സില്‍വര്‍ലൈന്‍ പദ്ധതി താൽകാലികമായി ഉപേക്ഷിക്കുവാനും റവന്യൂ ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കാനും ഉള്ള പിണറായി സർക്കാർ തീരുമാനം കോർപ്പറേറ്റ് വികസന നയത്തിനെതിരായ ജനകീയപ്രക്ഷോഭത്തിന്റെ വിജയമാണ്. പുരോഗമന-ജനാധിപത്യ ശക്തികളുടെ ശക്തമായ പിന്തുണയും ഈ ജനകീയ സമരത്തെ വിജയത്തിലെത്തിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് അനിവാര്യമെന്ന വാചകമടിച്ചു കൊണ്ട് കേരളത്തിന്റെ പ്രകൃതിയേയും സമ്പദ്ഘടനയേയും കോർപ്പറേറ്റ് മൂലധന താൽപര്യങ്ങൾക്ക് അടിയറ വെക്കാൻ ശ്രമിച്ച പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയേണ്ടതുണ്ട്. സാധാരണക്കാരായ ജനങ്ങളെ പോലീസ് എന്ന ഉമ്മാക്കി
കാണിച്ചും കൂലിത്തല്ലുകാരായ ഗുണ്ടകളെയും പാർട്ടി അണികളെ രംഗത്തിറക്കിയും ജനവിരുദ്ധമായ വികസന നയം നടപ്പാക്കിക്കളയാം എന്ന പിണറായിയുടെ ദിവാസ്വപ്നങ്ങൾക്കാണ് ജനകീയ ഇച്ഛാശക്തിക്ക് മുന്നിൽ മുട്ടുമടക്കേണ്ടിവന്നത്. കെ.റയിൽ പദ്ധതിക്ക് വേണ്ടി നിയമിച്ച ഉദ്യോഗസ്ഥരെ പിൻവലിക്കുക മാത്രമല്ല സമരം ചെയ്ത ജനങ്ങൾക്കെതിരെ ചുമത്തിയ മുഴുവൻ കള്ള കേസ്സുകളും അടിയന്തിരമായി പിൻവലിക്കുകയും പോലീസ് അടിച്ചമർത്തലിൽ കഷ്ട നഷ്ടങ്ങൾ നേരിട്ടവർക്ക് നഷ്ടപരിഹാരവും നൽകേണ്ടതുണ്ട്. കോർപ്പറേറ്റ് ഉപാസകരും പാദ സേവകരുമായ CPI , CPM നേതാക്കൾ ജനങ്ങളോട് മാപ്പ് പറയണം. ജനങ്ങളിൽ നിന്നു പാഠം പഠിക്കാൻ തയാറാക്കാതെ കെ. റെയിൽ പദ്ധതി വീണ്ടും അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങളിൽ നിന്നും ശക്തമായി തിരിച്ചടി ലഭിക്കുമന്നു ഇത്തരം നേതാക്കളും ഭരണാധികാരികളും മനസ്സിലാക്കുന്നത് നല്ലതാണ്.കെ.റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളിൽ വളർന്നു വന്ന പാരിസ്ഥിതിക അവബോധത്തെയും സമരസന്നദ്ധയേയും വിഴിഞ്ഞം പദ്ധതിയടക്കമുള്ള എല്ലാ കോർപ്പറേറ്റുപദ്ധതികളേയും കെട്ടുകെട്ടിക്കാനും ജനകീയ വികസന ബദൽ കെട്ടിപ്പെടുക്കാനുള്ള സമരത്തിന്റെ ഊർജ്ജമാക്കി മാറ്റേണ്ടതുണ്ട്. കെ.റെയിൽ വിരുദ്ധ സമരത്തെ വിജയത്തിലെത്തിച്ച മുഴുവൻ ജനങ്ങളെയും ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.
CPIML RED STAR
കേരള സംസ്ഥാന കമ്മിറ്റി ,