.
വിജ്ഞാനപാരമ്പര്യങ്ങൾ, പരമ്പരാഗത വൈദ്യം, ഇവയെ മുഖ്യധാരാ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച ജ്ഞാനസഭയിലെ രഹസ്യയോഗങ്ങളെ, ദേശീയ തലത്തിൽ നടന്നുകൊണ്ടിരിക്കുന്ന എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങളുടെ പരിഷ്കരണവുമായി ചേർത്തു വായിക്കേണ്ടതുണ്ട്.
ഇന്ത്യയുടെ വിദ്യാഭ്യാസ മുൻഗണനകൾ
മാത്രമല്ല, അതിൻ്റെ ചരിത്രം, വൈവിധ്യം, ബഹുസ്വര പൈതൃകം എന്നിവയെക്കൂടി മാറ്റിയെഴുതാനുള്ള ശ്രമമാണിത്.
“ഭാരതീയവൽക്കരണ”ത്തെ ഒരു സാർവത്രിക നന്മയായി ചിത്രീകരിക്കുന്നതിലൂടെ ആർ.എസ്. എസ്സും അതിൻ്റെ അനുബന്ധ സംഘടനകളും കേരളത്തിലെ വിദ്യാഭ്യാസത്തിൻ്റെ സവിശേഷമായ മതേതരവും യുക്തിസഹവുമായ ഉള്ളടക്കത്തെ അവഗണിക്കുകയും ആക്രമിക്കുകയുമാണ് ചെയ്യുന്നത്.
ഇത്തരം പരിപാടികളിലൂടെ അധ്യാപകരെയും നയരൂപകർത്താക്കളെയും ഏകോപിപ്പിക്കാനുള്ള ശ്രമങ്ങളും ദേശീയ വിദ്യാഭ്യാസനയം (NEP) നടപ്പിലാക്കാനുള്ള നീക്കങ്ങളും ആത്യന്തികമായി പാഠ്യപദ്ധതി രൂപകൽപ്പനയിലുള്ള സംസ്ഥാനത്തിൻറെ സ്വയം ഭരണാധികാരത്തെയും വിമർശനാത്മകവും ശാസ്ത്രീയവും ഉൾക്കൊള്ളുന്നതുമായ പഠനത്തോടുള്ള പ്രതിബദ്ധതയെയും ദുർബലപ്പെടുത്താനുള്ള ആസൂത്രിത പരിപാടിയായി കാണേണ്ടതുണ്ട്.
അടുത്തിടെ എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങളിൽ വരുത്തിയ സമഗ്രമായ മാറ്റങ്ങളും ജ്ഞാനസഭയിൽ പ്രോത്സാഹിപ്പിക്കപ്പെടുന്ന പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നതാണ്.
മുഗൾ രാജവംശം, ഡൽഹി സുൽത്താനേറ്റ്, മറ്റ് ഇസ്ലാമിക ഭരണാധികാരികൾ എന്നിവയെക്കുറിച്ചുള്ള അധ്യായങ്ങൾ ഒഴിവാക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നു, ബാബറിനെ ക്രൂരനും നിർദ്ദയനുമായും അക്ബറിനെ സമ്മിശ്ര സ്വഭാവക്കാരനായും ഔറംഗസീബിനെ ക്ഷേത്രങ്ങൾ തകർത്ത ഭരണാധികാരിയായും ചിത്രീകരിക്കുന്നു.
ഇതുവഴി ബഹുസ്വര ചരിത്രങ്ങളെ മായ്ച്ചുകളയുകയും ഭൂരിപക്ഷ ആഖ്യാനങ്ങളെ മാത്രം മഹത്വവൽക്കരിക്കുകയും ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയുമാണ് ചെയ്യുന്നത്.
ഗുജറാത്ത് കലാപം, ബാബറി മസ്‌ജിദ് തകർക്കൽ, ഗാന്ധിവധത്തിൽ ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകളുടെ പങ്ക്എന്നിവയെ ക്കുറിച്ചുള്ള പരാമർശങ്ങൾ നീക്കം ചെയ്യുന്നു.
വിദ്യാർത്ഥികളുടെ “ഭാരം” കുറയ്ക്കുക എന്ന വ്യാജേന അസുഖകരമായ സത്യങ്ങളും വർഗീയ അതിക്രമങ്ങളും മറച്ചുവെക്കുന്നു.
ഇന്ത്യൻ സംസ്‌കാരത്തിന്റെ പുരാണവൽക്കരിക്കപ്പെട്ട വശങ്ങൾ ആഘോഷിക്കുകയും അതേസമയം ശാസ്ത്രീയ മനോഭാവത്തെയും മതേതരമൂല്യങ്ങളെയും ദുർബലപ്പെടുത്തുകയും ചെയ്യുന്നു.
ഈ പാഠപുസ്തകങ്ങളുടെ ഹിന്ദുത്വവൽക്കരണത്തിന് അതിന്റെ തത്വശാസ്ത്രപരവും തന്ത്രപരവുമായ അടിത്തറകണ്ടെത്തുന്നത് ജ്ഞാനസഭപോലുള്ള ഒത്തു ചേരലുകളിലാണ്. ഇത്തരം പാഠ്യപദ്ധതി മാറ്റങ്ങൾക്ക് അധ്യാപകർക്കിടയിൽ സമവായം സൃഷ്‌ടിക്കുന്നതിനും ഇന്ത്യയുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് ഏകീകൃതവും അബദ്ധജഡിലവുമായ ഒരു കാഴ്ച്‌ചപ്പാട് രൂപപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇവ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഈ സാഹചര്യത്തിൽ
നമ്മൾ ഭരണഘടനാപരമായ മതേതരത്വത്തിന്റെയും ശാസ്ത്രീയ മനോഭാവത്തിന്റെയും ജനാധിപത്യ മൂല്യങ്ങളുടെയും അന്തഃസത്ത ഉയർത്തിപ്പിടിക്കേണ്ടതുണ്ടെന്നും
വിദ്യാഭ്യാസത്തെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനനുസരിച്ച് പുനർ രൂപകൽപ്പനചെയ്യാനുള്ള ഫാസിസ്റ്റ് തന്ത്രങ്ങളെ ചെറുത്ത്
ശാസ്ത്രീയവും പുരോഗമനപരവും മതേതരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ വിദ്യാഭ്യാസത്തിനായി രംഗത്തിറങ്ങേണമെന്നുമുള്ള കാഴ്ചപ്പാടോടെയാണ് എറണാകുളം വഞ്ചി സ്ക്വയറിൽ ജൂലൈ 29 ന് ജനാധിപത്യ സംഗമം സംഘടിപ്പിച്ചിട്ടുളളത്.
സംഗമത്തിന് മുഴുവൻ ജനാധിപത്യ ശക്തികളുടെയും പിന്തുണയും പങ്കാളിത്തവും അഭ്യർത്ഥിക്കുന്നു.
കോർഡിനേഷൻ കമ്മിറ്റി.
ജാതി ഉന്മൂലന പ്രസ്ഥാനം
Contact:
9447809149, 6238870492
