മലയാള ചലച്ചിത്ര രംഗത്തെ ഭീകരമായ ഫ്യൂഡൽ-പുരുഷാധിപത്യ തീവ്ര ചൂഷണത്തെ തുറന്നു കാട്ടിയ ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നിരുപാധികം നടപ്പാക്കുക.
ഹേമാ കമ്മിറ്റിയ്ക്ക് മുന്നിലും തുടർന്നും വിവിധ വനിതാ സിനിമാ പ്രവർത്തകർ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി നൽകപ്പെട്ടിട്ടുള്ള മൊഴികൾ അന്വേഷിച്ച് സത്വര നടപടികൾ കൈക്കൊള്ളുക.
– സിപിഐ(എംഎൽ) റെഡ് സ്റ്റാർ കേരള സംസ്ഥാനക്കമ്മിറ്റിയുടെ പ്രസ്താവന
ഹേമാ കമ്മിറ്റി റിപ്പോർട്ട് മലയാള സിനിമാ രംഗത്ത് ആധിപത്യം ചെലുത്തുന്ന ഫ്യൂഡൽ-പുരുഷാധിപത്യ തീവ്ര ചൂഷണങ്ങളെയാണ് പുറത്തു കൊണ്ടു വന്നത്. തീർച്ചയായും ഇത് മഞ്ഞുമലയുടെ തുമ്പ് മാത്രമാണ് എന്ന് കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്ന അടുത്ത ദിവസം മുതൽ ഉയർന്നു വന്നു കൊണ്ടിരിക്കുന്ന ആരോപണങ്ങൾ വ്യക്തമാക്കുന്നുണ്ട്.
സിനിമാ വ്യവസായ മേഖലയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി വാദിക്കുന്നതിൽ മുൻപന്തിയിലുള്ള സംഘടനയായ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അശ്രാന്ത പരിശ്രമത്തിന്റെ കൂടി ഫലമാണ് ഹേമ കമ്മിറ്റിയുടെ രൂപീകരണം.
ഒരു പ്രമുഖ നടിയ്ക്ക് നേരെ, മലയാള സിനിമാ ലോകത്തെയും കേരളത്തെയും ഞെട്ടിച്ചു കൊണ്ട്, ക്വട്ടേഷൻ സംഘം നടത്തിയ ക്രൂരമായ ആക്രമണത്തെ തുടർന്നാണ് മേൽപ്പറഞ്ഞ സംഘടന രൂപീകരിക്കപ്പെട്ടത്, പ്രസ്തുത സംഘടന നടത്തിയ പോരാട്ടങ്ങളും ജനരോഷവും റിട്ടയേർഡ് ജസ്റ്റീസ് ഹേമയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ച് പഠന റിപ്പോർട്ട് തയ്യാറാക്കാൻ നിർദ്ദേശിക്കാൻ സംസ്ഥാന സർക്കാരിനെ നിർബന്ധിതമാക്കി.
2019 ഡിസംബർ മാസത്തിൽ ഹേമാ കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കപ്പെട്ടു. എന്നാൽ അഞ്ച് വർഷത്തോളം ആ റിപ്പോർട്ടിന്മേൽ അടയിരിക്കുകയായിരുന്നു സർക്കാർ ചെയ്തത്. റിപ്പോർട്ട് പരസ്യപ്പെടുത്താൻ വിമൻ ഇൻ കളക്ടീവ് നിരന്തരം ആവശ്യപ്പെടുകയും ഇക്കാര്യവുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമപ്രവർത്തകരടക്കം ജനവിഭാഗങ്ങൾ മുന്നോട്ട് വരികയും ഒടുവിൽ കേരളാ സ്റ്റേറ്റ് ഇൻഫോർമേഷൻ കമ്മിറ്റി സ്വകാര്യമായ ഭാഗങ്ങൾ ഒഴിവാക്കിക്കൊണ്ട് റിപ്പോർട്ട് പരസ്യപ്പെടുത്താൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് റിപ്പോർട്ട് സർക്കാർ അതിന് സമ്മതിച്ചത്.
കേരള സർക്കാരിന്റെ തന്നെ ഭാഗമായ മുകേഷും ഗണേഷും ചലച്ചിത്ര മേഖലയിൽ നിന്നുള്ളവരാണ്. ചലച്ചിത്ര അക്കാദമിയുടെ അദ്ധ്യക്ഷനായിരുന്ന രഞ്ജിത്ത് സിപിഎം അംഗവും നിയമസഭാ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നയാളുമാണ്.
