Home » വിലക്കയറ്റം തടയുക ; ജീവിക്കാൻ അനുവദിക്കുക

വിലക്കയറ്റം തടയുക ; ജീവിക്കാൻ അനുവദിക്കുക

by Jayarajan C N

വിലക്കയറ്റം തടയുക
ജീവിക്കാൻ അനുവദിക്കുക.
പൊതു വിതരണ സമ്പ്രദായം ശക്തിപ്പെടുത്തുക.
കാർഷികോൽപ്പന്നങ്ങളുടെ വിലത്തകർച്ച തടയുക.
കോർപ്പറേറ്റ് കൊള്ളയും അഴിമതിയും തടയുക.
സെപ്റ്റം: 11 ന്
കേന്ദ്ര – സംസ്ഥാന സർക്കാർ ഓഫീസ് മാർച്ചും ധർണ്ണയും.
CPI (ML) റെഡ് സ്റ്റാർ

സുഹൃത്തുക്കളെ ,
സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത വിലക്കയറ്റത്തെയും അഴിമതിയെയുമാണ് നാം നേരിടുന്നത്. നവലിബറൽ നയങ്ങളെന്ന പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങളാണ് അതിന് അടിസ്ഥാന കാരണം. വില നിർണ്ണയിക്കാനുള്ള അധികാരം എണ്ണക്കമ്പനികൾക്ക് വിട്ടു കൊടുത്തതിലൂടെ നിത്യേന വർദ്ധിപ്പിക്കുന്ന ഇന്ധന വില നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധനവിന് മുഖ്യ ഘടകമാണ് .
അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ ഇടിഞ്ഞിട്ടും അതിന് ആനുപാതികമായി വില കുറയ്ക്കാതെ സിലിണ്ടറിന് 200 രൂപയുടെ നാമമാത്ര കുറവ് വരുത്തി ജനങ്ങളുടെ കണ്ണിൽ പൊടിയിടുകയാണ് കേന്ദ്ര സർക്കാർ .

കുതിച്ചുയർന്ന് പോകുന്ന വിലക്കയറ്റം തടയാൻ നടപടിയെടുക്കാതെ കൂനിന്മേൽ കുരു പോലെ പുതിയ പുതിയ നികുതി വർദ്ധനവുകളും സെസുകളും ഏർപ്പെടുത്താൻ പരസ്പരം മത്സരിക്കുകയാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ .
കോർപ്പറേറ്റ് കൊള്ള തീവ്രമാക്കി അദാനി, അംബാനിമാർക്ക് കൊള്ളലാഭമുറപ്പാക്കാനായി മോദി സർക്കാർ ജനങ്ങളെ പിഴിഞ്ഞൂറ്റാൻ വിട്ടു കൊടുക്കുമ്പോൾ കേന്ദ്രത്തിന് ബദലാണെന്ന് അവകാശപ്പെടുന്ന സംസ്ഥാന സർക്കാരും കേന്ദ്ര മാതൃകയിൽ നികുതി വർദ്ധനവുകളും പുതിയ സെസുകളും ഏർപ്പെടുത്തി ജനങ്ങളെ കൊള്ള ചെയ്യുകയാണ്.
നിർമ്മാണ സാമഗ്രികളുടെ വില കുതിച്ചുയരുന്നതിനിടയിലാണ് അടുത്തിടെ ഒരു മര്യാദയും ഇല്ലാതെ കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. ഉദാഹരണത്തിന് പഞ്ചായത്തിൽ 150 ചതുരശ്ര മീറ്റർ (1615 ചതുരശ്ര അടിയോളം) വിസ്തീർണമുള്ള വീടു നിർമിക്കാൻ അപേക്ഷ, പെർമിറ്റ് ഫീസുകളുടെ ഇനത്തിൽ 555 രൂപയുടെ സ്ഥാനത്ത് ഇനി 8500 രൂപ മുടക്കണം (വർധന 1531 ശതമാനം). മുനിസിപ്പാലിറ്റിയിൽ 555 രൂപയിൽ നിന്നു 11,500 രൂപയാകും ( വർധന 2000 ശതമാനം) കോർപറേഷനിൽ ഇത് 800 രൂപയിൽ നിന്നു 16,000 രൂപയായാകും. (വർധന 2000 ശതമാനം). അപേക്ഷ ഫീസ് 100 ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്കു 300 രൂപയും 101 മുതൽ 301 വരെ ചതുരശ്ര മീറ്റർ വരെ ഉള്ള കെട്ടിടങ്ങൾക്ക് 1000 രൂപയുമായിരിക്കും. 300 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ളവയ്ക്കു പഞ്ചായത്തി‍ൽ 3000 രൂപ, നഗരസഭയിൽ 4000 രൂപ, കോർപറേഷനിൽ 5000 രൂപ എന്നിങ്ങനെ വർധിപ്പിച്ചു. ലേ ഔട്ട് അപ്രൂവലിനുള്ള സ്ക്രൂട്ടിനി ഫീസും ചതുരശ്ര മീറ്ററിന്റെ അടിസ്ഥാനത്തിൽ വർധിപ്പിച്ചു. നിരക്ക്: താമസ ആവശ്യത്തിന് 3 രൂപ, വ്യവസായം 4 രൂപ, വാണിജ്യം 4 രൂപ, മറ്റുള്ളവ 3 രൂപ.
വൻകിട ക്കാരിൽ നിന്നും പിരിച്ചെടുക്കാനുള്ള കോടിക്കണക്കിന് രൂപ നികുതി കുടിശികയായി കിടക്കുന്നു. ഈ തുക പിരിച്ചെടുക്കുന്നതിന് പകരം, ഇന്ധനത്തിന് സെസ്, നികുതി വർദ്ധനവ്, ഇതിനു പുറമേ പെർമിറ്റ് ഫീസും കൂട്ടിയത്.

നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടിക്കൊണ്ടിരിക്കുമ്പോഴും കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ചയെയാണ് കർഷകർ നേരിടുന്നത് എന്ന വിരോധാഭാസവും നിലനിൽക്കുന്നു.
പല കാർഷികോൽപ്പന്നങ്ങൾക്കും സർക്കാർ താങ്ങുവില പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഉല്പാദനച്ചെലവുകളുമായി തട്ടിച്ചു നോക്കുമ്പോൾ അവ വളരെ കുറവാണ്. മാത്രവുമല്ല; അതു പോലും ഉല്പാദനയിടങ്ങൾക്കടുത്ത് സംഭരണ സംവിധാനങ്ങളില്ലാത്തതിനാൽ കർഷകർക്ക് ലഭിക്കുന്നില്ല.
ഉല്പാദന ചെലവുകൾക്ക് ആനുപതികമായി താങ്ങുവില നിശ്ചയിക്കുകയും അത് ഉറപ്പാക്കാൻ കഴിയുന്ന വിധത്തിൽ സംഭരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുകയും വേണം.
ആഗോളീകരണ നയങ്ങളുടെ ഭാഗമായി പൊതുവിതരണ സമ്പ്രദായത്തെ തകർത്തതും ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമാണ്. എല്ലാ റേഷൻ കാർഡുടമകൾക്കും ന്യായ വിലയ്ക്ക് ഓരോ ആഴ്ചയും നിശ്ചിത യൂണിറ്റ് അരിയും മണ്ണെണ്ണയും മറ്റും നൽകേണ്ടത് സർക്കാരിന്റെ നിയമപരമായ ഉത്തരവാദിത്തമായിരുന്നു. ആ ഉത്തരവാദിത്തത്തെ കയ്യൊഴിഞ്ഞാണ് പല തരം റേഷൻ കാർഡുകളാക്കിയതും ന്യായവില റേഷൻ കടകൾക്കു പകരം മാസാമാസങ്ങളിൽ സപ്ലെ ഓഫീസർമാർ പ്രഖ്യാപിക്കുന്ന അളവിൽ മാത്രം സാധനങ്ങൾ നൽകുന്ന പൊതുവിതരണ കേന്ദ്രങ്ങളാക്കി അവയെ മാറ്റിയത്.
കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടഞ്ഞ് കർഷകർക്ക് വിളകളുടെ ന്യായവില ഉറപ്പാക്കാനും ജനങ്ങൾക്ക് ന്യായവിലക്ക് സാധനങ്ങൾ ലഭ്യമാക്കാനും ഒരു പരിധി വരെ കഴിഞ്ഞിരുന്നത് സ്റ്റാറ്റ്യൂട്ടറി റേഷൻ സമ്പ്രദായത്തിലൂടെയായിരുന്നു.
ആഗോളീകരണ നയങ്ങൾ അതിനെ തകർത്ത് അവധി വ്യാപരത്തിലൂടെയും മറ്റും കരിഞ്ചന്തയും പൂഴ്ത്തിവെപ്പും വ്യാപകമാക്കിയത് വിലക്കയറ്റത്തിന്റെ വൻ കെടുതിക്കിടയാക്കുന്നു.

സുഹൃത്തുക്കളെ ,
ദുസ്സഹമായ വിലക്കയറ്റത്തിനൊപ്പം അഴിമതിയും സ്വജന പക്ഷപാതവും എല്ലാ അതിരുകളും കടന്ന് വ്യാപകമായത് സാധാരണക്കാർക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യങ്ങൾ സൃഷ്ടിച്ചിരിക്കുന്നതിനെതിരെ
തെരുവിലിറങ്ങുകയല്ലാതെ നമുക്ക് മറ്റ് മാർഗ്ഗങ്ങളില്ല..
ഇത്തരമൊരു സാഹചര്യത്തിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ , വിലക്കയറ്റത്തിനും ചാർജ് വർദ്ധനവുകൾക്കും അഴിമതിക്കും കോർപ്പറേറ്റ് കൊള്ളയ്ക്കും എതിരെ വിട്ടുവീഴ്ചയില്ലാതെ സമരമുഖത്ത് അണി നിരക്കുവാൻ എല്ലാ വിഭാഗം ജനങ്ങളോടും അഭ്യർത്ഥിക്കുന്നു.

അഭിവാദനങ്ങളോടെ,

എം.പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി ,
CPI (ML) റെഡ് സ്റ്റാർ.

You may also like

Leave a Comment