നാനാ പടേക്കർ IFFK മേളയുടെ ഉദ്ഘാടകനും സംസ്ഥാനത്തിന്റെ വിശിഷ്ടാതിഥിയും ആകുന്നത് അപമാനകരം
കൾച്ചറൽ ഫോറം
മലയാളസിനിമയിലെ ആണധികാരഘോഷണത്തിന്റേയും പച്ചയായ മാടമ്പിത്തരങ്ങളുടേയും പേരിൽ മാത്രം അറിയപ്പെടുന്ന രഞ്ജിത്തിനെപ്പോലുള്ള ഒരു മൂന്നാം കിട സംവിധായകൻ കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ ആയതിനു ശേഷം നടന്ന എല്ലാ ചലച്ചിത്ര മേളകളും, മലയാളിയുടെ ചലച്ചിത്ര അവബോധത്തെ വെല്ലുവിളിക്കുകയും,നമ്മുടെ പൊതുവായ ജനാധിപത്യ-സ്ത്രീപക്ഷനിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിക്കുകയും ചെയ്യുന്ന വാണിജ്യ സംരംഭങ്ങൾ മാത്രമായി അധ:പതിക്കുകയും അത് മലയാളികളായ ചലച്ചിത്രാസ്വാദകരെ ഏറെ ദു:ഖിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ആ നിരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാവുകയാണ് IFFK ചലച്ചിത്ര മേളയുടെ ഉദ്ഘാടകൻ ആയി നാനാപടേക്കർ തെരഞ്ഞെടുക്കപ്പെടുകയും ഇടതുപക്ഷം എന്നവകാശപ്പെടുന്ന ഒരു സർക്കാറിന്റെ അതിഥിയായി എത്തി അദ്ദേഹം മേളയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്ത സംഭവം.
നാനാ പടേക്കറിന്റെ അഭിനയമികവിന്റെ വിചാരണയല്ല ഈ കുറിപ്പ്. അദ്ദേഹം പ്രഗത്ഭനായ നടൻ ആണെന്നതിൽ തർക്കവുമില്ല.മറിച്ച് കൃത്യമായ നവഫാസിസ്റ്റ് അജണ്ടകളിലൂടെ ഒരു രാജ്യത്തെ വളരെ ബോധപൂർവ്വം ഹിന്ദുത്വ ശക്തികൾ നയിച്ചു കൊണ്ടിരിക്കുകയും സുരേഷ് ഗോപിയെപ്പോലുള്ള ഒരു പക്ക സംഘപരിവാർ രാഷ്ട്രീയക്കാരനെ സത്യജിത്‌റേ ഫിലിം ഇൻസ്റ്റിട്ട്യൂട്ടിലെ മേധാവി ആയി നിയമിക്കുന്നിടത്തോളം അത് പ്രത്യക്ഷ നടപടികളിലേക്ക് അധ:പതിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ,കേരളം പോലുള്ള ഒരു സംസ്ഥാനം പുലർത്തേണ്ടതായ ജാഗ്രത പൂർണ്ണമായും കയ്യൊഴിഞ്ഞ നടപടിയാണ് മേളയിലെ നാനാ പടേക്കറിന്റെ “വിശിഷ്ട സാന്നിധ്യം”.
ഇന്ത്യയുടെ സാംസ്കാരിക ഭൂമികളിൽ സംഘപരിവാർ നടത്തുന്ന അന്യമത വിദ്വേഷത്തിന്റേതായ മലിനീകരണം എല്ലാ അർത്ഥത്തിലും പ്രകടമായ രണ്ടു സിനിമകൾ ആണ് കശ്മീർ ഫയലും അതേ പോലെ കേരള സ്റ്റോറിയും.ഇസ്ലാമോഫോബിയ ഉൽപാദിപ്പിച്ച് ജനങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുക എന്ന ദൗത്യം മാത്രം പേറുന്ന ഈ സിനിമകളെ എല്ലാ അർത്ഥത്തിലും പിന്തുണച്ചും ന്യായീകരിച്ചും കൊണ്ടിരുന്നയാളാണ് നാനാ പടേക്കർ എന്ന് കേരള ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ മറന്നു പോയത് അദ്ദേഹത്തിനു പറ്റിയ ഓർമ്മക്കുറവായി കാണാൻ കഴിയില്ല.
കേന്ദ്രം പച്ചക്ക് ദേശീയ ചലച്ചിത്രോത്സവത്തിലൂടെ സംഘപരിവാർ പ്രൊപ്പഗാണ്ട നടപ്പിലാക്കി മുന്നേറുമ്പോൾ അതേ ഓളത്തിലും താളത്തിലും ഇവിടെ IFFK യിലും സാംസ്കാരിക മലിനീകരണം നടത്തുകയാണ് ഇടതുപക്ഷം.
കലയുടേയും സാഹിത്യത്തിൻ്റെയും സാംസ്കാരത്തിൻ്റെയും മണ്ഡലങ്ങളിൽ പൊളിറ്റിക്കൽ ഹിന്ദുത്വത്തിന് പ്രത്യക്ഷമായും പരോക്ഷമായും സൂക്ഷ്‌മതലത്തിൽ ഇടപെടാൻ അവസരമുണ്ടാക്കുന്ന ചലച്ചിത്ര അക്കാദമിയുടെ നട പടികളിൽ
” കൾച്ചറൽ ഫോറം കേരള” ശക്തമായി പ്രതിഷേധിക്കുന്നു.
ഒരു ഭാഗത്ത് ഡോ:ബിജുവിനെപ്പോലുള്ള അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്രപ്രവർത്തകരെ മാടമ്പി വാഴ്ചക്കു ചേരും വിധം അപമാനിക്കുന്ന അക്കാദമി ചെയർമാൻ വളരെ ബോധപൂർവ്വമാണ് ഈ തെരഞ്ഞെടുപ്പു നടത്തിയിട്ടുള്ളതെന്നും ഞങ്ങൾ കരുതുന്നു.
ഇക്കാര്യത്തിൽ കേരള സ്റ്റോറിക്കെതിരെ ഉപന്യാസവും പ്രബന്ധവും രചിച്ച പുകസ,യുവകലാസാഹിതി സംഘടനകളും കേരളത്തിലെ പ്രഖ്യാപിത ഇടത് ബുദ്ധിജീവികളും അക്കാദമി പ്രമുഖ്‌മാരും പാലിക്കുന്ന മൗനം അപമാനകരം മാത്രമല്ല കുറ്റകരം കൂടിയാണെന്നും
കൾച്ചറൽ ഫോറം അഭിപ്രായപ്പെടുന്നു.
ആയതിനാൽ രഞ്ജിതിനെ ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.
കൾച്ചറൽ ഫോറം സംസ്ഥാന സമിതി
9249123786. 9446955309 culturalforumkeralarcf@gmail.com