സഖാക്കൾ നസീറുദ്ധീനും വിജയകുമാരനും അഭിവാദ്യങ്ങൾ
2008 ജനു.24 നാണ് നൂറ് കണക്കിന് ആദിവാസികൾ ഉൾപ്പെടെയുള്ള ഭൂരഹിത കുടുംബങ്ങൾ വൈത്തിരി താലൂക്കിലെ മേപ്പാടിയിൽ ഹാരിസൺസ് കൈവശം വെച്ചു കൊണ്ടിരുന്ന വിത്തുകാട് ഭൂമിയിൽ കുടിൽ കെട്ടി താമസം ആരംഭിക്കുന്നത്. വയനാട്ടിലെ ആദിവാസികളും മറ്റു തദ്ദേശീയ ജനവിഭാങ്ങളും കൈവശം വെച്ചു കൊണ്ടിരുന്ന അമ്പതിനായിരം ഏക്കറിനടുത്തു വരുന്ന ഭൂമി ഹാരിസൺസ് എന്ന ബ്രട്ടീഷ് കമ്പനി കയ്യടക്കിയിട്ട് ഒരു നൂറ്റാണ്ടിലേറെയായി. നിയമപരമായി ഒരു സെന്റ് ഭൂമി പോലും കൈവശം വെക്കാൻ അവകാശമില്ലാത്ത വിദേശകമ്പനിയുടെയും ബിനാമികളുടെയും കയ്യിലാണ് ഇപ്പൊഴും ഈ ഭൂമി. സി.പി.ഐ(എം എൽ)റെഡ്സ്റ്റാറിന്റെ മുൻകയ്യിൽരൂപം കൊടുത്ത ഭൂസമര സമിതിയാണു മേപ്പാടി ഭൂസമരത്തിന് നേതൃത്വം കൊടുത്തത്. 1970 ൽ അച്ചുതമേനോൻ സർക്കാർ കുറച്ച് ഭൂമി മിച്ചഭൂമിയായി പ്രഖ്യാപിച്ച് ഏറ്റെടുത്തെങ്കിലും, 35 വർഷങ്ങൾ പിന്നിട്ടിട്ടും ഭൂരഹിതർക്ക് വിതരണം ചെയ്യാതെ കസ്റ്റോഡിയനായി വനം വകുപ്പിനെ ഏൽപ്പിക്കുകയായിരുന്നു. തൊവരിമലയിൽ കണ്ടതു പോലെ കോഴിയെ വളർത്താൻ കുറുക്കനെ ഏൽപ്പിക്കുന്ന രീതിയായിരുന്നു ഇത്. കമ്പനി മാനേജ്മെന്റ് യഥേഷ്ടം ഈ ഭൂമി ഉപയോഗിക്കുമ്പോൾ വനം വകുപ്പ് മൗനം പാലിക്കും. 1970 ൽ ഏറ്റെടുത്ത ഭൂമി സർക്കാർ അനാസ്ഥ കാരണം ഹാരിസൺസ് തിരിച്ചു പിടിച്ചു കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഭൂസമര സമിതിയുടെ നേതൃത്വത്തിൽ മേപ്പാടി വിത്തു കാട്ടിൽ സമരമാരംഭിക്കുന്നത്.
പാെലീസിന്റെയും വനം വകുപ്പിന്റെയും സർവ്വ സന്നാഹങ്ങളെയും തൃണവൽഗണിച്ചു കൊണ്ട് സമരം നാൾക്കുനാൾ ശക്തിപ്പെട്ടു. മാവോയിസ്റ്റ് അക്രമണമെന്ന് തുടങ്ങി മുത്തങ്ങ സമരത്തിൽ കണ്ടതു പോലെ സമരത്തെ തകർക്കാൻ സർക്കാർ പല വിധ അടവുകളും പയറ്റി. ഭൂസമര സമിതിയുടെയും സി.പി ഐ(എം.എൽ) റെഡ് സ്റ്റാറിന്റെയും നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെ കീഴ്പ്പെടുത്തുക സാധ്യമല്ലന്ന് മനസ്സിലാക്കിയ സർക്കാർ മൂന്ന് മാസം പിന്നിട്ടപ്പോൾ അതുവരെ സമരഭൂമിയിൽ ഏർപ്പെടുത്തിയിരുന്ന പാെലീസ് ഉപരോധം പിൻവലിക്കുവാൻ നിർബ്ബന്ധിതമായി. പക്ഷെ സമരത്തെ തകർക്കുന്നതിനുളള നിരവധി നീക്കങ്ങൾ ഗൂഢാലോചനാപരമായി നടത്തിക്കൊണ്ടിരുന്നു. CPM നേതൃത്വത്തിലും ജനതാദൾ എം.എൽ.എ ആയിരുന്ന ശ്രേയാംസ് കുമാറിന്റെ നേതൃത്വത്തിലും സമരത്തെ തകർക്കാൻ ശക്തമായ നീക്കങ്ങൾ നടത്തി. ഭൂസമരസമിതി നേതൃത്വത്തിൽ മീനങ്ങാടിയിൽ ആദിവാസി ഭൂമിയും സർക്കാർ ഭൂമിയും തട്ടിയെടുത്ത ശ്രേയാംസ് കുമാറിനെതിരെ നടന്ന സമരത്തി നോടുള്ള പ്രതികാരം തീർക്കാൻ ഗുണ്ടകളെ അയച്ച് മേപ്പാടി സമരത്തെ തകർക്കാനും ശ്രമം നടത്തുകയുണ്ടായി. ഇങ്ങനെയുള്ള
നിരവധി ശ്രമങ്ങളെ ധീരമായി നേരിട്ടു കൊണ്ടാണ് മേപ്പാടി ഭൂസമരം മുന്നോട്ട് പോയത്. മേപ്പാടി ഭൂസമരത്തിൽ സജീവ പങ്കാളിത്തം വഹിച്ചവരെ കള്ളക്കേസിൽ കുടുക്കുവാനും ഗവൺമെന്റ് കിണഞ്ഞു ശ്രമിച്ചു കൊണ്ടിരുന്നു.
