തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിനോടുള്ള CPI(ML) റെഡ് സ്റ്റാർ സമീപനം
കോർപ്പറേറ്റ് – ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ സമ്പൂർണ്ണ നിയന്ത്രണത്തിലുള്ള മോദി സർക്കാർ, സാമൂഹ്യ ജീവിതത്തിൻ്റെ സമസ്ത മണ്ഡലങ്ങളെയും അതീവ ഗുരുതരമായ പ്രതിസന്ധികളിലേക്ക് നയിക്കുന്ന ഭീഷണമായ സാഹചര്യത്തിലാണ് തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്.
തെരഞ്ഞടുപ്പ് കമ്മീഷനെപ്പോലും നോക്കുകുത്തിയാക്കി ഫാസിസ്റ്റ്നയങ്ങൾ അടിച്ചേൽപ്പിച്ചു കൊണ്ട് ജനാധിപത്യ സംവിധാനങ്ങൾ അട്ടിമറിക്കുകയാണ് മോദി.
പൊതു സമ്പത്തും പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കാൻ ഭരണകൂടം ഒത്താശ ചെയ്യുന്നതിനാൽ കോർപ്പറേറ്റുകൾ തടിച്ചു കൊഴുക്കുമ്പോൾ അദ്ധ്വാനിക്കുന്ന ബഹുജനങ്ങൾ മുമ്പൊരിക്കലും ഉണ്ടാകാത്തവിധം പാപ്പരീകരണത്തിനു വിധേയമാകുന്നു.
ഇന്ത്യയിലെ തൊഴിലാളിവർഗം ദീർഘകാല സംഘടിത പോരാട്ടത്തിലൂടെ നേടിയെടുത്ത നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളെയാണ് പുതിയ ലേബർ കോഡിലൂടെ മോഡി സർക്കാർ ഇല്ലാതാക്കിയിരിക്കുന്നത്.
കാർഷിക വ്യാവസായിക തകർച്ചയും തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും പരിസ്ഥിതി വിനാശവും ജാതീയ അടിച്ചമർത്തലുകളും ജനാധിപത്യാവകാശ നിഷേധങ്ങളും സ്ത്രീകൾക്കെതിരായ കടന്നാക്രമണങ്ങളും ദലിതരും ആദിവാസികളും മതന്യൂനപക്ഷങ്ങളുമടക്കം മർദ്ദിത ജനവിഭാഗങ്ങൾക്കെതിരായ നീക്കങ്ങളും വ്യാപകമായിരിക്കുന്നു.
RSS ൻ്റെ രാഷ്ട്രീയ ഉപകരണമായ BJP യുടെ നേതൃത്വത്തിലുള്ള മോദിസർക്കാർ നടപ്പാക്കുന്ന കോർപ്പറേറ്റ് -ഹിന്ദുത്വ ഫാസിസ്റ്റ് അജണ്ടകൾ ‘ഡബിൾ എഞ്ചിൻ സർക്കാരുകൾ ‘ നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമല്ല; BJP ഇതര ഗവൺമെൻ്റുകൾ ഭരണം നടത്തുന്ന സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെടുന്നു.
കേരളവും ഇതിന് അപവാദമല്ല.
വികസനത്തിൻ്റെ പേരിൽ നിക്ഷേപ സൗഹൃദ ( Ease of doing Business) ത്തിനായുള്ള കോർപ്പറേറ്റ് നയങ്ങളാണ് പിണറായി സർക്കാരും നടപ്പാക്കുന്നത്.
അതിനാലാണ് സംസ്ഥാന താല്പര്യങ്ങൾക്ക് നിരക്കാത്ത കരാറിലൂടെ പൊതു മുതൽ അദാനിക്ക് അടിയറ വെച്ച വിഴിഞ്ഞം പദ്ധതിയെ ഏറ്റവും മികച്ച വികസനമായി അവതരിപ്പിക്കുന്നത്.
കഴിഞ്ഞ 10 വർഷക്കാലത്തെ പിണറായി ഭരണം കേരളത്തൻ്റെ സമ്പദ്ഘടനയെ ഗുരുതരമായ അവസ്ഥയിലേക്ക് എത്തിച്ചു കഴിഞ്ഞു. ജാതി സെൻസസിനെ പോലും അട്ടിമറിക്കുന്ന വർഗ്ഗീയ-ജാതി മേധാവിത്ത ശക്തികളുടെ പിടിയിലേക്ക് കേരളം അകപ്പെട്ടു.
അഴിമതിയെ സാർവ്വത്രികമാക്കിയും, കോർപ്പറേറ്റ് വികസനം അടിച്ചേൽപ്പിച്ചും മുലധന ശക്തികൾക്ക് കേരളത്തെ അടിയറ വെക്കുകയാണ് പിണറായി കേരളത്തിൽ ചെയ്യുന്നത്. ഫാസിസ്റ്റ് മോഡിയുടെ ജനവിരുദ്ധമായ ഒരോ നയങ്ങളും കണിശമായി പിണറായി നടപ്പാക്കുകയാണ്. ഏറ്റവും ഒടുവിലായി കേരളത്തിലെ കുടിവെള്ള പദ്ധതികൾ പോലും അന്താരാഷ്ട്ര കോർപ്പറേറ്റ് ശക്തികൾക്ക് അടിയറ
വെച്ചു കഴിഞ്ഞു.
നഗരങ്ങളിലെ ജല വിതരണവും അനുബന്ധ പ്രവർത്തനവും ഇതുവഴി അന്തർദേശീയ ജലവിതരണ കുത്തക കമ്പനികളുടെ(Suez,ഫ്രാൻസ്) കൈകളിൽ എത്തി .
