Home » ബോബി ചെമ്മണ്ണൂരിൻ്റെ നിയമ വിരുദ്ധമായ ഭൂമി രജിസ്ട്രേഷൻ റദ്ദ് ചെയ്യുക

ബോബി ചെമ്മണ്ണൂരിൻ്റെ നിയമ വിരുദ്ധമായ ഭൂമി രജിസ്ട്രേഷൻ റദ്ദ് ചെയ്യുക

by Jayarajan C N

ബോബി ചെമ്മണ്ണൂരിൻ്റെ നിയമ വിരുദ്ധമായ ഭൂമി രജിസ്ട്രേഷൻ റദ്ദ് ചെയ്യുക.

ലാൻ്റ് ബോർഡ് പ്രഖ്യാപിച്ച 200 ഏക്കർ മിച്ചഭൂമി ‘ബോചേ ഭൂമി പുത്ര’യിൽ നിന്നും തിരിച്ചു പിടിക്കുക.

2016 ൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് മിച്ച ഭൂമിയായി പ്രഖ്യാപിച്ച 200.23 ഏക്കർ ഭൂമി കൂടി അനധികൃതമായി ക്രയ വിക്രയം നടത്തി ബോച്ചെ ഭൂമിപുത്ര കയ്യടക്കിയിരിക്കയാണ്.
റവന്യൂ രേഖകൾ പ്രകാരം വൈത്തിരി താലൂക്കിലെ കോട്ടപ്പടി, വെള്ളരിമല വില്ലേജുകളിലെ മിച്ചഭൂമിയായി ഏറ്റെടുക്കേണ്ട 200.23 ഏക്കർ നിലവിൽ ‘ബോച്ചെ ഭൂമിപുത്ര’
യുടെ പേരിൽ വ്യാജ രേഖ ഉണ്ടാക്കിയിരിക്കയാണ്. കൽപറ്റ സബ് രജിസ്ട്രാർ ഓഫിസിലെ ആധാര പ്രകാരം, വൈത്തിരി താലൂക്ക് കോട്ടപ്പടി വില്ലേജിലെ ആകെ 860.07 ഏക്കർ ഭൂമി രാജഗിരി റബർ ആൻഡ് പ്രൊഡ്യൂസ് കമ്പനിക്കുവേണ്ടി ഡയറക്ടർ കെ. സുരേഷാണ് കൈമാറ്റം നടത്തിയത്.
ബോച്ചെ ഭൂമി പുത്ര പ്രൈവറ്റ് ലിമിറ്റഡിനു വേണ്ടി ഡയറക്ടർ ലിജോ മുത്തേടനാണ് ഭൂമി തീറ് നൽകിയത്. താലൂക്ക് ലാൻഡ് ബോർഡ് 2016ൽ മിച്ചഭൂമിയായി പ്രഖ്യാപിച്ച 200.23 ഏക്കർ ഭൂമി കൂടി ഉൾപ്പെട്ടതാണ് ബോബി ചെമ്മണ്ണൂർ കൈവശം വെക്കു
ന്ന ഭൂമി.
ഭൂപരിഷ്കരണ നിയമത്തിലെ വകുപ്പ് 84 പ്രകാരം മിച്ചഭൂമി വാങ്ങിയ ബോച്ചെയുടെ ആധാരം അസാധുവാണ്. മാത്രമല്ല പൊതുമുതൽ അനധികൃതമായി കൈവശം വെക്കുന്നതു കഠിന ശിക്ഷ ലഭിക്കാവുന്നതും വൻ പിഴ ഒടുക്കേണ്ടതുമായ കുറ്റകൃത്യമാണ്.
ഭൂപരിഷ്കരണ നിയമത്തിലെ വ്യവസ്ഥകളെ അട്ടിമറിച്ച ആധാരങ്ങൾ റദ്ദ് ചെയ്യാൻ വകുപ്പ് 120 (എ) പ്രകാരം കലക്‌ടർക്ക് അധികാരമുണ്ട്. എന്നാൽ, സർക്കാർ ഈ നിയമവിരുദ്ധ പ്രവർത്തനത്തിന് കൂട്ട് നിൽക്കുകയാണ്.
മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ നവകേരള യാത്ര കൽപ്പറ്റയിൽ എത്തിയപ്പോൾ പൗരപ്രമുഖനായി കെട്ടിയെഴുന്നള്ളിച്ച ‘ബോചെ ‘ഹെലിപാഡ് നിർമ്മാണത്തിന് വേണ്ടി സൗജന്യമായി ഭൂമി വാഗ്ദാനം ചെയ്തിരുന്നു.

1947ന് മുമ്പ് ബ്രിട്ടീഷ് കമ്പനിയായ രാജഗിരി റബ്ബർ കമ്പനിക്ക് പാട്ടാവകാശം മാത്രം ഉണ്ടായിരുന്ന ഭൂമിയാണ് ഇപ്പോൾ കൽപ്പറ്റ എസ്റ്റേറ്റ് കൈവശം വെക്കുന്ന ഈ ഭൂമി. രാജഗിരി എസ്റ്റേറ്റിൻ്റെ പേരിലുള്ള സീലിങ് കേസിൽ വൈത്തിരി താലൂക്ക് ലാൻഡ് ബോർഡ് മിച്ചഭൂമി ഏറ്റെടുക്കുന്നതിന് 2016 ൽ ഉത്തരവിട്ടിരുന്നു. ഈ ടി.എൽ.ബി ഉത്തരവ് നിലനിൽക്കെയാണ് മിച്ചഭൂമിയായി പ്രഖ്യാപിച്ച ഭൂമി വിൽപന നടത്തിയത്.

താലൂക്ക് ‌ലാൻഡ് ബോർഡ് 1976ൽ മിച്ചഭൂമിയായി കണ്ടെത്തിയത് 680 ഏക്കർ ഭൂമിയാണ്. ഭൂപരിഷ്കരണ നിയമപ്രകാരം ഇളവ് അനുവദിച്ച ഭൂമി തരം മാറ്റി റിസോട്ട് നിർമ്മാണത്തിന് വേണ്ടി ദുരുപയോഗപ്പെടുത്തുകയാണ് ‘ബോചെ ഭൂമിപുത്ര’. ഭൂസംരക്ഷണ നിയമപ്രകാരം എസ്റ്റേറ്റ് ഭൂമി തരം മാറ്റുന്നതിനെതിരെ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടി സ്വീകരിക്കുന്നില്ല.
2024 ജനുവരി 16 ന് സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വൈത്തിരി ലാൻ്റ് ബോർഡ് ഓഫീസിലേക്ക് ബഹുജന മാർച്ച് സംഘടിപ്പിച്ചിരുന്നു. ഒരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല.
ഈ മിച്ചഭൂമി ഏറ്റെടുത്ത് ആദിവാസികൾ ഉൾപ്പെടെ ഭൂരഹിതർക്കു പതിച്ച് നൽകുന്നതിൽ സർക്കാർ ഉടൻ നടപടി സ്വീകരിക്കണം. അതോടൊപ്പം പാട്ടഭൂമിയുടെ നിയമവിരുദ്ധമായ കൈ മാറ്റത്തെക്കുറിച്ച് സമഗ്രമായി അന്വഷിച്ച് മുഴുവൻ ഭൂമിയും സർക്കാർ ഏറ്റെടുക്കണം.

MP Kunhikanaran
17/01/2025

You may also like

Leave a Comment