Home » സി പി ഐ (എം.എൽ) റെഡ്സ്റ്റാർ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.

സി പി ഐ (എം.എൽ) റെഡ്സ്റ്റാർ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.

by Jayarajan C N

മുണ്ടക്കൈ: പുനരധിവാസം അടിയന്തിരമായി പൂർത്തിയാക്കുന്നതോടൊപ്പം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളും ആവശ്യപ്പെട്ട് സി പി ഐ (എം.എൽ) റെഡ്സ്റ്റാർ നേതൃത്വത്തിൽ അനിശ്ചിത കാല സമരം ആരംഭിച്ചു.

ഹാരിസൺസ് ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഭൂമാഫിയകൾ നിയമവിരുദ്ധമായി കയ്യടക്കിയ മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക, ഉരുൾപൊട്ടൽ സാദ്ധ്യതാ മേഖലയിലുള്ള മുഴുവൻ കുടുംബങ്ങൾക്കും കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവസിപ്പിക്കുക, ദുരന്തബാധിതരുടെ മുഴുവൻ കടങ്ങളും എഴുതി തള്ളുക, പശ്ചിമഘട്ടത്തെ തകർക്കുന്ന തുരങ്ക പാത പദ്ധതി ഉപേക്ഷിക്കുക, പരിസ്ഥിതിലോല മേഖലയിലെ ക്വാറികളും റിസോർട്ടുകളും മുഴുവൻ അനധികൃത നിർമ്മിതികളും അടച്ചു പൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് 27.08.24, ചൊവ്വാഴ്ച്ച രാവിലെ വയനാട് കളക്ടറേറ്റ് പടിക്കൽ ആരംഭിച്ച റിലേ ഉപവാസ സമരം CPI (ML) ജനറൽ സെക്രട്ടറി സഖാവ് പി.ജെ. ജയിംസ് ഉദ്ഘാടനം ചെയ്തു.
വനിതാ സംഘടന കേന്ദ്ര കമ്മിറ്റിയംഗം സ. ബിജി ലാലിച്ചനാണ് ആദ്യദിനം ഉപവാസം അനുഷ്ഠിക്കുന്നത്.
ആഗോള കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉണ്ടായിക്കൊണ്ടിരിക്കുന്ന അതി തീവ്ര മഴയടക്കമുള്ള പ്രതിഭാസങ്ങൾ സൃഷ്ടിക്കുന്ന ദുരന്തങ്ങളുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കും കോർപ്പറേറ്റുകൾക്കും ഒഴിഞ്ഞുമാറാനാകില്ലന്നും
ഭരണകൂട ഒത്താശയോടെ കേരളത്തിൻ്റെ പശ്ചിമഘട്ട മേഖല വിദേശതോട്ടം കുത്തകകളും അവരുടെ ബിനാമികളായ നാടൻ കുത്തകകളും റിസോർട്ട് മാഫിയകളും കയ്യടക്കിയതിൻ്റെ പരിണിതിയാണ് മുണ്ടക്കെെയും ചൂരൽമലയും സൃഷ്ടിച്ചതെന്നും
ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ കോർപ്പറേറ്റ് ബാന്ധവങ്ങളിലൂടെ സർക്കാർ നടപ്പാക്കുന്ന പുനരധിവാസ പദ്ധതികൾ പ്രഹസനമാകുന്നതിൻ്റെ തെളിവുകളാണ് പെട്ടിമുടി മുതൽ പുത്തുമല വരെ ആവർത്തിച്ചതെന്നും ഇതു തന്നെയാണ് മുണ്ടക്കെെയിലും ഉണ്ടാകാൻ പോകുന്നതെന്നാണ് പിണറായി സർക്കാരിന്റെ പുനരധിവാസ പ്രഖ്യാപനങ്ങളും വ്യക്തമാക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തിൽ സ:പി.ജെ. ജയിംസ് പറഞ്ഞു.
ജില്ലാ സെക്രട്ടറി സ:കെ.വി. പ്രകാശൻ്റെ അദ്ധ്യ ക്ഷതയിൽ ആരംഭിച്ച സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സ:എം.പി. കുഞ്ഞിക്കണാരൻ (സംസ്ഥാന സെക്രട്ടറി) കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സഖാക്കൾ പി.എൻ. പ്രോവിൻ്, എം.കെ. ദാസൻ, വനിതാ സംഘടന സംസ്ഥാന കൺവീനർ സ:എ. എം. സ്മിത, സ: ടി.സി സുബ്രഹ്മണ്യൻ (TUCI സംസ്ഥാനസെക്രട്ടറി), സംസ്ഥാന കമ്മിറ്റി അംഗം സ:പി.എം. ജോർജ്ജ്, സഖാക്കൾ കെ.ജി. മനോഹരൻ, എം.കെ. ഷിബു (ജില്ല കമ്മിറ്റി അംഗങ്ങൾ) എന്നിവർ പ്രസംഗിച്ചു.

കെ.വി. പ്രകാശ്,
ജില്ലാ സെക്രട്ടറി,
CPI (ML) റെഡ് സ്റ്റാർ

27/8/24
കല്പറ്റ

You may also like

Leave a Comment