വിദ്വേഷ പ്രചരണങ്ങളേയും ബോംബു രാഷ്ട്രീയത്തെയും ചെറുക്കുക:
വളരെയേറെ ഉത്കണ്ഠയുളവാക്കുന്നതും ആശങ്കപ്പെടുത്തുന്നതുമായ സംഭവങ്ങളാണ് ലോകസഭാ തെരഞ്ഞടുപ്പു വേളയിലും തുടർന്നും കോഴിക്കോട് ജില്ലയിൽ പ്രത്യേകിച്ച് വടകര മണ്ഡലത്തിൽ ഉണ്ടായി കൊണ്ടിരിക്കുന്നത്.
മറ്റൊരു തെരഞ്ഞടുപ്പ് വേളയിലും ദൃശ്യമാകാത്ത വിധം , ഈ തെരഞ്ഞടുപ്പിൽ തന്നെ കേരളത്തിലെ മറ്റൊരു മണ്ഡലത്തിലും കാണാത്ത തരത്തിലുള്ള വർഗ്ഗീയതയുടേയും വിഭജനത്തിൻ്റെയും വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റേയും വിഷലിപ്ത പ്രചരണങ്ങൾ വലിയ തോതിൽ ഇവിടെ നടക്കുകയുണ്ടായി.
ജനങ്ങൾക്കിടയിൽ വിഭാഗീയത വളർത്തുന്ന സൈബർ പ്രചരണങ്ങൾ വ്യാജ ഐഡിയിലൂടെയാണന്നു കണ്ടെത്തിയിട്ടും ഉത്തരവാദികൾക്കെതിരെ നിയമനടപടിയെടുക്കാതെ വീണ്ടും വീണ്ടും ഇവ പ്രചരിപ്പിച്ചവരും എരിതീയിൽ എണ്ണയൊഴിച്ചവരുമായ രാഷ്ട്രീയ നേതൃത്വങ്ങൾ തീർച്ചയായും ഭാവി കേരളം അഭിമുഖീകരിക്കാൻ പോകുന്ന വർഗ്ഗീയ ധ്രുവീകരണ വിപത്തിന് മറുപടി പറയേണ്ടതായി വരും.
ഇത്തരമൊരു സാഹചര്യത്തെ എന്തു വില കൊടുത്തും പ്രതിരോധിക്കേണ്ടത് പുരോഗമന ജനാധിപത്യ ശക്തികളുടെ ഉത്തരവാദിത്വമാണ്.
ഈയൊരു സന്ദർഭത്തിൽ സഖാവ് കെ. എസ്സ്.ഹരിഹരനിൽ നിന്നുമുണ്ടായത് ഒരാളിൽ നിന്നും വന്നു കൂടാത്ത സ്ത്രീ വിരുദ്ധത പരാമർശങ്ങളാണ്. അവ ഒരു കാരണവശാലും ന്യായീകരിക്കപ്പെട്ടുകൂടാത്തതും അപലപനീയവുമാണ്.
അതേസമയം ഇക്കാര്യത്തിലുണ്ടായ ജാഗ്രതക്കുറവും വീഴ്ചയും
അദ്ദേഹത്തിന് തന്നെ ബോധ്യപ്പെടുകയും തിരുത്തുവാനും മാപ്പു പറയാനും തയ്യാറാകുകയും ചെയ്തു. രാഷ്ട്രീയ വേദികളിൽ സ്ഥിരമായി ഇത്തരം പരാമർശങ്ങൾ നടത്തി കൊണ്ടിരിക്കുന്ന പല നേതാക്കളിൽ നിന്നും വ്യത്യസ്തമായൊരു സമീപനവുമാണിത്. ഇതിൽ തൃപ്തരല്ലാത്തവർക്ക്
ആവശ്യമെങ്കിൽ നിയമപരമായ നടപടികൾ സ്വീകരിക്കാനുള്ള സാധ്യതയുമുണ്ട്.
എന്നാൽ “മാപ്പുപറയുന്നതിലൂടെ
യൊന്നും പ്രശ്നം അവസാനിക്കില്ല” എന്ന സി.പി.ഐ (എം) ജില്ലാ സെക്രട്ടറി പി മോഹനൻ്റെ പത്ര സമ്മേളനത്തിലെ പ്രകോപനവാക്കുകളാണ് ഹരിഹരൻ്റെ വീടിനുനേർക്കുണ്ടായ ബോംബ് അക്രമണത്തിന് പ്രചോദനമായത് എന്ന് ന്യായമായും കരുതാം.
ബോമ്പ് രാഷ്ട്രീയത്തിലൂടെയും വിദ്വേഷാഗ്നി ആളിക്കത്തിച്ചും രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള സമീപനം യാതൊരു കാരണവശാലും ജനാധിപത്യ സമൂഹത്തിന് അംഗീകരിക്കാനാവില്ല. തങ്ങൾക്കനഭിമതരായവരെ ഏതുവിധേനയും നേരിടുമെന്ന അധികാരത്തിൻ്റെ മറവിൽ നടത്തുന്ന ഇത്തരം ക്രിമിനൽ ഗുണ്ടാ പ്രവർത്തനങ്ങളെ ജനാധിപത്യ ശക്തികൾ ശക്തമായി എതിർത്ത് തോൽപ്പിക്കേണ്ടതുണ്ട്.
എം. പി. കുഞ്ഞിക്കണാരൻ,
സെക്രട്ടറി,
CPI(ML) റെഡ് സ്റ്റാർ ,
കേരള
സംസ്ഥാന കമ്മിറ്റി.