ഇവരെല്ലാം തന്നെ പ്രമുഖ നടിയെ ക്വട്ടേഷൻ സംഘം പീഢിപ്പിച്ചതിൽ കുറ്റാരോപിതനായ ദിലീപ് എന്ന നടനെ പിന്തുണയ്ക്കുന്ന നിലപാടുകൾ പരസ്യമായി കൈക്കൊണ്ടിട്ടുള്ളവരാണ് എന്നിരുന്നിട്ടും സർക്കാർ ഇവരെ സംരക്ഷിച്ചു കൊണ്ടിരിക്കയാണ് ചെയ്യുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു കൊണ്ടു വരാതിരുന്നതിന് കാരണം കേരളത്തിലെ സിപിഎം അടങ്ങുന്ന ഇടതു പക്ഷം ഇപ്പറഞ്ഞ ചലച്ചിത്ര പ്രവർത്തകരെയും അവരുടെ പവർഗ്രൂപ്പ് മേധാവിത്തത്തെയും രക്ഷിക്കാൻ നടത്തിയ നീക്കമായിരുന്നു എന്ന് ജനങ്ങൾക്ക് ഇപ്പോൾ ബോദ്ധ്യപ്പെട്ടു കഴിഞ്ഞിട്ടുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് സിനിമാ രംഗത്ത് സ്ത്രീകളുടെ അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത അടക്കം ചൂണ്ടിക്കാണിക്കുന്ന ഒരു റിപ്പോർട്ടാണ്. ട്രിബ്യൂണൽ സ്ഥാപിക്കുക, ആഭ്യന്തര പരിഹാര സെല്ലുകൾ സ്ഥാപിക്കുക തുടങ്ങിയ ക്രിയാത്മക നിർദ്ദേശങ്ങൾ പരിഹാര നടപടികളുടെ ഭാഗമായി റിപ്പോർട്ട് നിർദ്ദേശിക്കുന്നുണ്ട്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്നുണ്ടായിട്ടുള്ള സംഭവവികാസങ്ങൾ മലയാള സിനിമാ ലോകത്ത് ആദ്യത്തേതാണ്. നിരവധി സ്ത്രീകൾ വ്യക്തമായി പ്രതിയുടെ പേര് പറഞ്ഞു കൊണ്ടു തന്നെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ വരികയും പോലീസിന് പരാതി കൊടുക്കുകയും ഒക്കെ ചെയ്തു കൊണ്ടിരിക്കുന്നു.
മറുവശത്ത് സിനിമാ നടീ നടന്മാരുടെ മുഖ്യസംഘടനയായ “അമ്മ”യിൽ കടുത്ത ആഭ്യന്തരത്തർക്കങ്ങൾ ശക്തിപ്പെടുകയും ഒടുവിൽ ആ സംഘടന തന്നെ പിരിച്ചു വിടുകയും ചെയ്തിരിക്കുന്നു.
ക്വട്ടേഷൻ പീഢനത്തെ തുടർന്ന് മലയാള സിനിമാ രംഗത്തെ പവർഗ്രൂപ്പിനെതിരെ ശക്തമായ പോരാട്ടം ആരംഭിച്ച അതിജീവിതയ്ക്ക് വാസ്തവത്തിൽ കോടതിയടക്കമുള്ള ഇടങ്ങളിൽ നിന്നു പോലും വേണ്ടത്ര നീതി ലഭിക്കുന്നില്ല എന്നതാണ് നിലവിലുള്ള യാഥാർത്ഥ്യം. പോലീസ് – കോടതി കസ്റ്റഡിയിൽ ഉണ്ടായിരുന്ന ലൈംഗിക കൃത്യ വീഡിയോ ലീക്ക് ചെയ്യുന്നതെല്ലൊം സിനിമാ രംഗത്തെ പവർഗ്രൂപ്പ് എത്ര കണ്ട് ശക്തരാണെന്നും അവർ ഭരണകൂടത്തിന്റെ സമസ്ത മേഖലകളെയും സ്വാധീനിക്കുന്നുവെന്നും ഉള്ള ഞെട്ടിക്കുന്ന യാഥാർത്ഥ്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്.
അതിനാൽ തന്നെ, ഇപ്പോൾ കോർപ്പറേറ്റ് കമ്പോളം നിയന്ത്രിക്കുന്ന മലയാള സിനിമാ മേഖലയിൽ നടക്കുന്ന ഇത്തരം പിന്തിരിപ്പൻ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന ഏതൊരു നീക്കത്തെയും ഭരണകൂട സഹായത്തോടെ തമസ്ക്കരിക്കാനുള്ള നീക്കം സ്വാഭാവികമായും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്.
ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം അഴിച്ചു വിടേണ്ടതുണ്ട്. അതിന്റെ ആദ്യപടിയെന്നോണം ഹേമാ കമ്മിറ്റി റിപ്പോർട്ട് മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ നിരുപാധികം നടപ്പാക്കാൻ സിപിഐ(എംഎൽ) റെഡ് സ്റ്റാർ കേരള സംസ്ഥാനക്കമ്മിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെടുന്നു.
ഹേമാ കമ്മിറ്റിയ്ക്ക് മുന്നിൽ മൊഴി നൽകിയ വനിതകളുടെ ആരോപണങ്ങളും ഹേമാകമ്മിറ്റി പുറത്തു വന്നതിന് ശേഷം വിവിധങ്ങളായ പ്രദേശങ്ങളിൽ നിന്ന് ഉയർന്നു വന്ന ആരോപണങ്ങളും പരിശോധിച്ച് എത്രയും പെട്ടെന്ന് കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സിപിഐ(എംഎൽ) റെഡ് സ്റ്റാർ കേരള സംസ്ഥാനക്കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെടുന്നു
സെക്രട്ടറി,
സി.പി.ഐ (എം എൽ) സംസ്ഥാന കമ്മിറ്റി.
എറണാകുളം,
28 -08-2024