Home » ജനകീയ സമരങ്ങളെ തകർക്കാൻ, പിണറായി -അമിത് ഷാ ഗൂഢാലോചന.

ജനകീയ സമരങ്ങളെ തകർക്കാൻ, പിണറായി -അമിത് ഷാ ഗൂഢാലോചന.

by Jayarajan C N

ജനകീയ സമരങ്ങളെ തകർക്കാൻ,
പിണറായി -അമിത് ഷാ ഗൂഢാലോചന.

സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി.
കേരളം.

വയനാടിനെയും കണ്ണൂരിനെയും തീവ്രവാദ ബാധിത പട്ടികയിൽ നിന്ന് ഒഴിവാക്കരുതെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ കേന്ദ്ര ആഭ്യന്തരമന്ത്രിയോടുള്ള അഭ്യർത്ഥന ഭൂമിയും പ്രകൃതിവിഭവങ്ങളും കയ്യടക്കി വെച്ചിരിക്കുന്ന കോർപ്പറേറ്റ് – തോട്ടം -റിസോർട്ട് മാഫിയ സംഘങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനും മാവോയിസ്റ്റുവേട്ടയുടെ പേരിൽ ലഭിക്കുന്ന കേന്ദ്ര ഫണ്ടിനു വേണ്ടിയുമാണ്.

വയനാട് ജില്ലയിൽ പകുതിയിലേറെ ഭൂമിയും കയ്യടക്കിവെച്ചിരിക്കുന്നത് തോട്ടം കുത്തകളാണ്. നിയമത്തിൻ്റെ യാതൊരു പരിരക്ഷയുമില്ലാതെ
ബ്രട്ടീഷ് ഭരണകാലത്തെ പാട്ടഭൂമിയാണ് ഏതാണ്ട് ഒരുലക്ഷം ഏക്കർ ഹാരിസൺ കയ്യടക്കി വെച്ചിരിക്കുന്നത്. ഇതിന് പുറത്താണ് സ്വാതന്ത്ര്യ സമ്പാദനത്തോടെ തോട്ടം ഉടമസ്ഥത ഉപേക്ഷിച്ച് കൊണ്ട് 40 ഓളം ചെറുകിട ബ്രട്ടീഷ് കമ്പനികൾ കേരളം വിട്ടപ്പോൾ ഈ തോട്ടങ്ങളുടെ ഭാഗമായ 60000 ഏക്കർ ഭൂമി നിയമപരമായ യാതൊരു പിൻബലവുമില്ലാതെ മാഫിയകൾ കൈവശം വെച്ചു കൊണ്ടിരിക്കുന്നത്. ഏറെക്കുറെ ഈ ഭൂമി അത്രയും റിസോർട്ടു ഉൾപ്പെടെയുള്ള മാഫിയകളുടെ കൈകളിലാണ്.
എന്നാൽ ഒരുകാലത്ത് വയനാടൻ ഭൂമിയുടെ ഉടമസ്ഥരായിരുന്ന ആദിവാസി ജനവിഭാഗങ്ങൾ വെറും 17 ശതമാനമായി ചുരുങ്ങുകയും ബഹുഭൂരിപക്ഷവും തീർത്തും ദൂരഹിതരായി കഴിയുകയും ചെയ്യുന്നു. കൃഷി ചെയ്യാൻ ഭൂമിക്കും വാസയോഗ്യമായ പാർപ്പിടങ്ങൾക്കും, ഉൾപ്പെടെ ജീവിതത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കായി തികച്ചും ജനാധിപത്യപരമായ ഒട്ടനവധി സമര പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്. കലാകാലമായി ഭരണകൂടം ഈ സമരങ്ങളെയെല്ലാം കണ്ടില്ലന്ന് നടിക്കുകയോ നിഷ്ഠൂരമായി അടിച്ചമർത്തുകയോ ആണ് ചെയ്തിട്ടുള്ളതെന്ന കാര്യം വിസ്മരിക്കുക വയ്യ.

