Home » മുണ്ടക്കൈ – ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക

മുണ്ടക്കൈ – ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക

by Jayarajan C N

മുണ്ടക്കൈ – ദേശീയ ദുരന്തമായി പ്രഖ്യാപിക്കുക
സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് വയനാട് ജില്ലയിലെ മേപ്പാടി പഞ്ചായത്തിൽ നടന്നത്. പുഞ്ചിരിമട്ടം, മുണ്ടക്കെെ, അട്ടമല, ചൂരൽമല തുടങ്ങിയ ഗ്രാമങ്ങളെ തുടച്ച് നീക്കിയ മനുഷ്യ നിർമ്മിതമായ ദുരന്തമാണിതെന്നും ഇതൊരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും സി.പി.ഐ(എം.എൽ) റെഡ് സ്റ്റാർ വയനാട് ജില്ലാ കമ്മിറ്റി ആവശ്യപ്പെടുന്നു. മൂന്ന് ദിവസം തുടർച്ചയായി അതിതീവ്ര മഴയുണ്ടായിട്ടും ജനങ്ങളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിൽ ജില്ലാ -സംസ്ഥാന ഭരണകൂടങ്ങൾ കാണിച്ച കുറ്റകരമായ അനാസ്ഥയും ജാഗ്രതക്കുറവുമാണ് ദുരന്തത്തിൻ്റെ വ്യാപ്തി വർദ്ധിക്കുന്നതിനും മരണസംഖ്യ ഉയരുന്നതിനും ഇടയാക്കിയത്.

ദുരന്തത്തെ അതിജീവിച്ച തോട്ടം തൊഴിലാളികളുൾപ്പെടെയുള്ള സാധാരണക്കാരായ ജനങ്ങൾക്ക് സ്വാഭാവിക ജീവിതം നയിക്കാനുതകും വിധം ചുരുങ്ങിയത് ഒരു ഹെക്ടർ കൃഷിഭൂമിയും വാസയോഗ്യമായ പാർപ്പിടവും നൽകി പുനരധിവാസം ഉറപ്പ് വരുത്തണം.

മലയിടിച്ചിൽ, ഉരുൾപൊട്ടൽ ദുരന്ത ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് മുഴുവൻ ജനങ്ങളെയും അടിയന്തിരമായി ആവശ്യമായ ഭൂമി കണ്ടെത്തി പാർപ്പിടവും അടിസ്ഥാന സൗകര്യങ്ങളുമൊരുക്കി സ്ഥിരമായി മാറ്റി പാർപ്പിക്കണം.

1984 ലെ മുണ്ടക്കെെ, 2019 ലെ പുത്തുമല, കവളപ്പാറ, 2024 ലെ മുണ്ടക്കൈ, ചൂരൽമല എന്നിങ്ങനെ അടിക്കടി ആവർത്തിക്കുന്ന ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ജനജീവിതത്തെ തകർക്കുന്ന നിർദ്ദിഷ്ട തുരങ്കപ്പാത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കുമെന്ന് പിണറായി സർക്കാർ പ്രഖ്യാപിക്കണം.
പാരിസ്ഥിതികമായി റെഡ് സോണിൽ പെട്ട ഈ മേഖലയിൽ പ്രവർത്തിക്കുന്ന മുഴുവൻ കോറികളും അടച്ചുപൂട്ടി എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും തടയുക. പ്രവർത്തിക്കുന്നതും നിർമ്മാണത്തിലിരിക്കുന്നതുമായ മുഴുവൻ റിസോർട്ടുകളും അടച്ചുപൂട്ടുക. ഭൂവിനിയോഗ നിയമങ്ങളെ കാറ്റിൽ പറത്തിക്കൊണ്ട് റിയൽ എസ്റ്റേറ്റ്-ടൂറിസം ഭൂ മാഫിയകൾ ചൂരൽമലയിലും സമീപപ്രദേശങ്ങളിലും നടത്തിക്കൊണ്ടിരിക്കുന്ന ഭൂമി തരംമാറ്റലുകളും നിയമവിരുദ്ധ കൈമാറ്റങ്ങളും ഉടൻ തടയണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു.

കെ.വി. പ്രകാശ്
ജില്ലാ സെക്രട്ടറി
CPIML RED STAR
വയനാട്
Mob:9400560605

03.08.2024
കൽപ്പറ്റ, വയനാട്

 

You may also like

Leave a Comment