Home » ആപ്പിൾ കമ്പനി തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നു – കെ വി പ്രകാശ്

ആപ്പിൾ കമ്പനി തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നു – കെ വി പ്രകാശ്

by Jayarajan C N

 

*അമേരിക്കയിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോർ, യൂണിയൻ രൂപീകരിക്കാൻ ആപ്പിൾ കമ്പനി തൊഴിലാളികൾ തീരുമാനിച്ചു*

ഇന്ത്യയിലെ തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുമ്പോൾ അമേരിക്കയിൽ തൊഴിലാളികൾ അവകാശങ്ങൾക്കും അന്തസ്സിനും വേണ്ടി നിലപാടെടുത്ത് മുന്നോട്ട് പോകുന്നു.

മെച്ചപ്പെട്ട വേതനവും ജോലിയിലെ അന്തസ്സും, ശരിയായ തൊഴിൽ സാഹചര്യങ്ങളും ഉദ്യോഗക്കയറ്റവും (പ്രൊമോഷനും) ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തൊഴിലാളികൾ CWA (Apple Retail Union/Communications Workers of America Union) യിൽ ചേരാൻ തീരുമാനിച്ചു.

മേരിലാൻഡിലെ ആപ്പിൾ റീട്ടെയിൽ തൊഴിലാളികൾ, മുഴുവൻ തൊഴിലാളികളും യൂണിയനിൽ അംഗത്വമെടുക്കുന്ന യുഎസിലെ ആദ്യത്തെ ആപ്പിൾ സ്റ്റോർ ആയതിന് ശേഷം യൂണിയൻ രൂപീകരിക്കപ്പെടുന്ന യുഎസിലെ രണ്ടാമത്തെ ആപ്പിൾ സ്റ്റോറാണ് ഒക്ലഹോമ സിറ്റിയിലെ പെൻ സ്ക്വയർ. യുഎസ് നാഷണൽ ലേബർ റിലേഷൻസ് ബോർഡ്, വെള്ളിയാഴ്ച ഒക്‌ലഹോമ സിറ്റിയിലെ ആപ്പിൾ സ്റ്റോറിലെ തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിന് വേണ്ടിയുള്ള അഭിപ്രായ രൂപീകരണത്തിനായി അധികൃതർ സംഘടിപ്പിച്ച പരിപാടിയിൽ വോട്ട് ചെയ്ത ബാലറ്റുകൾ എണ്ണി. തൊഴിലാളികൾ യൂണിയൻ രൂപീകരിക്കുന്നതിനെ അനുകൂലിച്ചും കമ്മ്യൂണിക്കേഷൻസ് വർക്കേഴ്‌സ് ഓഫ് അമേരിക്ക യൂണിയനിൽ (CWA) ചേരുന്നതിനെ പിന്തുണച്ചുമാണ് അവർ വോട്ട് ചെയ്‌തത്.

ആൽഫബെറ്റ്, കാറ്റലിസ്റ്റ്, ആക്ടിവിഷൻ ബ്ലിസാർഡ് തുടങ്ങിയ കമ്പനികളിൽ തൊഴിലാളികളെ യൂണിയനുകൾ രൂപീകരിക്കാൻ CWA നേരത്തെ സഹായിച്ചിരുന്നു. ആപ്പിൾ റീട്ടെയിൽ യൂണിയൻ/CWA ആപ്പിൾ സെയിൽസ്മെൻ, ജീനിയസ് അഡ്മിൻസ്, ടെക്നീഷ്യൻമാർ, ക്രിയേറ്റീവ്സ്, ഓപ്പറേഷൻ സ്പെഷ്യലിസ്റ്റുകൾ എന്നിവരെയാണ് പുതുതായി രൂപീകരിക്കപ്പെട്ട തൊഴിലാളി യൂണിയൻ പ്രതിനിധീകരിക്കുന്നത്. മെച്ചപ്പെട്ട വേതനവും ജോലിയിലെ അന്തസ്സും, ശരിയായ തൊഴിൽ സാഹചര്യങ്ങളും കരിയർ വളർച്ചയും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാനായാണ് തൊഴിലാളികൾ CWA-യിൽ ചേരാൻ തീരുമാനിച്ചത്.

“ഇപ്പോൾ ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചു. കമ്പനി അധികാരികൾ ചർച്ചയ്ക്ക് വരുമെന്നതാണ് ഞങ്ങളുടെ പ്രതീക്ഷ. അതുവഴി കമ്പനിയുടെ ഒരേയൊരു ലക്ഷ്യമായ ‘ലാഭം’ എന്നതിനെക്കാൾ തൊഴിലാളികൾക്ക് മുൻഗണന നൽകുന്ന ഒരു കമ്പനി കെട്ടിപ്പടുക്കുന്നതിന് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുകയും തൊഴിലാളികൾക്ക് അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ സഹായിക്കുകയും ചെയ്യും”, സാങ്കേതിക വിദഗ്ധനും ആപ്പിൾ റീട്ടെയിൽ യൂണിയൻ/കമ്മ്യൂണിക്കേഷൻസ് വർക്കേഴ്സ് ഓഫ് അമേരിക്ക യൂണിയൻ (CWA) അംഗവും ആയ ചാരിറ്റി ലാസിറ്റർ ഒരു പത്രക്കുറിപ്പിൽ പറഞ്ഞു.

കുപെർട്ടിനോ ആസ്ഥാനമായുള്ള കമ്പനി, ഈ യൂണിയനുകളിൽ ചേരുകയാണെങ്കിൽ, പുതുതായി അവതരിപ്പിച്ച ആനുകൂല്യങ്ങൾ നിഷേധിക്കുമെന്ന് തൊഴിലാളികളെ ഭീഷണിപ്പെടുത്തി.

ആമസോൺ, സ്റ്റാർബക്സ് തുടങ്ങിയ കമ്പനികളിൽ നിന്നുള്ള തൊഴിലാളികളും തൊഴിൽ സാഹചര്യങ്ങളിൽ യഥാർത്ഥ അഭിപ്രായം പറയുന്നതിനായി സംഘടിത യൂണിയനുകൾ രൂപീകരിക്കാൻ ശ്രമിക്കുന്നു എന്നതും ശുഭോദർക്കമായ കാര്യമാണ്.

You may also like

Leave a Comment