ഭൂ സമര സമ്മേളനം വിജയിപ്പിക്കുക
പ്രിയമുള്ളവരെ,
അഞ്ചര ലക്ഷം ഏക്കർ വരുന്ന തോട്ടം ഭൂമി വിദേശ കമ്പനികളിൽ നിന്നും അവരുടെ ബിനാമികളായ കോർപ്പറേറ്റുകളിൽ നിന്നും നിയമ നിർമ്മാണത്തിലൂടെ തിരിച്ചു പിടിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുന്ന,
ദലിത്-ആദിവാസി ജനവിഭാഗങ്ങളെയും, മുഴുവൻ ഭൂരഹിതരെയും ഉൾപ്പെടെ സംസ്ഥാനത്തെ പുരോഗമന-ജനാധിപത്യ ശക്തികളെയും ഒന്നടങ്കം അണിനിരത്തി കോർപ്പറേറ്റുകൾ കയ്യടക്കിയ ഭൂമി തിരിച്ചു പിടിക്കാൻ വേണ്ടി നടത്തുന്ന പ്രക്ഷോഭം, നമ്മുടെ ഭൂ പ്രക്ഷോഭത്തിൻ്റെ മുഖ്യ വശമാണ്.
നിയമപരമായ യാതൊരു പിൻബലവുമില്ലാതെ ഭൂമി കയ്യടക്കിയിരിക്കുന്ന ശക്തികൾക്ക് കൂട്ട് നിൽകുന്ന ഭരണവർഗ്ഗങ്ങൾക്കെതിരെ പ്രത്യേകിച്ചും രാജമാണിക്യം റിപ്പോർട്ട് ഉൾപ്പെടെ കുഴിച്ചുമൂടി, കേരളത്തിൻ്റെ സമ്പത്ത് കോർപ്പറേറ്റുകൾക്കും തോട്ട മാഫിയകൾക്കും അടിയറ വെക്കുന്ന സി.പി. എം-മാഫിയ കൂട്ട്കെട്ട് ജനങ്ങൾക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തുകയാണ്.
തോട്ടം തൊഴിലാളികളുടെ ഉടമസ്ഥതയിൽ തോട്ടം പുന:സംഘടിപ്പിക്കുന്നതിനൊപ്പം ചരിത്രപരമായ കാരണങ്ങളാൽ ഭൂ ഉടമസ്ഥതയിൽ നിന്ന് മാറ്റി നിർത്തപ്പെട്ട ദലിത്-ആദിവാസി ജനവിഭാഗങ്ങൾ ഉൾപ്പെടെ മുഴുവൻ ഭൂരഹിതർക്കും കൃഷി ചെയ്യാൻ ഭൂമി വിതരണം ചെയ്യാൻ കഴിയുന്ന,
ഒരു ബദൽ വികസന കാഴ്ച്ചപ്പാടിൻ്റെ പരിപ്രേക്ഷ്യമാണ് ഇതിലൂടെ ഭൂസമരസമിതി മുന്നോട്ട് വെക്കുന്നത്.
ബ്രട്ടീഷ് കമ്പനികൾ ഉപേക്ഷിച്ചു പോയതോ നിയമവിരുദ്ധമായി കൈമാറ്റം ചെയ്തതോ ആയ പതിനായിരക്കണക്കിന് ഏക്കർ ഭൂമി ഭൂപരിഷ്കരണ നിയമത്തിലെ പഴുതുകൾ ഉപയോഗപ്പെടുത്തിയാണ് മാഫിയ സംഘങ്ങൾ
അനധികൃതമായി കയ്യടക്കിയിരിക്കുന്നത്. ഈ ഭൂമിയിലുള്ള നിയമപരമായ സർക്കാർ ഉടമസ്ഥത മറച്ചുവെച്ച് സ്വാകാര്യ ഉടമസ്ഥത സ്ഥാപിച്ചെടുക്കാനും തോട്ടം റജിസ്ട്രേഷൻ റദ്ദ് ചെയ്ത് തോട്ടം തൊഴിലാളികളെ വഴിയാധാരമാക്കി തോട്ടഭൂമി റിയൽ എസ്റ്റേറ്റ്/ടൂറിസം റിസോർട്ട് മാഫിയകൾക്ക് കൈമാറാനുമുള്ള ഗൂഢനീക്കങ്ങളാണ് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്.
