കോഴിക്കോട് നഗരത്തിന് UNESCO സാഹിത്യനഗര പദവി- തള്ളിക്കളയുക.
കൾച്ചറൽ ഫോറം
ആധുനിക ലോകം നാളിതുവരെ അനുഭവിച്ചിട്ടില്ലാത്ത ശിശുഹത്യകളും സ്ത്രീ പീഡനങ്ങളും വംശഹത്യയുമാണ് ഇസ്രയേൽ, ഫലസ്തീൻ ജനതക്കു മേൽ നടത്തിക്കൊണ്ടിരിക്കുന്നത്.
രണ്ടാം ലോകമഹായുദ്ധം സൃഷ്ടിച്ച ഭീകരതയുടെ പശ്ചാത്തലത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ സമാധാനത്തിനായുള്ള പൊതുവേദി എന്ന നിലക്ക് രൂപം കൊണ്ട ഐക്യ രാഷ്ട സംഘടന അതിന്റെ എല്ലാ തത്വങ്ങളും കയ്യൊഴിഞ്ഞ് ഈ ക്രൂരതകൾക്കും സയണിസ്റ്റ് നൃശംസതകൾക്കും മുമ്പിൽ വേട്ടക്കാരുടെ കവലാളാണോ എന്നു സംശയിക്കും വിധം മാപ്പുസാക്ഷികണക്കെ നിലനിൽക്കുന്ന ലജ്ജാകരമായ കാഴ്ച്ചയാണ് ലോകത്തിന്റെ മുമ്പിലുള്ളത്.
അംഗ രാജ്യങ്ങളിലെ സാധാരണജനതയുടെ നികുതിപ്പണത്തിന്റെ പങ്കും അവിടങ്ങളിൽ നിന്നും സമാഹരിക്കപ്പെടുന്ന സമാധാന സേനയുമൊക്കെ അക്ഷരാർത്ഥതിൽ പാഴായിപ്പോകുന്ന അവസ്ഥയിൽ ലോകത്തെമ്പാടുമുള്ള സമാധാന കാംക്ഷികൾ UN ന്റെ നിലപാടിനെ ചോദ്യം ചെയ്യുകയാണ്.
ഈ സാഹചര്യത്തിലാണ് കോഴിക്കോട് നഗരത്തിന് സാഹിത്യ നഗര പദവി UN ന്റെ ഘടക സംഘടനയായ UNESCO നൽകിയിരിക്കുന്നത്.
ഫലസ്തീൻ ജനതയെ വളഞ്ഞിട്ടു കൊന്നൊടുക്കുന്ന സയണിസത്തെയും അതിനു പിന്തുണയായി നിലകൊള്ളുന്ന അമേരിക്കയടക്കമുള്ള സാമ്രാജ്യത്വ രാജ്യങ്ങളെയും നിയന്ത്രിക്കാൻ കഴിയാത്തവിധം ലോക പൊലീസ് ചമയുന്നവരുടെ ഇംഗിതത്തിന് തുള്ളുന്നവരുടെ “പദവി ” പ്രഖ്യാപനം തള്ളിക്കളയണം എന്നു കൾച്ചറൽ ഫോറം ആവശ്യപ്പെടുന്നു.
ഫലസ്തീൻ ജനത അതിജീവനത്തിനായി നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടങ്ങൾക്കൊപ്പം നിൽക്കുന്ന ജനങ്ങൾ,സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളുടെ മഹത്തായ പാരമ്പര്യമുള്ള ഞങ്ങളുടെ കോഴിക്കോടിന് മനുഷ്യക്കുരുതിയിൽ ലോകം വിറങ്ങലിച്ചു നിൽക്കുന്ന ഇക്കാലത്ത് അതിന്റെ എല്ലാ പാപഭാരങ്ങളും പേറുന്നവർ നൽകുന്ന പുരസ്കാരം, ആവശ്യമില്ല എന്നും പ്രഖ്യാപിക്കുന്നു.
സാഹിത്യ ഭൂപടത്തിൽ കോഴിക്കോടിന്റെ സ്ഥാനം അടയാളപ്പെടുത്തിയ വൈക്കം മുഹമ്മദ് ബഷീർ ഉൾപ്പെടെയുള്ള സാഹിത്യ നായകർ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ കൂടി പ്രതീകങ്ങൾ ആയിരുന്നുവെന്ന കാര്യം ഓർമ്മിക്കേണ്ട സമയം കൂടിയാണിത്.
കൾച്ചറൽ ഫോറം കേരള
സംസ്ഥാന സമിതി
culturalforumkeralarcf@gmail.com
9249 123786
9446955309