Home » ആദിവാസികളെപ്പോലും വംശീയമായി അവഹേളിക്കുന്ന കേരളീയം പരിപാടി അപഹാസ്യം

ആദിവാസികളെപ്പോലും വംശീയമായി അവഹേളിക്കുന്ന കേരളീയം പരിപാടി അപഹാസ്യം

by Jayarajan C N

ആദിവാസികളെപ്പോലും വംശീയമായി അവഹേളിക്കുന്ന കേരളീയം പരിപാടി അപഹാസ്യം:
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ
സംസ്ഥാനകമ്മിറ്റി

സംസ്ഥാനത്തിന്റെ പുരോഗതി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വഞ്ചനാപരമായ ശ്രമമായാണ് കേരള സർക്കാർ ‘കേരളീയം’ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.

കേരളപ്പിറവിയുടെ അറുപത്തിആറാം വാർഷികാഘോഷത്തിന്റെ മറവിൽ 27 കോടിയിൽ പരം രൂപ എസ്റ്റിമേറ്റ് ഇട്ടിരിക്കുന്ന മാമാങ്കമാണ് തിരുവനന്തപുരത്ത് അരങ്ങേറുന്നത്.
സംസ്ഥാനത്തിന്റെ പൊതു കടം ഏകദേശം 3.6 ലക്ഷം കോടി രൂപയോളം എത്തിയിരിക്കുന്നു.

2000-01 ലെ 26,000 കോടിയിൽ നിന്നാണ് ഇത്തരത്തിൽ ഗണ്യമായ
വർദ്ധനവ് ഉണ്ടാക്കിയിരിക്കുന്നത്.
525,000 ഏക്കർ ഭൂമി സർക്കാരിന്റെ നിശബ്ദ പിന്തുണയോടെ വിദേശ തോട്ടം കുത്തകകൾക്കും മാഫിയകൾക്കുംഅനധികൃതമായി കൈവശം വെക്കാൻ അനുവാദം നൽകിയിരിക്കുന്നു. 3.4 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് അവരുടെ അവകാശപ്പെട്ട ഭൂമി ഇതിലൂടെ നഷ്ടപ്പെട്ടിരിക്കയാണ്.

ആദിവാസികളുടെ ഭൂമി കൈയേറുകയും ബലമായി കൈവശപ്പെടുത്തുകയും ചെയ്യുന്ന പ്രക്രിയ ഇപ്പോൾ അട്ടപ്പാടിയിൽ ഉൾപ്പെടെ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു.
ആദിവാസികളെയും അവരുടെ സ്ത്രീകളെയും കുട്ടികളെയും പട്ടിണിയിലേക്കും അകാല മരണത്തിലേക്കും തള്ളിവിട്ടു കൊണ്ടിരിക്കുന്ന വർത്തമാന അവസ്ഥയിലാണ് മേൽപ്പറഞ്ഞതും കൂടി സംഭവിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ കേരളീയം പരിപാടിയിൽ ഇതേ സർക്കാർ ആദിവാസികളെ പ്രദർശന വസ്തുക്കളാക്കിക്കൊണ്ട് അവരുടെ വ്യക്തിത്വത്തെയും അവരോട് കാണിക്കുന്ന അവഗണനകളെയും അവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങളെയും ഒക്കെ തമസ്കരിക്കുന്ന അങ്ങേയറ്റം ഹീനമായ പ്രക്രിയയാണ് നടപ്പാക്കുന്നത് എന്നത് ഈ പരിപാടി എത്രത്തോളം മനുഷ്യ വിരുദ്ധവും ആദിവാസി വിരുദ്ധവുമാണ് എന്നതിന്റെ ദൃഷ്ടാന്തമാണ്.
കൊളോണിയൽ കയ്യേറ്റക്കാരുടെ മാനസിക അവസ്ഥയിൽ തന്നെയാണ് വംശീയ അവഹേളനം നടത്തിക്കൊണ്ട് ആദിവാസികളെ പ്രദർശന വസ്തുവാക്കി മാറ്റിയിരിക്കുന്നത്.

