Home » പിണറായി വിദേശതോട്ടം കമ്പനി ഹാരിസൺസിൻ്റെ ഏജൻ്റ് ആയി മാറരുത്

പിണറായി വിദേശതോട്ടം കമ്പനി ഹാരിസൺസിൻ്റെ ഏജൻ്റ് ആയി മാറരുത്

by Jayarajan C N

പിണറായി വിദേശതോട്ടം കമ്പനി ഹാരിസൺസിൻ്റെ ഏജൻ്റ് ആയി മാറരുത്

എം പി കുഞ്ഞിക്കണാരൻ

മുണ്ടകൈ – ചൂരൽമല ദുരന്ത പുനരധിവാസത്തിന് ഭൂമി ഏറ്റെടുക്കുന്നതിൻ്റെ ഭാഗമായി എസ്റ്റേറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന കോടതി വിധി തികച്ചും അപലപനീയമാണ്.

കേരള സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും വിദേശ തോട്ടം കമ്പനിക്ക് വേണ്ടി നടത്തുന്ന ഏജൻസി പണിയാണ് ഇത്തരമൊരു വിധി പ്രസ്താവനയിലേക്ക് കോടതിയെ പോലും എത്തിച്ചിട്ടുള്ളത്.

1. ഹാരിസൺസ് ഉൾപ്പെടെ കയ്യടക്കിയ അഞ്ചര ലക്ഷം ഏക്കർ തോട്ടം ഭൂമിയുടെ ഭൂ ഉടമസ്ഥത തോട്ടമുടമകൾക്കല്ല കേരള സർക്കാറിനാണന്ന് സർക്കാർ നിയോഗിച്ച നിരവധി കമ്മീഷനുകളും സമിതികളും രേഖാപരമായ വ്യക്തതയോടെ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിട്ടും പിണറായി സർക്കാർ എടുത്ത ഓരോ നടപടിയും തോട്ടം കുത്തകകൾക്ക് അനുകൂലമായിരുന്നു.

2.അനധികൃതമായി കൈവശം വെക്കുന്ന ഭൂമി ഏറ്റെടുക്കുന്നതിന് നിയമിതന സ്പഷ്യൽ ഓഫീസർ ഡോ രാജമാണിക്യം (ഐ.എ എസ് ) സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടു പൂർണ്ണമായി അവഗണിക്കുകയും, കോടതികളിൽ ഉടമസ്ഥഅവകാശം സംബന്ധിച്ച് വ്യവഹാരങ്ങളിൽ സർക്കാരിന് വേണ്ടി വാദിച്ചിരുന്ന ഗവർമെൻ്റ് പ്ലീഡർ അഡ്വ.സുശീല ഭട്ടിനെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്തു കൊണ്ട് തോട്ടമുടമകൾക്കുവേണ്ടി കരുക്കൾ നീക്കുകയാണ് പിണറായി ചെയ്തത്.

3 വിദേശതോട്ടം ഭൂമികളുടെ കാര്യത്തിൽ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാൻ സിവിൽ കോടതികളിൽ കേസ്സുകൾ ഫയൽ ചെയ്യാം എന്ന സുപ്രീം കോടതി നിർദ്ദേശം പോലും പിണറായി പരിഗണിച്ചില്ല.

ഹാരിസൺസിൻ്റെ ഒരു ലക്ഷത്തോളം ഏക്കർ ഭൂമി കൂടാതെ വയനാട് ജില്ലയിൽ 39 തോട്ടമുടമകൾ 60000 ഏക്കർ ബ്രിട്ടീഷ് കമ്പനികൾ ഉപേക്ഷിച്ച് പോയതോട്ടങ്ങൾ കൈവശപ്പെടുത്തിയിട്ടുണ്ട്. തിരുവിതാംകൂറിൽ നിന്നും തിരുകൊച്ചിയിൽ നിന്നും വൃത്യസ്തമായി മലബാർ ബ്രിട്ടീഷുകാരുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നപ്പോൾ പഴസ്സി സമരത്തിന് ശേഷം ബ്രിട്ടീഷ് ഭരണം നേരിട്ടാണ് സർക്കാർ ഭൂമി തോട്ടങ്ങൾ സ്ഥാപിക്കാനായി ബ്രട്ടീഷ് കമ്പനികൾക്ക് നൽകിയത്.

