Home » ദയാ ബായിയുടെ നിരാഹാര സമരവും കെ കെ കൊച്ചിന്റെ വിലാപവും – എം കെ ദാസൻ

ദയാ ബായിയുടെ നിരാഹാര സമരവും കെ കെ കൊച്ചിന്റെ വിലാപവും – എം കെ ദാസൻ

by Jayarajan C N

കാസർഗോഡ് എൻഡോസൾഫാൻ ദുരിതബാധിതരുടെ പ്രശ്നങ്ങൾ ഉന്നയിച്ചുകൊണ്ട് സാമൂഹ്യപ്രവർത്തക ദയാബായി സെക്രട്ടറിയേറ്റിനു മുന്നിൽ നടത്തുന്ന നിരാഹാര സമരം 9 ദിവസം പിന്നിട്ടിട്ടും സർക്കാർ കണ്ട ഭാവം നടിക്കാത്തതിൽ യാതൊരു ജനാധിപത്യ പ്രശ്നവും കാണാത്ത കെ കെ കൊച്ച് ദയാബായിക്കും സമരത്തിനും എതിരെ ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നു.

 

സമീപകാലത്തായി കെ – റെയിൽ പദ്ധതി അടക്കമുള്ള വിഷയങ്ങളിൽ അദ്ദേഹത്തിന്റെതായി വന്നിട്ടുള്ള സർക്കാർ ന്യായീകരണ എഴുത്തുകളിൽ കാണുന്ന അതേ നിലവാരത്തിലുള്ള വാദങ്ങൾ തന്നെയാണ് അദ്ദേഹം ഇവിടെയും നിരത്തുന്നത്.

 

താൻ ഇതുവരെ ആർജ്ജിച്ച അനുഭവങ്ങളെയും പുലർത്തിപ്പോന്ന സാമൂഹ്യ ബോധത്തേയും ധൈഷണിക ധാരണകളെയും കൈയൊഴിഞ്ഞു സോഷ്യൽ മീഡിയയിൽ നാം കാണുന്ന ചില ചരിത്ര ബോധമില്ലാത്ത സൈബർ പോരാളികളുടെ നിലവാരത്തിലേക്കാണ് തന്റെ എഴുത്തുകൾ ഇപ്പോൾ എത്തിനിൽക്കുന്നത് എന്ന് ഒരുപക്ഷേ അദ്ദേഹത്തിന് മാത്രമാകും  തിരിച്ചറിയാൻ കഴിയാതെ പോകുന്നത്.

മധ്യപ്രദേശിൽ സാമൂഹിക പ്രവർത്തനം നടത്തുന്ന ദയാബായി കാസർഗോഡുകാരുടെ ആരോഗ്യ പ്രശ്നങ്ങളിൽ സമരത്തിനായി “ഇറക്കുമതി ” ചെയ്യപ്പെട്ടതിനെ ചോദ്യം ചെയ്തു കൊണ്ടാണ് അദ്ദേഹത്തിന്റെ വിമർശനങ്ങൾ ആരംഭിക്കുന്നതു തന്നെ.

കോട്ടയം ജില്ലയിലെ പൂവരണിയിൽ നിന്നും കന്യാസ്ത്രീ ആകാൻ പോയി സഭയുടെ നെറികേടുകളിൽ മനം മടുത്തു തിരുവസ്ത്രം വലിച്ചറിഞ്ഞ് ആദിവാസികൾക്കിടയിൽ പ്രവർത്തിക്കുന്ന ദയാബായിയുടെ സുദീർഘമായ ത്യാഗ നിർഭര പോരാട്ട ചരിത്രത്തെ “ആയമ്മ ” പ്രയോഗം കൊണ്ട് റദ്ദ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

അമരാവതിയിൽ കുടിയിറക്കപ്പെട്ടവർക്കായി എകെജി നിരാഹാരം കിടന്നപ്പോഴോ വൈക്കം കാരനായ പി കൃഷ്ണപിള്ള ഗുരുവായൂരമ്പലത്തിൽ മണിയടിച്ചപ്പോഴോ അക്കാലത്തെ അറു പിന്തിരിപ്പന്മാർ പോലും ചോദിക്കാതിരുന്ന “മറുനാട്ടുകാർക്ക് ഇവിടെ എന്തുകാര്യം? ” എന്ന ചോദ്യമാണ് വർത്തമാനകാല ജനകീയ സമരങ്ങളിൽ പങ്കെടുക്കുന്ന ഇരകൾ അല്ലാത്തവരോട് വ്യവസ്ഥാപിത ഇടതുപക്ഷവും സർക്കാരും ഇപ്പോൾ ചോദിച്ചു കൊണ്ടിരിക്കുന്നത്. അതേ ചോദ്യമാണ് ചരിത്രബോധം നഷ്ടപ്പെട്ട കെ കെ കൊച്ചും ഉന്നയിക്കുന്നത്.

