Home » പി.എം. ശ്രീ പദ്ധതി കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കരുത്.

പി.എം. ശ്രീ പദ്ധതി കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കരുത്.

by Jayarajan C N

പി.എം. ശ്രീ പദ്ധതി കരാറിൽ സംസ്ഥാന സർക്കാർ ഒപ്പുവെക്കരുത്.

സംസ്ഥാന കമ്മിറ്റി.
CPIMLRED STAR

കഴിഞ്ഞ രണ്ടു വർഷങ്ങളായി കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരിന് കൈമാറേണ്ട വിദ്യാഭ്യാസ ഫണ്ട് നൽകാതിരിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് ലഭിക്കേണ്ടതുക പാഴാക്കാതിരിക്കാനാണ് പി.എം.ശ്രീ പദ്ധതിക്ക് അനുമതി നൽകാൻ തീരുമാനിച്ചത് എന്ന വിദ്യാഭ്യാസമന്ത്രിയുടെ വിശദീകരണം അപലപനീയമാണ്.
സംസ്ഥാനത്തിന് ലഭിക്കേണ്ട ഫണ്ടുകൾ തടയപ്പെടുന്നതിനെതിരെ ഫെഡറൽ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള ഇടപെടലുകളും ജനങ്ങളെ അണിനിരത്തിയുള്ള പ്രതിരോധനങ്ങളുമാണ് സംസ്ഥാന സർക്കാർ നടത്തേണ്ടത്. അല്ലാതെ ഫണ്ടിനു വേണ്ടി കാവിവൽക്കരണം അനുവദിച്ചുകൂടാ.
മാവോ ബാധിത പട്ടികയിൽ പെടാത്ത കേരളത്തിൽ മാവോയിസ്റ്റ് വേട്ടയ്ക്ക് ഫണ്ട് ലഭിക്കുന്നതിന് വേണ്ടി മുഖ്യമന്ത്രി നേരിട്ട് പ്രധാനമന്ത്രിയെ കണ്ടു് ഫണ്ട് അനുവദിപ്പിച്ചതിന് സമാനമാണ് പി.എം ശ്രീ പദ്ധതി നടപ്പാക്കുന്നതിനുള്ള CPM തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ സമ്പൂർണ്ണ സ്വകാര്യവൽക്കരണം ലക്ഷ്യം വെക്കുന്ന ദേശീയ വിദ്യാഭ്യാസ പദ്ധതി (NEP) യിൽ നിന്ന് വിട്ടു നിന്ന സംസ്ഥാന സർക്കാർ പി.എം ശ്രീക്ക് അംഗീകാരം നൽകിയതിനെതിരെ ശക്തമായ പ്രക്ഷോഭങ്ങളുയരണം. 1957 ലെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ നിയമസഭയിൽ അവതരിപ്പിച്ച വിദ്യാഭ്യാസ ബില്ലിൻ്റെ അടിത്തറയിലാണ് ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് സംസ്ഥാന വിദ്യാഭ്യാസ മേഖല മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയായത്. കഴിഞ്ഞ അമ്പത്തഞ്ച് വർഷം കൊണ്ട് നേടിയ നേട്ടങ്ങളെല്ലാം അട്ടിമറിക്കുന്ന പി.എം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന് CPI(ML) റെഡ്സ്റ്റാർ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെടുന്നു.

പി.എം. ശ്രീപദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ എളുപ്പത്തില്‍ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കാന്‍ കഴിയും . വിദ്യാഭ്യാസമേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തുന്നതോടെ സംസ്ഥാനങ്ങള്‍ക്കുള്ള അധികാരവും, വിദ്യാഭ്യാസ നയങ്ങള്‍ രൂപീകരിക്കാനുള്ള അവകാശവും പരിമിതപ്പെടുകയും ചെയ്യും. പാഠ്യ പദ്ധതി ഉള്‍പ്പെടയുള്ള വിഷയങ്ങളില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേന്ദ്രത്തിന്റെ കയ്യിലാവും. ഇത് വഴി നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിലൂടെയുളള ഹിന്ദുത്വ വല്‍ക്കരണം ആശങ്ക ഉളവാക്കുന്നതാണ്. പിഎം ഗതിശക്തി പോര്‍ട്ടലില്‍ ആധുനിക സ്‌കൂളുകള്‍ സ്ഥാപിക്കാനായി തരെഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളുടെ പേരുകളും മറ്റും നല്‍കിയിരുന്നു. ഇവ പ്രധാനമായും ബിജെപിയോ സഖ്യ കക്ഷികളോ ഭരിക്കുന്ന സംസ്ഥാങ്ങളില്‍ നിന്നാണ്. അക്ഷരാർത്ഥത്തിൽ,
RSS അജണ്ട നടപ്പാക്കുന്നതിനുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പി.എം.ശ്രീ. വിദ്യാഭ്യാസ മേഖലയുടെ ഗുണവശങ്ങൾ അട്ടിമറിക്കുന്ന ഈ വിദ്യാഭ്യാസ പദ്ധതി കേരളത്തിൽ നടപ്പാക്കാനുള്ള CPM തീരുമാനത്തിനെതിരെ ജനാധിപത്യ ശക്തികൾ രംഗത്തിറങ്ങണമെന്ന് അഭ്യർത്ഥിക്കുന്നു.

സെക്രട്ടറി ,
സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ.
സംസ്ഥാന കമ്മിറ്റി,
കേരളം.

20-10-2025
എറണാകുളം.

You may also like

Leave a Comment