ആഭ്യന്തര വകുപ്പിൽ RSSനുള്ള സ്വാധീനം പലപ്പോഴും പുറത്തുവന്നിട്ടുണ്ട്.
മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ദേശീയ വിദ്യാഭ്യാസ നയം 2020 നോടുള്ള പിണറായി സർക്കാരിനുള്ള ഇരട്ടത്താപ്പ് സമീപനം PM ശ്രീ ധാരണപത്രത്തിൽ ഒപ്പിട്ട തോടനുബന്ധിച്ച് വ്യക്തമാകുകയുണ്ടായി.
സംവരണത്തെ സംബന്ധിച്ച ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധമായി മോദി സർക്കാരിനും വഴി കാട്ടും വിധം EWS എന്ന സവർണ്ണ സംവരണം പിണറായി സർക്കാരാണ് നടപ്പാക്കിയത്.
പൊതു ഖജനാവിൽ നിന്നും കോടികൾ മുടക്കിയുള്ള PR വർക്കിലൂടെ കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നയങ്ങൾക്ക് ബദൽ കേരള സർക്കാരിൻ്റെ ഭരണനയങ്ങളാണെന്ന് അവകാശപ്പെടാനല്ലാതെ കേന്ദ്ര സർക്കാരിൻ്റെ കോർപ്പറേറ്റ് ഹിന്ദുത്വ ഫാസിസ്റ്റ് നയങ്ങളെ പ്രതിരോധിക്കുന്ന ബദൽ സമീപനങ്ങളും നയങ്ങളും മുന്നോട്ടു വെക്കാനോ വികസിപ്പിക്കാനോ പിണറായി സർക്കാരിനും അതിനു നേതൃത്വം കൊടുക്കുന്ന LDF നു കഴിയുന്നില്ല.
കേന്ദ്ര- സംസ്ഥാന സർക്കാരുങ്കളുടെ കോർപ്പറേറ്റ് അനുകൂല മൂലധന സേവയേയും ഹിന്ദുത്വ പ്രീണനങ്ങളേയും തുറന്നു കാണിക്കാനോ ചെറുക്കാനോ UDF ന് കഴിയുന്നില്ല. UDF തുടർന്നു പോരുന്ന വലതു രാഷ്ട്രീയനയങ്ങളെ അവരെക്കാൾ കാര്യക്ഷമമായി തീവ്ര വലതുപക്ഷത്തു നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്നതാണ് കോൺഗ്രസ് നയിക്കുന്ന UDF നെ ദുർബലപ്പെടുത്തുന്നത്.
ജനങ്ങളുടെ നിലനിൽപും ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ഉപജീവനം , ഭൂമി,തൊഴിൽ , പാർപ്പിടം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം, പരിസ്ഥിതി സംരക്ഷണം തുടങ്ങി എല്ലാ കാര്യങ്ങളും മുകളിൽ നിന്നും കെട്ടിയിറക്കുന്ന നയങ്ങളുടേയും നിർദ്ദേശങ്ങളുടേയും അടിസ്ഥാനത്തിൽ നിർണ്ണയിക്കപ്പെടുന്ന ഇന്നത്തെ അവസ്ഥക്കെതിരെ സമരം ചെയ്തു കൊണ്ട് ജന പങ്കാളിത്തത്തിൽ തീരുമാനങ്ങൾ എടുക്കുന്നതിനും നടപ്പിലാക്കുന്നതിനും തദ്ദേശ ഭരണ സ്ഥാപനങ്ങള ജനാധിപത്യപരമായി പരിവർത്തിപ്പിക്കേണ്ടതുണ്ട്.
ഈ സാഹചര്യത്തിൽ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കുന്നതും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതും ജനങ്ങൾക്ക് തൊഴിലും സാമൂഹിക സുരക്ഷയും ജനാധിപത്യാവകാശങ്ങളും ലഭ്യമാക്കുന്നതും ജാതിവ്യവസ്ഥയെ ഇല്ലാതാക്കുന്നതുമായ ഒരു ജനപക്ഷ ബദൽ വളർത്തിക്കൊണ്ട് വരുന്നതിലൂടെയേ ഫാസിസ്റ്റ് ഭീകരതയെ മറി കടക്കാനും കേരളം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും കഴിയൂ.
ഈയൊരു കാഴ്ചപ്പാടിൻ്റെ അടിസ്ഥാനത്തിൽ കോർപ്പറേറ്റ് സമ്പത്തു സമാഹരണത്തിനു പകരം ജനങ്ങളളെ വികസനത്തിൻ്റെ ചാലകശക്തിയായി കാണുന്ന, ജനാധിപത്യത്തിൻ്റെ ജാതിവിരുദ്ധവും മതേതരവുമായ പൊതുമണ്ഡലങ്ങൾ വികസിപ്പിക്കുന്ന രാഷ്ട്രീയ സമീപനമാണ് CPI(ML) റെഡ് സ്റ്റാർ മുന്നോട്ടു വെക്കുന്നത്.
അതിനാൽ ഈ തെരഞ്ഞെടുപ്പിൽ പാർട്ടി സ്ഥാനാർത്ഥികൾ മത്സരിക്കാത്തയിടങ്ങളിൽ ഏതെങ്കിലും മുന്നണിയെ പാർട്ടി പിൻതുണക്കുന്നില്ല.
അതേ സമയം NDA മുന്നണിക്ക് ജയ സാദ്ധ്യതയുള്ളയിടത്ത് അവരെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാകണം വോട്ടവകാശം വിനിയോഗിക്കൽ.
സംസ്ഥാന കമ്മിറ്റി.
സി.പി.ഐ (എം എൽ) റെഡ് സ്റ്റാർ.