വളരെ മുൻപുണ്ടായ ചില ഒത്തുതീർപ്പ് ധാരണകൾക്കു ശേഷം ഈ ഗാന്ധിജയന്തി ദിനത്തിൽ ആരംഭിച്ച ദയാബായിയുടെ നിരാഹാര സമരത്തെ മാത്രമേ എൻഡോ സൾഫാൻ വിഷയത്തിൽ അദ്ദേഹത്തിന് കാണാൻ കഴിയുന്നുള്ളൂ. എന്നാൽ നിരന്തരമായി കാസർഗോടും തിരുവനന്തപുരത്തുമായി നടന്നുവരുന്ന സമരങ്ങളുടെ തുടർച്ചയാണ് ദയാബായിയുടെ നിരാഹാരം .

നിരന്തരമായ സമരങ്ങളിലൂടെയും കോടതികൾ കയറിയിറങ്ങിയും നേടിയ തുച്ഛമായ അവകാശങ്ങൾ പോലും അവർക്ക് ലഭ്യമല്ല. കടലാസിലുള്ള ചികിത്സാ സൗകര്യങ്ങൾ ഒട്ടേറെയാണ്. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 16 ആശുപത്രികളിൽ സൗജന്യ ചികിത്സ, മാസംതോറും ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും വീടുകളിൽ ചെന്ന് നടത്തുന്ന പരിശോധന തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പറയുന്നുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കുന്നില്ലെന്ന് മാത്രം.

കാസർഗോഡ് മെഡിക്കൽ കോളേജിൽ ന്യൂറോളജിസ്റ്റിനെ നിയമിച്ചു വെങ്കിലും ഉക്കിനടുക്ക എന്ന വിദൂര ഗ്രാമത്തിലെ ഈ മെഡിക്കൽ കോളേജിൽ ആവശ്യമായ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പരിശോധന നടത്താൻ 100 കിലോമീറ്ററിലധികം ദൂരെയുള്ള പരിയാരം മെഡിക്കൽ  കോളേജിലേക്ക് അയക്കും. അവിടെയും ആവശ്യത്തിന് സൗകര്യമില്ലാത്തതിനാൽ സ്കാൻ പോലുള്ള പരിശോധനകൾ ലഭിക്കാൻ ആഴ്ചകൾ എടുക്കും. ദുരിതബാധിതരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിക്കപ്പെട്ട എൻഡോസൾഫാൻ വിക്ക്ടിം റെമടിയേഷൻ സെൽ പ്രവർത്തന രഹിതമാണ് . ദുരിത ബാധിതർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന സുപ്രീംകോടതി വിധി പിന്നീട് കോടതി അലക്ഷ്യ നടപടികൾ നേരിട്ടിട്ടും പൂർണമായി നടപ്പിലാക്കിയിട്ടില്ല.

ഇത്തരം സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി നിരവധി നിവേദനങ്ങൾ സർക്കാറിന് നൽകുകയും കൺവെൻഷനുകൾ , സെക്രട്ടറിയേറ്റിനു മുന്നിലെ സമരങ്ങൾ തുടങ്ങിയവ നിരന്തരം നടന്നിട്ടുണ്ട്. ഈ വിഷയങ്ങൾ ഉന്നയിച്ച് കഴിഞ്ഞ വർഷം സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന സമരത്തിലും ദയാബായി പങ്കെടുത്തിരുന്നു. ഇതൊന്നും കാണാൻ കഴിയാത്ത കൊച്ചിന് സമരത്തിൽ സി ആർ നീലകണ്ഠന്റെയും പ്രതിപക്ഷ നേതാവിന്റെയും സാന്നിധ്യമേ കാണാൻ കഴിയുന്നുള്ളൂ .അതിനാൽ ഈ സമരത്തിന്റെ ഏക നേതൃത്വമായി അദ്ദേഹം CR നെ അവരോധിക്കുകയാണ്. അതുവഴി മക്കൾ കൺമുമ്പിൽ മരിച്ചുവീഴുന്നത് കാണേണ്ടി വരുന്ന ,തങ്ങളുടെ കാലശേഷം തങ്ങളുടെ മക്കൾ എന്തു ചെയ്യും എന്നോർത്ത് വേദനിക്കുന്ന അമ്മമാർ , അമ്പലത്തറ കുഞ്ഞുകൃഷ്ണനും മുനിസ കോട്ടത്തറയും അടക്കം നേതൃത്വം നൽകുന്ന എൻഡോ സൾഫാൻ പീഡിതമുന്നണി,സമരത്തിന് പിന്തുണയുമായി രംഗത്തുള്ള സോണിയ ജോർജ് ചെയർപേഴ്സണും എം സുൽഫിത് ജനറൽ കൺവീനറുമായ എൻഡോസൾഫാൻ സമര ഐക്യദാർഢ്യസമിതി, സമരത്തെ പിന്തുണച്ചെത്തുന്ന ഒട്ടേറെ പരിസ്ഥിതി പ്രവർത്തകർ , ജനപക്ഷ വികസനത്തിനായി പ്രവർത്തിക്കുന്ന പുരോഗമന ജനാധിപത്യ ശക്തികൾ തുടങ്ങിയവരുടെ സമര നേതൃത്വത്തെയും പങ്കാളിത്തത്തെയും അപ്രസക്തമാക്കാൻ കഴിയും എന്നാണ് അദ്ദേഹം കരുതുന്നത്.

