Home » മോദി3.0ബജറ്റ് ദരിദ്രരെ അവഗണിക്കുന്നു,ഇടത്തരക്കാരെ കബളിപ്പിക്കുന്നു, കോർപ്പറേറ്റ്-കോടീശ്വരന്മാരെ ലാളിക്കുന്നു!

മോദി3.0ബജറ്റ് ദരിദ്രരെ അവഗണിക്കുന്നു,ഇടത്തരക്കാരെ കബളിപ്പിക്കുന്നു, കോർപ്പറേറ്റ്-കോടീശ്വരന്മാരെ ലാളിക്കുന്നു!

by Jayarajan C N

മോദി3.0ബജറ്റ് ദരിദ്രരെ അവഗണിക്കുന്നു,ഇടത്തരക്കാരെ കബളിപ്പിക്കുന്നു, കോർപ്പറേറ്റ്-കോടീശ്വരന്മാരെ ലാളിക്കുന്നു!

വർധിച്ചുവരുന്ന അസമത്വം, തൊഴിലില്ലായ്മ, ഓഹരിവിപണികളിലെ സാമ്പത്തിക ഊഹക്കച്ചവടങ്ങൾ എന്നിവ ബജറ്റിന് മുമ്പുള്ള സാമ്പത്തിക സർവ്വേയുടെ ആശങ്കകളായിരുന്നെങ്കിലും RSS/BJP യുടെ തീവ്ര വലതുപക്ഷ രാഷ്ട്രീയ സാമ്പത്തിക പ്രത്യയശാസ്ത്രത്തിനനുരൂപമായ കോർപ്പറേറ്റ്‌ അനുകൂല സ്വഭാവം തന്നെയാണ്‌ മോദി 3.0 ന്റെ ഈ പ്രഥമ ബജറ്റിലും വ്യക്തമാക്കപ്പെടുന്നത്‌. അധ്വാനിക്കുന്നവരും അടിച്ചമർത്തപ്പെട്ടവരുമായ ബഹുഭൂരിപക്ഷം ജനങ്ങളുടേയും വരുമാനം കുറഞ്ഞുവരുന്നത്‌ ഉയർത്താനോ അവരുടെ ക്രയശേഷി വർദ്ധിപ്പിക്കാനോ നടപടികളൊന്നുമില്ലെങ്കിലും, ആഗോളതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള കോർപ്പറേറ്റ്‌ നികുതികൾ വർദ്ധിപ്പിക്കുന്നതിലുള്ള വൈമുഖ്യം കാണിക്കുന്നതിലൂടെ അതിന്റെ മോദാനി സ്വഭാവം ഈ ബജറ്റിലൂടെ കൂടുതൽ വെളിവാക്കപ്പെടുന്നുമുണ്ട്‌.അതേസമയം, മൂലധന നേട്ടത്തിന്മേലുള്ള നാമമാത്ര നികുതി വർദ്ധനയും ഓഹരി വിപണിയിലെ “ഡെറിവേറ്റീവ് ട്രേഡിംഗും” ഓഹരി വിപണി സൂചികയിൽ ഏകദേശം ഒരു ശതമാനം ഇടിവിലേക്ക് നയിക്കുമെന്നത്‌ ഈ ബജറ്റ്‌ സമ്പന്നർക്കെതിരെ നിലപാട്‌ കൈക്കൊള്ളുന്നുവെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനായി ഈ ബജറ്റിൽ ഉപയോഗിക്കുന്നുമുണ്ട്‌.തീർച്ചയായും, പരാന്നഭോജികളായ കോർപ്പറേറ്റ്-ഊഹക്കച്ചവട വിഭാഗത്തിന്റെ ഭയാനകമായ സമ്പത്ത് വിനിയോഗത്തിന്റെ ഫലമെന്ന നിലയിൽ, 2014 മുതൽ ഇന്ത്യൻ ഓഹരി വിപണി ഇതിനകം നാലിരട്ടിയായി (400% വളർച്ച) വർധിച്ചിട്ടുണ്ട്. കൂടാതെ പൂജ്യം നികുതി റിട്ടേണുകൾ ഫയൽ ചെയ്യുന്ന കോർപ്പറേറ്റ് കമ്പനികളുടെ എണ്ണവും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സർക്കാർ ജീവനക്കാരും സംഘടിത മേഖലയിലെ തൊഴിലാളികളും അടങ്ങുന്ന ഒരു ചെറിയ ന്യൂനപക്ഷം ഒഴികെ, അനൗപചാരിക/അസംഘടിത-സ്വയം തൊഴിൽ മേഖലകളിലെ തൊഴിലാളികൾക്ക്‌ ലഭിച്ചിരുന്ന നാമമാത്രമായ വേതനം പോലും മോദി അധികാരത്തിൽ വന്നതിന് ശേഷം കുറയുകയോ മുരടിക്കുകയോ ചെയ്യുകയാണുണ്ടായത്‌.കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയിൽ, ഇന്ത്യൻ തൊഴിലാളികളിൽ 90 ശതമാനത്തിലധികം വരുന്ന “അനൗപചാരിക തൊഴിലാളി വർഗ്ഗത്തിന്റെ” ശരാശരി പ്രതിമാസ യഥാർത്ഥ വേതനം നവ-ഫാസിസ്റ്റ് മോഡി ഭരണത്തിൻ കീഴിൽ ഏകദേശം 12000 രൂപയിൽ നിന്ന് 11000 രൂപയായി കുറഞ്ഞു.രാജ്യത്തെ സമ്പത്തിന്റെ 40% വും കൈവശം വച്ചിരിക്കുന്നത് 1% സമ്പന്നരാണ് (പട്ടികയിൽ മുകളിലുള്ള 10% പേരുടെ കൈവശമാണ്‌ സമ്പത്തിന്റെ 77% വും). മറുവശത്ത്, ഭക്ഷ്യവസ്തുക്കളുടെയും അവശ്യവസ്തുക്കളുടെയും കുതിച്ചുയരുന്ന വിലകൾക്കിടയിൽ (ജൂണിൽ മാത്രം പച്ചക്കറി വില 27.33% വർദ്ധിച്ചു), ദരിദ്രരായ 50% പേരുടെ വാങ്ങൽ ശേഷി കുത്തനെ കുറഞ്ഞുവരികയും ചെയ്യുന്നു.