വിദേശതോട്ടം കുത്തകകളെയും അവരുടെ ബിനാമികളെയും കെട്ട് കെട്ടിച്ച് കാർഷികമേഖലയെ ആശ്രയിച്ചു കഴിയുന്ന ദലിത്, ആദിവാസി ജനവിഭാഗങ്ങൾക്കും മറ്റ് ഭൂരഹിതരായ ജനവിഭാഗങ്ങൾക്കും കൃഷിഭൂമി ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള സമരമാണ് നമ്മുടെ ഭൂസമരം. നൂറ്റാണ്ടുകളായി ജാതീയ അടിച്ചമർത്തലിന് വിധേയമായി മണ്ണിൽ പണിയെടുക്കുന്ന ഭൂരഹിതരായ കർഷകരും കർഷകത്തൊഴിലാളികളായും ജീവിക്കുന്ന ഇവർക്ക് ഭൂപരിഷ്കരണ നടപടികൾ പോലും കൃഷിഭൂമി ലഭ്യമാക്കിയില്ല. ലക്ഷം വീട് കോളനികളിലും ഇതര ജാതി കോളനികളിലും തളച്ചിടപ്പെട്ട കാർഷിക മേഖലയിലെ ഏറ്റവും അടിത്തട്ടിൽ കഴിയുന്ന ഈ വിഭാഗത്തിന് ഭൂമി ഉറപ്പുവരുത്തുന്ന പ്രശ്നത്തിൽ സാമൂഹ്യ നീതിയും ഭൂ അധികാരവും ഉൾപ്പെടുന്ന ജനാധിപത്യ അവകാശത്തിൻ്റെ പ്രാധാന്യമാണ് ഉൾച്ചേർന്നിരിക്കുന്നത്; അല്ലാതെ ഔദാര്യത്തിൻ്റെതല്ല.
ആദിവാസി ഭൂസംരക്ഷണ നിയമം അട്ടിമറിക്കുകയും സർക്കാറിൻ്റെ മൗനാനുവാദത്തോടെ ആദിവാസികളുടെ ഭൂമി കയ്യടക്കിയ ഭൂമാഫിയകളിൽ നിന്നും ഭൂമി തിരിച്ചു പിടിക്കുന്നതിന് നിയമ പരമായതും അല്ലാത്തതുമായ പോരാട്ടം ഇനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്.
ആദിവാസി അഗ്രികൾച്ചർ കോപ്പറേറ്റീവ് ഫാമുകൾ [അട്ടപ്പാടിയിലെ AC FS, വയനാട്ടിലെ ചീങ്ങേരി ഫാം, ആറളം പുനരധി വാസ പദ്ധതി വയനാട്ടിലെ സുഗന്ധഗിരി] തുടങ്ങി ആദിവാസികളുടെ ഉന്നതിക്ക് വേണ്ടി ആരംഭിച്ച എല്ലാ പദ്ധതികളും തകർക്കപ്പെട്ട് ഇന്ന് ഏതാനും ഉദ്യോഗസ്ഥ മോധാവികളുടെ കറവപ്പശുവായി തുടരുന്നു. ആദിവാസികളുടെ പട്ടയഭൂമി പോലും ഉപയോഗിച്ച് ആവിഷ്കരിച്ച പദ്ധതികൾ ആദിവാസി വിരുദ്ധമായാണ് ഇന്ന് നില നിൽക്കുന്നത്.
കേരളത്തിലെ വിവിധ ജില്ലകളിലായി ആയിരകണക്കിന് ആദിവാസികൾ, പട്ടയമേളകളിൽ നിന്നും പട്ടയം കൈപ്പറ്റി ഭൂമി ലഭിക്കാതെ വഞ്ചിതരാക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ ഒരു ആദിവാസിയുടെ ഭൂമി പോലും നഷ്ടപ്പെടാതെ സംരക്ഷിക്കുമെന്നും ഭൂരഹിതരായ ഓരോ ആദിവാസി കുടുംബത്തിനും ഒരു ഏക്കർ മുതൽ 5ഏക്കർ വരെ ഭൂമി നൽകി അതിൽ കൃഷി ചെയ്യാനാവശ്യമായ മുഴുവൻ സഹായവും സംരക്ഷണവും നൽകുമെന്ന് സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യ വാങ്മൂലം സർക്കാർ തന്നെ അട്ടിമറിക്കുകയാണ്. ആയിരക്കണക്കിന് പട്ടയങ്ങൾ ഭൂരഹിതരായ ആദിവാസികൾക്ക് വിതരണം ചെയ്തിട്ടുണ്ട്. പക്ഷ ഒരു സ്ഥലത്തു പോലും അവർക്ക് ഭൂമി കാണിച്ചു കൊടുക്കാൻ സർക്കാർ തയാറായിട്ടില്ല. സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഉറപ്പ് പാലിക്കണമെന്നാണ് കേരളത്തിലെ ആദിവാസികൾ ഇന്ന് ആവശ്യപ്പെടുന്നത്.