1947 ന് ശേഷം രാജ്യത്ത് നിലവിൽ വന്ന നിയമ വ്യവസ്ഥക്കുള്ളിൽ തോട്ടഭൂമിയുടെ ഉടമസ്ഥത സംരക്ഷിക്കുക സാധ്യമല്ലന്ന് തിരിച്ചറിഞ്ഞ കമ്പനികൾ തോട്ടങ്ങൾ ഉപേക്ഷിച്ചു പോവുകയാണ് ഉണ്ടായത്. ഇത്തരത്തിൽപ്പെട്ട തോട്ടങ്ങളാണ് വയനാട്ടിൽ പലരീതിയിൽ തോട്ടം നടത്തിപ്പ് കൈമാറി ഉടമസ്ഥ അവകാശമില്ലാതെ ഇന്നത്തെ അവസ്ഥയിൽ എത്തിചേർന്നിട്ടുള്ളത്.

വൈത്തിരി, ബത്തേരി, മാനന്തവാടി താലൂക്കുകളിൽ വിവിധ സർവ്വേ നമ്പറുകളിൽപ്പെട്ട താഴെ പറയുന്ന തോട്ട ഭൂമികൾ ഇതിൽ ഉൾപ്പെടുന്നതായി കേരള സർക്കാറിന് വയനാട് ജില്ലാ കലക്ടർ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എൽസ്റ്റൺ എസ്റ്റേറ്റ്,
കുറിച്യർ മല എസ്റ്റേറ്റ്
ചുളുക്ക ടീ എസ്റ്റേറ്റ്,
ചെമ്പ്ര എസ്റ്റേറ്റ്,
പെല്ലോട്ട് എസ്റ്റേറ്റ്,
തട്ടാമല എസ്റ്റേറ്റ്,
തലപ്പായ ടീ എസ്റ്റേറ്റ്,
ജെസ്സി ടീ എസ്റ്റേറ്റ്
ചിറക്കര എസ്റ്റേറ്റ്
എൻ.എസ്സ് എസ്സ് എസ്റ്റേറ്റ്
ബ്രഹ്മഗിരി എസ്റ്റേറ്റ്
ബ്രഹ്മഗിരി (എ.ബി. ആന്റ് സി )എസ്റ്റേറ്റ്
എ.വി.ടി പ്ലാന്റേഷൻ,
പാമ്പ്ര കോഫി പ്ലാന്റേഷൻ,
ചോയി മല എസ്റ്റേറ്റ്,
പുന്നപ്പുഴ ,
വെള്ളരിമല എസ്റ്റേറ്റ്,
എൽഫിസ്റ്റൺ എസ്റ്റേറ്റ് ,
പോഡാർ പ്ലാന്റേഷൻ ,
(റിപ്പൺ ടീ ),
ഇംഗ്ലീഷ് – സ്കോട്ടിഷ് ജോയിന്റ് കമ്പനി എസ്റ്റേറ്റ്
തുടങ്ങിയ ഈഎസ്റ്റേറ്റ് ഭൂമി മുഴുവനും കേരള സർക്കാരിന്റെ ഉടമസ്ഥതയിൽ നിക്ഷിപ്തമായിരിക്കേണ്ട ഭൂമിയാണ്.

അടിയന്തിരമായി ഈ ഭൂമിയുമായി ബന്ധപ്പെട്ട അടിസ്ഥാനരേഖകൾ കണ്ടെത്തി ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ ശ്രമിക്കുന്നതിന് പകരം പിണറായി ഇപ്പോൾ ചെയ്യുന്നത് രാജ്യദ്രോഹകരമായ പ്രവർത്തനമാണ്.

സിവിൽ കോടതികളിൽ കേസ്സുകൾ തീർപ്പ് കൽപ്പിക്കാൻ കാലതാമസമെടുക്കും എന്നത് കൊണ്ട് തന്നെ നിയമസഭയയിൽ 47 ന് മുമ്പ് ബ്രട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന മുഴുവൻ ഭൂമിയും ഏറ്റെടുക്കാൻ നിയമനിർമ്മാണം നടത്തേണ്ടതുണ്ട്. കോടതികളുടെ ഇടപെടൽ പോലുമില്ലാതെ നിയമനിർമ്മാണം നടത്തി ഭൂമി സംരക്ഷിക്കുവാനുള്ള ഉത്തരവാദിത്വം സർക്കാർ നിറവേറ്റണം.
അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രം പരിശോധിക്കാൻ പിണറായി വിജയൻ തയാറാകണം. 1956 ൽ തൃശൂരിൽ നടന്ന കമ്മൂണിസ്റ്റ് പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച മുഖ്യ പ്രമേയം കേരളത്തിൽ ബ്രട്ടീഷ് കമ്പനികൾ കൈവശം വെച്ചിരുന്ന മുഴുവൻ തോട്ടഭൂമിയും സർക്കാർ ഏറ്റെടുക്കണമെന്നായിരുന്നു. ദൗർഭാഗ്യകരമെന്ന് പറയട്ടെ 1957 ൽ അധികാരമേറ്റെടുത്ത EMS സർക്കാർ പോലും കൊളോണിയൽ മൂലധനത്തോട് സന്ധി ചെയ്യാൻ തയാറാവുകയും ഭൂമി ഏറ്റെടുക്കുന്ന പ്രശ്നം നീട്ടി കൊണ്ടുപോവുകയും ചെയ്തു.