വയനാട് ദുരന്തത്തിന് മതിയായ നഷ്ടപരിഹാരം നൽകാൻ തയ്യാറാത്ത കേന്ദ്ര സർക്കാരിൽ ദുരന്തത്തെ മറികടക്കാനാവശ്യമായ പിന്തുണക്കായി സമ്മർദ്ദം ചെലുത്താതെ തീവ്രവാദ പട്ടികയിൽ നിന്നും ഒഴിവാക്കരുതെന്ന് ആവശ്യപ്പെടുന്നത് ഭൂമിക്കും അടിസ്ഥാന ആവശ്യങ്ങൾക്കുമായി ഉയർന്നു വരുന്ന ജനകീയ സമരങ്ങളെ മാവോയിസ്റ്റ് ഉമ്മാക്കി കാണിച്ച് തോട്ടം മാഫിയകൾക്കു വേണ്ടി അടിച്ചമർത്തുന്നതിനു വേണ്ടിയാണ്.
സർക്കാരിൽ നിയമപരമായി പൂർണ്ണമായും നിക്ഷിപ്തമാക്കേണ്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമി പുനരധിവാസത്തിന് വേണ്ടി കോടികൾ നഷ്ടപരിഹാരം കൊടുത്തു ഏറ്റെടുത്ത വഞ്ചനാപരമായ നിലപാട് സർക്കാർ മറച്ചുപിടിക്കയാണ് ‘ഇതേ ദുരന്ത ഭൂമിയിലുടെയാണ് പരിസ്ഥിതിയെ തകർക്കുന്ന തുരങ്കപ്പാത നിർമ്മിക്കാൻ പോകുന്നത്. പതിമൂന്ന് വില്ലേജുകളിലെ 5000 ത്തോളം കുടുംബങ്ങൾ അതീവ ദുരന്ത സാധ്യത മേഖലകളിൽ കഴിയുന്നു. നൂറ് കണക്കിന് തോട്ടം തൊഴിലാളികൾ ദുരന്ത സാധ്യത, മേഖലകളിൽ ജീവൻ പണയം വെച്ചും തോട്ടമുടമകൾക്കുവേണ്ടി അടിമ സമാനമായി ജോലി ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ ജനജീവിതത്തെ ദുസ്സഹമാക്കുമ്പോൾ ജനകീയ സമരങ്ങൾ ഉയർന്നു വരുമെന്നത് ഉറപ്പാണ്. അത്തരം സമരങ്ങളെ തോക്കിൻ മുനയിൽ തകർത്തു കളയാമെന്ന മുഖ്യമന്ത്രി വിജയൻ്റെ വ്യാമോഹം നടക്കാൻ പോകുന്നില്ല.

വെടി നിർത്തലിനു തയ്യാറായ മാവോയിസ്റ്റുകളുമായി സമാധാന ചർച്ച നടത്തുന്നതിന് തയ്യാറാകാത്ത കേന്ദ്രസർക്കാരിനെതെതിരെ CPI ,CPI(M) ദേശീയ നേതൃത്വങ്ങൾ ഉയർത്തുന്ന വിമർശങ്ങളെപ്പോലും തള്ളിക്കളയുന്നതാണ് CPI(M) പോളിറ്റ്ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രിയുടെ നടപടി.

ഛത്തിസ്ഘട്ടിലും ഒറീസ്സയിലുമെന്ന പോലെ ജനകീയ താല്പര്യങ്ങളെ ഒറ്റുകൊടുക്കാനും തകർക്കാനുമുള്ള പിണറായി സർക്കാരിൻ്റെ ഈ ജനാധിപത്യവിരുദ്ധ സമീപനം അവസാനിപ്പിക്കണമെന്ന്
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി
ആവശ്യപ്പെടുന്നു.

സെക്രട്ടറി,
സംസ്ഥാന കമ്മിറ്റി,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.

എറണാകുളം,
10.10 -2025

You may also like

Leave a Comment