മോദിയുടെ നേട്ടങ്ങളും 2047-ഓടെ “വിക്സിത്‌ത് ഭാരത്” എന്ന പദ്ധതിക്ക് വേണ്ടിയുള്ള വഴിവെട്ടുന്നതിനുള്ള അവകാശവാദങ്ങളും അവതരിപ്പിക്കുന്ന ബജറ്റിൽ ഈ നിർണായക ഘട്ടത്തിൽ പോലും ഈ വിഷയങ്ങളൊന്നും പരാമർശിക്കുന്നേയില്ല.ഫെബ്രുവരിയിലെ ഇടക്കാല ബജറ്റിലൂടെ മോദി സർക്കാർ ഇതിനകം സ്തംഭനാവസ്ഥയിലാക്കിയ MGNREGA ചെലവുകളെക്കുറിച്ചു പോലും ഈ ബജറ്റിൽ പരാമർശമില്ല.അടുത്ത 5 വർഷത്തിനുള്ളിൽ 20 ലക്ഷം തൊഴിലവസരങ്ങളും നൈപുണ്യവും സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളുടെ 2 ലക്ഷം കോടി പാക്കേജ്, പ്രതിവർഷം 200 ലക്ഷം അധിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന മോദിയുടെ 2014 ലെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വസിക്കത്തക്കതായ ഒന്നേ അല്ല.അതേ പോലെ, ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാനവ വിഭവശേഷി വികസനവും സാമൂഹിക നീതിയും പോലുള്ള കാര്യങ്ങൾ വെറും വാചാടോപമായി മാത്രമേ കാണാൻ കഴിയൂ.കാരണം FRBM നിയമമനുസരിച്ച് മൂർത്തവും അർത്ഥവത്തായതുമായ ഒരു ക്ഷേമാധിഷ്ഠിത പരിപാടിയും പ്രായോഗികമല്ല എന്നതുതന്നെ. IMF നിർദ്ദേശങ്ങൾ അനുസരിച്ച് നിലവിൽ വന്ന നിയമാവലിയിൽ ഇക്കാര്യങ്ങൾ ഇതിനകം ഉൾപ്പെടുത്തിയിട്ടുള്ളതുമാണ്‌.(2003 ൽ IMFന്റെ ഇന്ത്യയെക്കുറിച്ചു റിപ്പോർട്ട്‌ പ്രകാരം വാജ്പേയിയുടെ ഗവർമ്മേണ്ട്‌ പാസാക്കിയ FRBM നിയമം വിശ്വസ്തതയോടെ പിന്നീട്‌ വന്ന ഭരണകൂടങ്ങൾ പിന്തുടരുന്നുണ്ട്‌ എന്നതു തന്നെയാണ്‌ കാര്യം.)