ഇതോടൊപ്പം വിദേശ കമ്പനികൾ കൈവശം വച്ചുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിന് ഏക്കർ വരുന്ന തോട്ടം ഏറ്റെടുത്തു ഭൂവുടമസ്ഥത തോട്ടം തൊഴിലാളികളിലോ സർക്കാരിലോ നിക്ഷിപ്തമാക്കുന്നതിന് വേണ്ടി തോട്ടം തൊഴിലാളികളിൽ നിന്നുതന്നെ ഉയർന്നു വരേണ്ട പ്രക്ഷോഭം, തോട്ടം തൊഴിലാളികളുടെയും-ഭൂരഹിതരുടെയും പ്രക്ഷോഭത്തോട് കണ്ണി ചേർക്കപ്പെടണം. തോട്ടം കുത്തകൾക്ക് വിടുപണി ചെയ്യുന്ന യൂനിയൻ നേതൃത്വങ്ങൾ ക്കെതിരെ ശബ്ദമുയർത്താൻ തോട്ടംതൊഴിലാളികൾ മുന്നോട്ട് വരണം. കേരളത്തിലെ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തോട്ടം തൊഴിലാളികളുടെ സംരക്ഷണത്തെ മുൻനിർത്തിയാണ് ഭൂ പരിധിനിയമത്തിൽ നിന്നും തോട്ടം മേഖലയെ മാറ്റി നിർത്തിയത് എന്ന് പറയുന്നവർതന്നെയാണ് തോട്ടഭൂമി കയ്യടക്കിയ കുത്തകകൾക്കുംമാഫിയകൾക്കും വിടുവേല ചെയ്യുന്നത്.
ഭൂപരിഷ്കരണ നിയമങ്ങളുടെ പരിരക്ഷയിൽ ഭൂ പരിധി നിയമത്തെ മറികടന്നു കൊണ്ട് ഭൂവുടമസ്ഥതയില്ലാത്ത കമ്പനികൾ തോട്ട നിയമങ്ങളെ ലംഘിച്ച് ഭൂമി ടൂറിസം മാഫിയകൾക്ക് വേണ്ടി തരം മാറ്റുന്നതിനുള്ള സർക്കാർ നീക്കം തടയുന്നതിലൂടെ മാത്രമെ തൊഴിലാളികളുടെയും, ദലിത്-ആദിവാസി വിഭാഗങ്ങൾ അടക്കമുള്ള മുഴുവൻ
ഭൂരഹിതരുടെയും താൽപര്യം സംരക്ഷിക്കപ്പെടുകയുള്ളൂ.
ജീവിതം നിലനിർത്താനുള്ള ജനാധിപത്യപരമായ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമാണിത്.
കേരളത്തിൽ ശക്തമായി ഉയർന്നു വരേണ്ട
ഐക്യപ്പെട്ട ഭൂപ്രക്ഷോഭത്തിന്
അടിത്തറ സൃഷ്ടിക്കുന്നതായിരിക്കണംമെയ് 26 ന് കൽപ്പറ്റയിൽ നടക്കുന്ന ഭൂസമരസമ്മേളനം. ഈ സമ്മേളനത്തിൽ വിവിധ മണ്ഡലങ്ങളിൽ ഭൂമിക്ക് വേണ്ടി സമരം ചെയ്യുന്ന സംഘടനകളെയും അതിൻ്റെ നേതാക്കളെയും ഞങ്ങൾ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുകയാണ്.
അഭിവാദനങ്ങളോടെ,
എം. കെ. ഷിബു
കൺവീനർ,
സംഘാടക സമിതി.
ഫോൺ: 9562249610
കെ. വി .പ്രകാശ്
ചെയർമാൻ,
സംഘാടക സമിതി’
ഫോൺ: 9400560605