ഭരണവർഗ പാർട്ടികളും മുന്നണികളും അകന്നു മാറിനിൽക്കുന്ന ഓരോ ജനകീയ സമരത്തിനും പരിമിതമായ മാധ്യമ ശ്രദ്ധയേ കിട്ടാറുള്ളൂ .

 

മാധ്യമ ശ്രദ്ധയിലേക്ക് സമരത്തെ എത്തിക്കാനും നിയമനിർമ്മാണ സഭകളിൽ വിഷയം ഉന്നയിക്കാനും സഹായകരമാകും എന്നതിനാൽ പ്രതിപക്ഷ നേതാക്കളെയും എംഎൽഎ മാരെയും സമരപ്പന്തലിൽ എത്തിക്കാൻ സമരസമിതികൾ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്.അത് സമരത്തെ നിർണ്ണയിക്കാനും അജണ്ടകൾ നിശ്ചയിക്കുവാനുമുള്ള സമരസമിതിയുടെ അവകാശങ്ങളെ ഇല്ലാതാക്കുന്നില്ല.

പിണറായി വിജയന്റെ ആദ്യ സർക്കാർ അധികാരത്തിൽ വരും മുമ്പ് 2016 ൽ അന്നത്തെ പ്രതിപക്ഷ ഉപനേതാവായിരുന്ന കൊടിയേരി ബാലകൃഷ്ണനും കാസർഗോഡ് സമരപ്പന്തലിൽ എത്തി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിരുന്നതാണ്.

മനുഷ്യരുടെയും പ്രകൃതിയുടെയും നിലനിൽപ്പിനും അതിജീവനത്തിനും എതിരായ മൂലധന വികസനം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണ് ഓരോ ജനകീയ സമരങ്ങൾക്കും ഇടയാക്കുന്നതെന്ന് തിരിച്ചറിയുന്നതിനു പകരം വ്യവസ്ഥാപിത ഇടതുപക്ഷമാണ് ഭരണത്തിൽ എന്നതിനാൽ എല്ലാ ജനകീയ സമരങ്ങളും വലതുപക്ഷ അജണ്ടയുടെ ഭാഗമാണെന്ന സർക്കാർ ന്യായീകരണ യുക്തികൾ തുറന്നുകാട്ടപ്പെടുക തന്നെ ചെയ്യും.

 

ഇത് മനസ്സിലാക്കാതെയുള്ള വിലാപങ്ങളാണ് കെ കെ കൊച്ചിന്റേത് എന്ന് പറയാതെ നിവൃത്തിയില്ല.

 

You may also like

1 comment

ബാബു മൈലമ്പാടി October 11, 2022 - 9:27 am

കെ ടി കുഞ്ഞിക്കണ്ണൻ പാർട്ടി മെമ്പർ ആയ ശേഷമാണു പിണറായിക്ക് വേണ്ടി കുരക്കാൻ തുടങ്ങിയത്. കെ കെ കൊച്ചാവട്ടെ സാഹിത്യ അക്കാദമിഅവാർഡ് കിട്ടിയ ശേഷം എല്ലാ അർത്ഥത്തിലും കാല് നക്കുകയാണ്. ആകെ ഒന്നേ മുക്കാൽ പുസ്തകം മാത്രം എഴുതിയിട്ടുള്ള കൊച്ചിന് സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം കിട്ടിയപ്പോൾ അതിനുള്ള നന്ദി കാണിക്കണ്ടേ. പാവം ദയാഭായി അതിനുള്ള ഇരയായി എന്ന് മാത്രം.

Reply

Leave a Comment