നിലവിലുള്ള പ്രവണതകൾ സൂചിപ്പിക്കുന്നത് പോലെത്തന്നെ , തൊഴിലധിഷ്‌ഠിത ഉൽപ്പാദന നിക്ഷേപത്തിൽ ഏർപ്പെടാൻ താൽപ്പര്യമില്ലാത്ത ഏറ്റവും അഴിമതിക്കാരായ ചങ്ങാത്ത മുതലാളിമാരായിരിക്കും മൂലധന ചെലവിലേക്കുള്ള(CAPEX) ബജറ്റ്‌ വിഹിതമായ 11 ലക്ഷം കോടിയുടെ യഥാർത്ഥ ഗുണഭോക്താക്കൾ.കൃഷിക്കും അനുബന്ധ മേഖലകൾക്കുമായി 1.52 ലക്ഷം കോടി അനുവദിച്ചതും 10 ലക്ഷം കോടി രൂപയുടെ നഗര ഭവന പദ്ധതിയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതമായി നിശ്ചയിച്ചിട്ടുള്ള 2.2 ലക്ഷം കോടിയും മുമ്പ് നടന്നിട്ടുള്ള സമാനമായ പദ്ധതികളുടെ പശ്ചാത്തലത്തിൽ വിലയിരുത്തേണ്ടതുണ്ട്.അടിസ്ഥാന സൗകര്യ വികസനം, ഊർജ സുരക്ഷ, നഗര വികസനം, ടൂറിസം, വ്യാവസായിക പാർക്കുകൾ, വ്യാവസായിക ഇടനാഴികൾ, റോഡ് കണക്റ്റിവിറ്റി പദ്ധതികൾ, ക്രിട്ടിക്കൽ മിനറൽ മിഷൻ, ഇ-കൊമേഴ്‌സ് എക്‌സ്‌പോർട്ട് ഹബുകൾ, ആണവോർജം(സാമ്രാജ്യത്വ രാജ്യങ്ങളാൽ ഇന്ത്യയിലേക്ക് വലിച്ചെറിയപ്പെടുന്നത്) എന്നിവയുമായി ബന്ധപ്പെട്ട ബജറ്റിലെ വിവിധ പ്രഖ്യാപനങ്ങൾ, പിപിപി മോഡിൽ വിഭാവനം ചെയ്യപ്പെടുന്നതിനാൽ, ഇവയ്‌ക്കെല്ലാമുള്ള വിഹിതവും നേരിട്ട് കോർപ്പറേറ്റ് ചങ്ങാതിമാരുടെ ഖജനാവിലേക്ക് തന്നെ പോകും. പല മൂലധന സാമഗ്രികൾക്കും,പ്രത്യേകിച്ച് സോളാർ പാനലുകൾ/സെല്ലുകൾ നിർമ്മിക്കുന്നതിനുള്ള BCD (ബേസിക് കസ്റ്റംസ് ഡ്യൂട്ടി) ഇളവുകൾ ചൈനയിൽ നിന്ന് ഇത്തരം സാമഗ്രികൾ ഇറക്കുമതി ചെയ്യാനുള്ള അദാനിയുടെ നീക്കത്തിന്റെ പശ്ചാത്തലത്തിൽ കാണേണ്ടതാണ്.ആന്ധ്രാ പ്രദേശ്‌, ബിഹാർ എന്നീ സംസ്ഥാനങ്ങൾക്കുള്ള ബജറ്റ് പാക്കേജുകൾ ഈ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാനല്ല, മറിച്ച് സഖ്യകക്ഷികളെ പ്രീതിപ്പെടുത്താനും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അതിജീവന ആവശ്യകതകൾ കൊണ്ടും മാത്രമാണ്.മറുവശത്ത്, ബജറ്റിൽ പ്രഖ്യാപിച്ച നവലിബറൽ, പിന്തിരിപ്പൻ GST യുടെ ന്യായീകരണം, ഫെഡറൽ അവകാശങ്ങളെ കൂടുതൽ തടസ്സപ്പെടുത്താനും നികുതി ഭാരം സാധാരണക്കാരുടെ ചുമലിലേക്ക് മാറ്റാനും ഉദ്ദേശിച്ചുള്ളതാണ്.

