ജാതി ഉന്മൂലനപ്രസ്ഥാനം 5-ാം അഖിലേന്ത്യാ സമ്മേളനം വിജയകരമായി സമാപിച്ചു.
ലോകത്തൊരിടത്തും സവിശേഷമായ അർത്ഥത്തിൽ ഇതുപോലെ നിലനിൽക്കാത്തതും എന്നാൽ ഇന്ത്യാ രാജ്യത്ത് ആഴത്തിൽ വേരൂന്നിയിട്ടുള്ളതുമായ ജാതി വ്യവസ്ഥയെ തകർക്കാതേയും,ജനാധിപത്യ വിരുദ്ധവും സാമൂഹ്യ വിരുദ്ധവും എന്തിനേറെ മനുഷ്യത്വ വിരുദ്ധവുമായി നമ്മുടെ ദൈനം ദിന ജീവിത വ്യവഹാരങ്ങളിലും ബോധതലത്തിലും അബോധ തലത്തിലും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജാതിയെ ഉന്മൂലനം ചെയ്യാതേയും,ഒരു ജനാധിപത്യ സമൂഹമായി ഇന്ത്യൻ ജനതയ്ക്ക് നിലനില്ക്കാനാവില്ലെന്ന് ആവർത്തിച്ചുറപ്പിച്ചു കൊണ്ടാണ് തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ ഡിസംബർ 16, 17 തിയ്യതികളിൽ നടന്ന “ജാതി ഉന്മൂലന പ്രസ്ഥാനത്തിൻ്റെ ” അഞ്ചാമത് ദേശീയ സമ്മേളനം അവസാനിച്ചത്.
16ന് രാവിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ പ്രതിനിധികളുടെ രജിസ്ട്രേഷന് ശേഷം അണ്ണാമലൈ ഹാളിൽ നടന്ന ഉത്ഘാടന സമ്മേളനത്തോടെയാണ് ദേശീയ കോൺഫ്രൻസിന് തുടക്കം കുറിച്ചത്.
വിവിധ സാംസ്കാരിക, രാഷ്ട്രീയ സംഘടനകളുടെ പ്രതിനിധികൾ ഉദ്ഘാടന സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.
തുടർന്ന് ജാതി ഉന്മൂലന പ്രസ്ഥാനത്തിൻ്റെ പരിപാടി ( കരട് ) ചർച്ചകൾക്ക് വേണ്ടി അവതരിപ്പിച്ചു.
തമിഴ് ജനതയുടെ ജാതി വിരുദ്ധ പോരാട്ടത്തിൻ്റെ കരുത്ത് തെളിയിക്കുന്ന പാട്ടും നൃത്തവും നാടകവും അടക്കം സാംസ്കാരിക പരിപാടികൾ കൊണ്ട് സമ്പന്നമായ സമ്മേളന ഇടവേളകൾ ഹൃദ്യാനുഭവമായി മാറി..
തുടർന്ന് നടന്ന സെമിനാർ “ഫാസിസ്റ്റ് കാലത്തെ ജാതി ഉന്മൂലനം ” എന്ന വിഷയത്തിൻ്റെ ഗൗരവവും ആഴവും പങ്കാളിത്തവും കൊണ്ട് ശ്രദ്ധേയമായി.
ഇനിയവൻ അദ്ധ്യക്ഷത വഹിച്ച സെമിനാറിൽ
CAM കേന്ദ്ര കോർഡിനേറ്റർ ബെൻന്ധു ആമുഖ പ്രസംഗം നടത്തി.
സുബ വീരപാണ്ഡ്യൻ (ദ്രാവിഡ ഇയക്ക തമിഴർ പേരവൈ),
എം.പി. സെങ്കുട്ടയ്യൻ (ദലിത് വിടുതലൈ കച്ചി ),
K. രാമകൃഷ്ണൻ ( തന്തെ പെരിയാർ ദ്രാവിഡ കഴകം),
രവികുമാർ ( ആദി തമിഴർ പേരവൈ),
നാഗൻ തിരുവള്ളുവൻ (തമിഴ് പുലികൾ കച്ചി ),
നെഹ്റു ദാസ് (തമിഴ് നാട് ദ്രാവിഡ സുയ മരിയാതെ ഇയക്കം),
മലരവൻ (പുരച്ചിത്തറ വലയങ്ങ് മുന്നണി ),
മൂർത്തി (മക്കൾ അധികാർ ),
തുഹിൻ (RCF),
മനോഹരൻ (CPI – ML റെഡ് സ്റ്റാർ ),
സെൽവ മുരുഗൻ (ദ്രാവിഡർ തമിഴർ കച്ചി ),
മനീതി ഷെൽവി ( AlRWO)
എന്നിവർ പങ്കെടുത്തു.
രാത്രി 8 മണിയോടെ ഒന്നാം ദിവസ പരിപാടികൾ അവസാനിച്ചു.
17 ന് രണ്ടാം ദിവസത്തെ പരിപാടി കാലത്ത് 10 മണിക്ക്
ജാതി ഉന്മൂലന പ്രസ്ഥാനത്തിൻ്റെ കരട് പരിപാടി സംബന്ധിച്ച പ്രതിനിധികളുടെ ചർച്ചയോടെ ആരംഭിച്ചു. ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിൻ്റെ അധികാര വാഴ്ചക്കാലത്ത് പുതിയ രൂപത്തിലും ഉള്ളടക്കത്തിലും പ്രത്യക്ഷമായും പരോക്ഷമായും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജാത്യാധികാര മൂല്യബോധത്തെ നിർമ്മൂലനം ചെയ്യുന്നതിനുള്ള സൈദ്ധാന്തികവും രാഷ്ട്രീയവുമായ പ്രയോഗങ്ങളെ വികസിപ്പിക്കുന്നതിനുള്ള വിലപ്പെട്ട നിർദ്ദേശങ്ങളാണ് ചർച്ചയിൽ ഉയർന്നു വന്നത്.