സമരഭൂമിയിലെ താമസക്കാരായ ഭൂരഹിതരെ വഴിയിൽ തടഞ്ഞു
ഭീഷണിപ്പെടുത്തുക, കയ്യേറ്റം ചെയ്യുക തുടങ്ങി നിരവധി അക്രമങ്ങൾ നടന്നപ്പോൾ സമരഭൂമിയെ സംരക്ഷിക്കാൻ എന്തു വില കൊടുക്കാനും തയാറായിക്കൊണ്ടു നിരവധി സഖാക്കൾ മുന്നോട്ടു വന്നു.
ഇത്തരമൊരു ഘട്ടത്തിലാണ് സഖാക്കൾ നസീറുദ്ധീൻ, വിജയകുമാരൻ ഉൾപ്പെടെ അഞ്ചു സഖാക്കൾക്കെതിരെ പാെലീസ് കള്ളക്കേസ് എടുക്കുന്നത്.
വിചാരണ കോടതിയായ കൽപ്പറ്റ സെഷൻസ് കോടതി സഖാക്കളെ ശിക്ഷിച്ചെങ്കിലും മേൽ കോടതിയിലെ അപ്പീലിൽ ഗൂഢാലോചന, വധശ്രമം പോലുള്ള കെട്ടിച്ചമച്ച വകുപ്പുകൾ തള്ളി ഹൈക്കോടതി ശിക്ഷയിൽ ഇളവു വരുത്തി. ഇപ്പോൾ സുപ്രീം കോടതിയിലെ അപ്പീൽ ഹരജി തള്ളപ്പെട്ടതു കാരണം 2 സഖാക്കൾക്ക് ശിക്ഷ സ്ഥിരപ്പെട്ടു. സഖാക്കൾ നസീറുദ്ധീനും, വിജയകുമാരനും ഇന്ന് (27-04-2023) കൽപ്പറ്റ കോടതിയിൽ ഹാജരായി സറണ്ടർ ചെയ്യുകയും സഖാക്കളെ കണ്ണുർ സെൻട്രൽ ജയിലേക്ക് അയക്കുകയും ചെയ്തു.
പാർട്ടിയുടെയും ഭൂസമര സമിതിയുടെയും നിരവധി പ്രവർത്തകർക്കൊപ്പമാണ് കോടതിയിൽ ഹാജരാകുന്നതിന് സഖാക്കൾ കൽപ്പറ്റയിൽ നിന്നു യാത്ര തിരിക്കുന്നതു്. സമരസഖാക്കളുടെ കുടുംബത്തെ സംരക്ഷിക്കുന്നതിനും മക്കളുടെ വിദ്യാഭ്യാസ മുൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുത്തു മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ പ്രവർത്തനങ്ങൾക്ക് പാർട്ടി പദ്ധതികൾ ആവിഷ്കരിച്ചു വരുന്നു. പാർട്ടിയുടെ വയനാട് ജില്ലാ കമ്മിറ്റിയിൽ അംഗങ്ങളാണ് സഖാവ് നസീറുദ്ധീനും വിജയകുമാരനും. ഭൂസമര സമിതിയുടെ നേതൃനിരയിൽ നിന്നു കൊണ്ട് തൊവരിമല ഭൂസമരത്തിലും സഖാക്കൾ സജീവ പങ്ക് വഹിച്ചിരുന്നു. ത്യാഗ പൂർണ്ണമായ സമരങ്ങളിലൂടെ സമരഭൂമിയെ സംരക്ഷിക്കാനുള്ള ഉജ്ജ്വലമായ മാതൃകയാണ് സഖാക്കൾതിരഞ്ഞെടുത്തത്. ഭരണകൂടം എത്ര തന്നെ പീഡന മടിച്ചേൽപ്പിച്ചാലും തകർന്നു പോകുന്നതല്ല സമര സഖാക്കളുടെ സമരവീര്യവും ഇച്ഛാശക്തിയും എന്ന് സഖാക്കളുടെ ജയിൽ ജീവിതം തെളിയിക്കുക തന്നെ ചെയ്യും.
സഖാക്കൾ നസീറുദ്ധീനും വിജയകുമാരനും ചുവപ്പൻ അഭിവാദനങ്ങൾ!
ഭൂസമര സമിതി സിന്ദാബാദ്
സി.പി.ഐ (എം.എൽ) റെഡ്സ്റ്റാർ സിന്ദാബാദ്
വയനാട് ജില്ലാ കമ്മി