കേരളീയം പരിപാടിയുടെ മൊത്തം ചെലവിന്റെ മൂന്നിൽ ഒന്നിൽ കൂടുതൽ ചെലവഴിക്കപ്പെടുന്ന എക്സിബിഷൻ പരിപാടിയിലെ “മുഖ്യ ഇന” മായി ഈ പാവം ജനവിഭാഗങ്ങളെയും മാറ്റിത്തീർക്കുന്നതിന്റെ മനുഷ്യത്വരാഹിത്യം തിരിച്ചറിയേണ്ടതുണ്ട്.

നാല് കോടിയോളം രൂപ ചെലവഴിച്ച് സർക്കാർ സ്ഥാപനങ്ങൾ വർണ്ണാഭമാക്കുന്നത് കേരളം രൂക്ഷമായ വൈദ്യുതി ക്ഷാമത്തെ നേരിടുകയും വലിയ വിലയ്ക്ക് വൈദ്യുതി വാങ്ങുകയും അതിന്റെ ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയും ചെയ്യു മ്പോഴാണ്.

ദളിത് വിഭാഗത്തിൽപ്പെട്ട വിനായകനെപ്പോലുള്ള പ്രശസ്തരായ അഭിനേതാക്കളെ അവഗണിച്ചുകൊണ്ട് ബിഗ് ബജറ്റ് സിനിമകളിൽ നിന്ന് സെലിബ്രിറ്റികളെ ക്ഷണിക്കുന്നതിൽ സർക്കാർ പക്ഷപാതം കാണിക്കുക വഴി തങ്ങൾ മറ്റെല്ലാവരെയും പോലെ തന്നെയാണ് എന്ന് തെളിയിച്ചിരിക്കുന്നു.

കേരളത്തിലെ ജനങ്ങൾ കടക്കെണിയിലേക്ക് എത്തുന്ന അവസ്ഥ സംജാതമാകുമ്പോൾ, കെഎസ്ആർടിസി തൊഴിലാളികളെപ്പോലുള്ള സർക്കാർ സ്ഥാപനങ്ങളിലുള്ളവർക്ക് പോലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ന്യായമായും അവകാശപ്പെട്ട ശമ്പളം നിഷേധിക്കുമ്പോൾ, എന്തിനധികം ലക്ഷക്കണക്കായ പാവങ്ങളെ ലഭ്യമാകേണ്ട ക്ഷേമ പെൻഷൻ പോലും വിതരണം ചെയ്യാതെ കുടിശ്ശികയിൽ നിർത്തിക്കൊണ്ട് ഈ കൊട്ടിഘോഷങ്ങൾ സകല ദൗർബ്ബല്യങ്ങളെയുംമറച്ചുവെക്കുകയാണ്.

ഇത്തരത്തിൽ കേരളീയം പരിപാടി കോർപ്പറേറ്റ് മൂലധനാധിഷ്ഠിത കമ്പോളങ്ങളെ ലക്ഷ്യം വെക്കുന്ന ടൂറിസ്റ്റ് മേഖലകളിൽ കേവലമായി ഊന്നുന്നതും അതേ സമയം തന്നെ ദേശീയ വിമോചന പ്രക്ഷോഭങ്ങളും നവോത്ഥാന, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും കൈവരിച്ച നേട്ടങ്ങളെയെല്ലാം പാടെ നിഷേധിക്കുന്നതുമായ, മനുഷ്യത്വ വിരുദ്ധമായ ഒന്നായി നിലകൊള്ളുന്നു.

സംസ്ഥാന കമ്മിറ്റി .
സി പി.ഐ (എം.എൽ) റെഡ് സ്റ്റാർ .
06/11/ 2023 .
എറണാകുളം

You may also like

Leave a Comment