സ്വാതന്ത്ര്യത്തിനു ശേഷം ഏഴ് പതിറ്റാണ്ടിലേറെ പിന്നിട്ടിട്ടും ദലിത്, ആദിവാസി പിന്നാക്ക വിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിലും തൊഴിലിലും, അധികാരത്തിലും പരിഗണ ലഭിക്കാത്ത അങ്ങേയറ്റം ഹീനമായ ഒരു സാഹചര്യത്തിൽ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ജാതി സെൻസസ് നടത്തേണ്ടുന്നതിനെ കുറിച്ചും ഇതു വരെയും ഭൂമിയിൽ ഉടമസ്ഥാവകാശം ലഭിച്ചിട്ടില്ലാത്ത മണ്ണിൽ പണിയെടുക്കുന്നവർക്കും ഭൂരഹിതർക്കും ഭൂമി ലഭ്യമാക്കുന്നതിനുമുള്ള ആവശ്യം ഉന്നയിക്കുന്നതിന് ജാതി ഉന്മൂലന പ്രസ്ഥാനത്തിന് ബാധ്യതയുണ്ടെന്നതടക്കം വളരെ ഗൗരവപ്പെട്ട വിശദമായചർച്ചകൾക്ക് സ: തുഹിൻ മറുപടി പറഞ്ഞു.
കഴിഞ്ഞ സമ്മേളനത്തിനും ഈ സമ്മേളനത്തിനും ഇടയിലുള്ള കാലത്തെ രാഷ്ട്രിയ സംഘടനാ പ്രവർത്തന റിപ്പോർട്ട് എം.കെ ദാസൻ അവതരിപ്പിച്ചു.
റിപ്പോർട്ടിന്മേലുള്ള ചർച്ചയിലും നിരവധി സഖാക്കൾ പങ്കെടുത്തു.
തുടർന്ന് പുതിയ അഖിലേന്ത്യാ കമ്മറ്റിയുടെ പാനൽ അവതരിപ്പിച്ചു.
സഖാക്കൾ എം.കെ ദാസൻ, സിന്ധു (കേരളം), ശങ്കർ , നാഗേഷ് (കർണ്ണാടക) ഇനിയവൻ, സ്നേഹ ,ഇരും പറൈ, (തമിഴ്നാട് ) ബൻന്ധു (മഹാരാഷ്ട്ര) തുഹിൻ, ലഖൻ സുബോധ് ( ഛത്തിസ്ഘട്ട് ), ഡി.കെ റാത്തോട് (ഗുജറാത്ത്),ഫഹിം (മധ്യപ്രദേശ്) രാജേന്ദ്ര വനവാസി (ഉത്തർ പ്രദേശ്),ശങ്കർ (പശ്ചിമ ബംഗാൾ), ബസന്തി (ഒഡീഷ ) എന്നിവരടങ്ങുന്ന പതിനഞ്ച് അംഗ അഖിലേന്ത്യാ കോർഡിനേഷൻ കമ്മറ്റി പാനൽ സമ്മേളനം ഏകകണ്ഠമയി അംഗീകരിച്ചു.
സഖാക്കൾ ബൻന്ധു (western Zone കൺവീനർ),
എം.കെ ദാസൻ (South Zone കൺവീനർ) ,തുഹിൻ ( North Zone കൺവീനർ ) , സിന്ധു ,ശങ്കർ എന്നിവരടങ്ങുന്ന അഞ്ചംഗ കേന്ദ്ര പ്രവർത്തക സമിതിയും നിലവിൽ വന്നു.
സനാതന ധർമ്മ വ്യവസ്ഥയെ തുറന്നെതിർത്ത തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് കൊണ്ടും, രാമായണവും മഹാഭാരതവും NCERT യുടെ സ്കൂൾ കരിക്കുലത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തെ അപലപിച്ചും,
ദേശീയ തലത്തിൽ ജാതി സെൻസസ് നടത്തണമെന്ന് ആവശ്യപ്പെട്ടും
ദളിത്, ആദിവാസി വിഭാഗക്കൾക്കും സ്ത്രീകൾക്കും മറ്റ് മർദ്ദിത ജനതയ്ക്കുമെതിരായി സംഘപരിവാർ നടത്തുന്ന അക്രമണത്തെ അപലപിച്ചും ,
ഫലസ്തീൻ ജനതക്കെതിരായി തെമ്മാടി രാഷ്ട്രമായ ഇസ്രായേൽ നടത്തുന്ന ഭീകരാക്രമണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുമുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു കൊണ്ട് പുതിയ തീരുമാനങ്ങളും പ്രതീക്ഷകളുമായിട്ടാണ് ജാതി ഉന്മൂലന പ്രസ്ഥാനം അഞ്ചാം ദേശീയ സമ്മേളനത്തിന് സമാപനമായത്.
8 പ്രതിനിധികളും 4 സൗഹാർദ്ദ പ്രതിനിധികളുമടക്കം 12 പേർ കേരളത്തിൽ നിന്നും സമ്മേളനത്തിൽ പങ്കെടുത്തു.
(വി.എ ബാലകൃഷ്ണൻ തയ്യാറാക്കിയ റിപ്പോർട്ട് )