കൃത്യമായി പറഞ്ഞാൽ, ദലിതരും ആദിവാസികളും ന്യൂനപക്ഷങ്ങളും സ്ത്രീകളും ഉൾപ്പെടെയുള്ള തൊഴിലാളികളെയും അടിച്ചമർത്തപ്പെട്ടവരും അഭിമുഖീകരിക്കുന്ന ദാരിദ്ര്യം,അസമത്വം, പണപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ നിർണായക പ്രശ്നങ്ങളെ ഈ ബജറ്റ് അഭിസംബോധന ചെയ്യുന്നേയില്ല.കൃഷി,വ്യവസായം തുടങ്ങിയ സമ്പദ്‌വ്യവസ്ഥയുടെ ഉൽപാദന മേഖലകൾ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളെ ഈ ബജറ്റ്‌ അവഗണിക്കുന്നു.മറുവശത്ത് നവലിബറൽ കേന്ദ്രങ്ങൾ ആദ്യം ആവിഷ്‌കരിച്ച ആശയമായ കോർപ്പറേറ്റ്‌ മൂലധനത്തിന്‌ എല്ലാ സുരക്ഷിതത്വവും ഉറപ്പാക്കുന്ന “വ്യാപാരം നടത്താനുള്ള എളുപ്പ”ത്തിന്(Ease of Doing Business) ഊന്നൽ നൽകുന്നതു വഴി, ഇന്ത്യൻ- വിദേശ കോർപ്പറേറ്റ് മൂലധനത്തിന് അധ്വാനിക്കുന്ന ജനങ്ങളെ ചൂഷണം ചെയ്യാനും പ്രകൃതിയെ കൊള്ളയടിക്കാനും ബജറ്റ് വഴിയൊരുക്കുന്നു.തീർച്ചയായും, തീവ്ര വലതുപക്ഷ, കോർപ്പറേറ്റ് അനുകൂല, നവഫാസിസ്റ്റ് മോഡി ഭരണത്തിന്റെ ഭാഗത്തുനിന്ന് ബജറ്റ് ഉൾപ്പെടെയുള്ള സാമ്പത്തിക നയങ്ങളിൽ നിന്നും തിരിച്ചുപോയിക്കൊണ്ടുള്ള എന്തെങ്കിലും ജനോപകാര നടപടി പ്രതീക്ഷിക്കുന്നത് തികച്ചും അർത്ഥശൂന്യമാണ്.ഫാസിസ്റ്റ് വിരുദ്ധ ജനാധിപത്യ ശക്തികളുമായി യോജിച്ച്‌ ഒരു ബദൽ ജനാധിഷ്‌ഠിത വികസന കാഴ്‌ചപ്പാടുമായി മുന്നേറുകയും ഈ ഭരണത്തെ എത്രയും വേഗം നീക്കം ചെയ്യുകയുമാണ്‌ തൊഴിലാളിവർഗത്തിന്റേയും എല്ലാവിഭാഗങ്ങളിലും പെടുന്ന അടിച്ചമർത്തപ്പെടുന്ന ജനവിഭാഗങ്ങളുടേയും മുമ്പിലുള്ള കടമ .

പി.ജെ.ജെയിംസ്‌
ജനറൽ സെക്രട്ടറി
സി.പി.ഐ (എം.എൽ) റെഡ്‌ സ്റ്റാർ
ന്യൂ ഡെൽഹി
23.07.2024

You may also like

Leave a Comment