ഇന്ന് ദുരന്ത പുനരധിവാസത്തിനുള്ള ഭൂമി പോലും കയ്യേറ്റക്കാരിൽ നിന്ന് വില കൊടുത്തു വാങ്ങേണ്ടി വരുന്ന ഗതികേടിലേക്ക് കേരളത്തെ എത്തിച്ചിട്ടുള്ളത് വർഗ്ഗനിലപാട് കയ്യൊഴിഞ്ഞ ഇടത്-വലത് നേതൃത്വങ്ങളുൾപ്പെടെ കേരളം ഭരിച്ചിരുന്നവരാണ്. വയനാട്ടിലെ ജനസംഖ്യയിൽ 17 ശതമാനം വരുന്ന ആദിവാസികളിൽ ബഹുഭൂരിപക്ഷവും കൃഷിഭൂമിയും, പാർപ്പിടവുമില്ലാതെ കോളനികളിലെ ദുരിത ജീവിതം അനുഭവിക്കുകയാണ്. ആയിരക്കണക്കായ തോട്ടംതൊഴിലാളികളും തോട്ടംതൊഴിലിനെ മാത്രം ആശ്രയിച്ചു കഴിയുന്ന പതിനായിരങ്ങളും വാസയോഗ്യമായ പാർപ്പിടം പോലുമില്ലാതെ തോട്ടം കമ്പനികൾക്ക് വാടക കൊടുത്തു പാടികളിൽ കഴിയുന്നവരാണ്.
മാറി വരുന്ന കാലാവസ്ഥ വ്യതിയാനത്തെപ്പോലും അതിജീവിക്കാൻ കഴിയാതെ ദുരന്ത മരണങ്ങളെ മുഖാമുഖം കണ്ട് വൈത്തിരി, മാനന്തവാടി താലൂക്കിലെ 13വില്ലേജുകളിൽ 4500 കുടുംബങ്ങൾ നീറിപ്പുകയുകയാണ്. മറ്റൊരു ദുരന്തമുണ്ടാകുന്നതിന് മുമ്പെ ഇവരുടേയും പുനരധിവാസം ഉറപ്പുവരുത്താൻ നമുക്ക് ബാധ്യതയുണ്ട്.
അനധികൃതമായി കുത്തക കമ്പനികൾ കൈവശപ്പെടുത്തിയിരിക്കുന്ന മുഴുവൻ ഭൂമിയും നിയമനിർമ്മാണത്തിലൂടെ ഏറ്റെടുക്കുക എന്നതാണ് സർക്കാറിൻ്റെ മുന്നിലുള്ള കടമ ഈ ഭൂമി തിരിച്ചു പിടിക്കണമെന്നാണ് സി.പി.ഐ. (എം.എൽ) റെഡ് സ്റ്റാർ ആവശ്യപ്പെടുന്നത്.
കേരളത്തിൽ ഇന്നും ടാറ്റ ഹാരിസൺ പോലുള്ള കമ്പനികൾ കയ്യടക്കിയിരിക്കുന്ന മുഴുവൻ ഭൂമിയും തിരിച്ചു പിടിക്കുക എന്നതാണ് വികസനത്തിൻ്റെ അടിസ്ഥാന ശിലയാവേണ്ടത്. വമ്പിച്ച ഒരു ജനകീയ മുന്നേറ്റത്തിലൂടെ ഈ ഭൂമി ജനാധിപത്യ കേരളത്തിൻ്റെ കൈകളിൽ ഉറപ്പിച്ചു നിർത്തുവാൻ ശക്തമായ പോരാട്ടങ്ങൾ വളർത്തി നമുക്ക് വികസിപ്പിക്കേണ്ടതുണ്ട്.
MPKunhikanaran.
27/12/2024

You may also like

Leave a Comment