Home » പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന് ആദരാഞ്ജലികൾ !

പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന് ആദരാഞ്ജലികൾ !

by Jayarajan C N

പശ്ചിമ ഘട്ടത്തെക്കുറിച്ചുള്ള സമഗ്രമായ പഠന പ്രവർത്തനങ്ങൾക്കും , പരിസ്ഥിതി സംരക്ഷണത്തിനായുള്ള പൊതുബോധം സൃഷ്ടിക്കുന്നതിലും
അടിത്തട്ട് പ്രവർത്തനങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ മുതിർന്ന പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ (83) ബുധനാഴ്ച രാത്രി പൂനെയിൽ വച്ച് അസുഖത്തെ തുടർന്ന് അന്തരിച്ചു.
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അദ്ദേഹത്തിൻ്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

രാജ്യത്തിലെ അടിസ്ഥാന പരിസ്ഥിതി വിഷയങ്ങളെ മനസ്സിലാക്കുന്നതിലും, ജനങ്ങൾക്കിടയിലേക്ക് അവ എത്തിച്ചു കൊണ്ട് വിപുലമായ പാരിസ്ഥിതിക അവബോധം വളർത്തി എടുക്കുന്നതിലും മാധവ് ഗാഡ്ഗിൽ വഹിച്ച പങ്ക് പ്രമുഖമാണ്.

പശ്ചിമ ഘട്ടത്തിൻ്റെ പാരിസ്ഥിതിക പ്രാധാന്യം തിരിച്ചറിയാതെ “വികസന” പദ്ധതികളും നിർമ്മാണങ്ങളും നടത്തുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ലാഭ താത്പര്യങ്ങളിൽ ഊന്നിയുള്ള അശാസ്ത്രിയമായ ഇടപെടലുകളെ അദ്ദേഹം എതിർത്തു.
പശ്ചിമഘട്ട പർവതനിരകളിലെ വിനാശകരമായ ഇടപെടലുകൾ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വസ്തുതാപരമായ സൂചനകളും നിർദ്ദേശങ്ങളുമായിരുന്നു 2011 ലെ ഗാഡ്ഗിൽ റിപ്പോർട്ട്.
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ വ്യവസ്ഥാപിത രാഷ്ട്രീയ സംഘടനകളെ കൂട്ട് പിടിച്ച് ചില മത മേധാവികളും മാഫിയകളും ഉറഞ്ഞു തുള്ളിയപ്പോൾ,
ഗാഡ്ഗിൽ റിപ്പോർട്ട് ആഴത്തിൽ ചർച്ച ചെയ്യുന്നതിന് ജനങ്ങൾക്കിടയിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടി സി.പി.ഐ (എം എൽ) നേതൃത്വത്തിൽ ജനകീയ ശാസ്ത്ര പ്രവർത്തകരുടെ മുൻകൈയിൽ 2013 ഓഗസ്റ്റിൽ ഗോവയിൽ ”
“സേവ് വെസ്റ്റേൺ ഘട്ട്സ് കൺവെൻഷൻ” വിളിച്ചു ചേർക്കുകയുണ്ടായി. മാധവ് ഗാഡ്ഗിൽ ഈ പ്രവർത്തനങ്ങൾക്ക് വിലയേറിയ പിന്തുണയാണ് നൽകിയതെന്ന കാര്യം പാർട്ടി സംസ്ഥാന കമ്മിറ്റി സ്മരിക്കുന്നു.പശ്ചിമഘട്ട പരിസ്ഥിതി വിദഗ്ദ്ധ പാനലിന്റെ (WGEEP) ചെയർമാൻ എന്ന നിലയിൽ, ഗോവ കൺവെൻഷൻ ഉദ്ഘാടനം ചെയ്തതും മുഖ്യപ്രഭാഷണം നടത്തിയതും ഡോ. ​​ഗാഡ്ഗിൽ ആയിരുന്നു. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നടന്ന തുടർച്ചയായ ജനകീയ കൺവൻഷനുകളും ചർച്ചകളും പ്രായോഗിക ഇടപെടലുകളുമാണ്
പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള ഏകോപന സമിതിയുടെ രൂപീകരണത്തിലേക്ക് നയിച്ചതെന്ന കാര്യവും ഇവിടെ സ്മരിക്കുന്നു.

ഏറ്റവും ഒടുവിലായി വയനാട്ടിൽ
മുണ്ടക്കൈ – ചൂരൽമല ദുരന്തം നടന്നപ്പോഴും ലാഭ താത്പര്യങ്ങളെ കേന്ദ്രീകരിച്ചുള്ള ഭരണവർഗ്ഗ ഇടപെടലുകളെ തുറന്നു കാണിക്കാനും പരിസ്ഥിതി സംരക്ഷണത്തിനായുള്ള ജനകീയ ചെറുത്തുനിൽപ്പുകൾ വളർത്തിയെടുക്കേണ്ടതിൻ്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടികാണിച്ചിരുന്നു.

അദ്ദേഹത്തിൻ്റെ വേർപാട് ജനകീയ ശാസ്ത്ര ലോകത്തിന് കനത്ത ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളതു. അദ്ദേഹത്തിൻ്റെ വേർപാടിൽ സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ സംസ്ഥാന കമ്മിറ്റി അന്ത്യാഞ്ജലികൾ അർപ്പിക്കുന്നു.

സെക്രട്ടറി,
സി.പി.ഐ. (എം. എൽ) റെഡ് സ്റ്റാർ
സംസ്ഥാന കമ്മിറ്റി
കേരള.

08-01-2026
എറണാകുളം

You may also like

Leave a Comment