RSS ഫാസിസത്തെ ചെറുത്തു തോല്‌പിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ട് സെപ്റ്റംബർ 24 മുതൽ 29 വരെ ശിവറാം – ഷർമ്മിഷ്ട ഹാളിൽ (എസ് കെ പൊറ്റക്കാട് ഹാൾ) നടന്ന സിപിഐ (എം എൽ) റെഡ്സ്റ്റാർ പന്ത്രണ്ടാം പാർട്ടി കോൺഗ്രസ് സമാപിച്ചു.
16 സംസ്ഥാനങ്ങളിൽ നിന്നുള്ള 300 ൽ പരം പേർ പങ്കെടുത്ത പ്രതിനിധി സമ്മേളനം പാർട്ടി പരിപാടി, വിപ്ലവ പാത, രാഷ്ട്രീയ പ്രമേയം , രാഷ്ട്രീയ സംഘടനാ റിപ്പോർട്ട് എന്നീ രേഖകളും പാർട്ടി ഭരണഘടനാ ഭേദഗതി നിർദ്ദേശങ്ങളും ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്ത 34 അംഗ കേന്ദ്ര കമ്മിറ്റിയും 3 അംഗ കൺട്രോൾ കമ്മീഷനും യഥാക്രമം ചേർന്ന് ജനറൽ സെക്രട്ടറിയായി പി ജെ ജയിംസിനെയും കൺട്രോൾ കമ്മീഷൻ ചെയർമാനായി അഡ്വ സാബി ജോസഫിനെയും തെരഞ്ഞെടുത്തു.
ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ് സംഘടനയായ ആർഎസ്എസ് നേതൃത്വത്തിലുള്ള നവഫാസിസ്റ്റ് ഭരണത്തിന്നെതിരെ വിപുലമായ ഫാസിസ്റ്റ് വിരുദ്ധ ഐക്യനിര കെട്ടിപ്പടുക്കുകയെന്ന അടിയന്തര കടമ ഏറ്റെടുക്കുന്നതോടൊപ്പം നവലിബറൽ – കോർപ്പറേറ്റുവൽകരണത്തിനെതിരെ നിരന്തര പോരാട്ടങ്ങൾ ഉയർത്തിക്കൊണ്ടു വരുന്നതിന് പാർട്ടി കോൺഗ്രസ് തീരുമാനിച്ചു. RSS ഫാസിസത്തിന്റെ പ്രത്യയ ശാസ്ത്രാടിത്തറയായ മനുവാദത്തിനും ജാതിവ്യവസ്ഥക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ജാതിപ്പേരുകൾ ഉപേക്ഷിക്കുന്നതിനും കോൺഗ്രസിൽ തീരുമാനമായി. അതോടനുബന്ധിച്ച്, എല്ലാത്തരം ലിംഗ വിവേചനങ്ങളും അവസാനിപ്പിച്ച്, ലിംഗ സമത്വത്തിനായുള്ള പോരാട്ടത്തിലേർപ്പെടാനും കോൺഗ്രസ് ആഹ്വാനം ചെയ്തു.
മത വർഗീയ പ്രസ്ഥാനങ്ങളോടുള്ള സിപിഐ (എംഎൽ) റെഡ് സ്റ്റാറിന്റെ നിലപാട് സുവ്യക്തമായിരിക്കെ, മുസ്ലീംകളെ ഒന്നാം നമ്പർ ശത്രുവായി കാണുന്ന ആർഎസ്എസിന്റെ ഹിന്ദു രാഷ്ട്രവാദത്തിന് അനുസൃതമായി മുസ്ലീം സംഘടനകളെ തെരഞ്ഞുപിടിച്ച് നിരോധിക്കുന്ന മോദി സർക്കാർ നടപടികളെ പാർട്ടി കോൺഗ്രസ് ശക്തമായി അപലപിച്ചു. മാനവരാശിയുടെ നിലനില്പ് തന്നെ അസാധ്യമാക്കും വിധം രൂക്ഷമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതി വിനാശത്തിനു കാരണമായ പ്രകൃതിയുടെ മേലുള്ള കോർപ്പറേറ്റ് കടന്നുകയറ്റത്തെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും കോൺഗ്രസ് ഊന്നിപ്പറയുകയുണ്ടായി.
ഈ അടിയന്തര കടമകൾ ഏറ്റെടുക്കുന്നതിന് പാർട്ടി കെട്ടിപ്പടുക്കുന്നതിനൊപ്പം, വിപ്ലവ കമ്മ്യൂണിസ്റ്റ് സംഘടനകളുടെ ഐക്യം ഉറപ്പാക്കുക, പാർട്ടി കൂടി ഉൾപ്പെട്ട ICOR (International Coordination of Revolutionary Parties and Organisations) – മായി ചേർന്ന് സാമ്രാജ്യത്വത്തിനും നവ ഫാസിസത്തിനുമെതിരെ സാർവദേശീയ തലത്തിൽ മുന്നണി കെട്ടിപ്പടുക്കുക, തുടങ്ങിയ സുപ്രധാന തീരുമാനങ്ങളും പാർട്ടി കോൺഗ്രസ് കൈക്കൊള്ളുകയുണ്ടായി.
ബഹുരാഷ്ട്രക്കുത്തകകളെയും അദാനി – അംബാനിമാരടക്കമുള്ള ഇന്ത്യൻ കുത്തകകളെയും ഒരു ഭാഗത്ത് തടിച്ചു കൊഴുപ്പിക്കുമ്പോൾ, മറുഭാഗത്ത് ഇന്ത്യയെ “അതി ദാരിദ്ര്യത്തിന്റെ കോട്ട” യാക്കി മാറ്റിക്കഴിഞ്ഞ കേന്ദ്ര-സംസ്ഥാന ഭരണങ്ങളുടെ തീവ്രവലതു നയങ്ങൾക്കും തജ്ജന്യമായ ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കുമെതിരായ വിട്ടുവീഴ്ചയില്ലാത്ത നിരന്തര സമരങ്ങളെ ജനകീയ ജനാധിപത്യത്തിനു വേണ്ടിയുള്ള പാർട്ടിയുടെ ദീർഘിച്ച പോരാട്ടവുമായി കണ്ണി ചേർത്ത് മുന്നേറുന്നതിനും പാർട്ടി കോൺഗ്രസ് തീരുമാനിച്ചു.
പാർട്ടി കോൺഗ്രസ് വിജയിപ്പിച്ച ഇടതു ജനവിഭാഗങ്ങൾക്കും പുരോഗമന ജനാധിപത്യ ശക്തികൾക്കും പാർട്ടിയുടെ വിപ്ലവാഭിവാദ്യങ്ങൾ !