ജാതി ഉന്മൂലന മതേതരത കാമ്പയിനിൽ അണി ചേരുക; 2023 മാർച്ച് 30-ന് വൈക്കത്ത് നടക്കുന്ന ജാതി ഉന്മൂലന മതേതര കൺവെൻഷൻ വിജയിപ്പിക്കുക.
സംഘാടക സമിതി രൂപീകരണം
ഫെബ്രു 4 ശനിയാഴ്ച 2 PM
വൈക്കം വ്യാപാര ഭവൻ ഹാൾ .
സുഹൃത്തുക്കളെ , ആർഎസ്എസിന് കീഴിലുള്ള മനുവാദി ഹിന്ദുത്വ ഫാസിസം അനുദിനം ശക്തിപ്രാപിച്ചതോടെ രാജ്യം ഇരുണ്ട ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം അടുത്തുവരുന്നത്. കർക്കശമായ ജാതി വ്യവസ്ഥയ്ക്ക് പേരുകേട്ട തിരുവിതാംകൂർ നാട്ടുരാജ്യത്തിലെ ഒട്ടുമിക്ക മഹാക്ഷേത്രങ്ങളിലും വർഷങ്ങളായി താഴ്ന്ന ജാതിക്കാർക്കും (അസ്പൃശ്യർ) ഈഴവരെപ്പോലുള്ള പിന്നോക്ക ജാതിക്കാർക്കും പ്രവേശനം മാത്രമല്ല, ചുറ്റുമുള്ള റോഡുകളിലൂടെ നടക്കാനും വിലക്കുണ്ടായിരുന്നു.
ഇതിനെതിരെ കോൺഗ്രസിലെ പരിഷ്കരണവാദികളായ നേതാക്കളും നാരായണ ഗുരുവിന്റെ അനുയായികളും ചേർന്നാണ് അയിത്തജാതിക്കാർക്ക് വഴി നടക്കാനുള്ള പ്രക്ഷോഭം വിഭാവനം ചെയ്തത്.
അഖിലേന്ത്യാ തലത്തിൽ വരെ ശ്രദ്ധ നേടിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ താഴ്ന്ന ജാതിക്കാരുടെ ഉപയോഗത്തിനായി തിരുവിതാംകൂർ സർക്കാർ ക്ഷേത്രത്തിന് സമീപം പുതിയ റോഡുകൾ നിർമ്മിച്ചു. എന്നാലും കീഴ്ജാതിക്കാരെ വൈക്കം ക്ഷേത്ര പരിസരത്തു നിന്ന് അകറ്റിനിർത്തി, ക്ഷേത്ര പ്രവേശനം നിഷേധിക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ ഇടപെടലിനെത്തുടർന്ന് റീജന്റ് സേതു ലക്ഷ്മി ബായിയുമായി ഒത്തുതീർപ്പിലെത്തുകയും അറസ്റ്റ് ചെയ്ത എല്ലാവരെയും വിട്ടയക്കുകയും വൈക്കം മഹാദേവ ക്ഷേത്രത്തിലേക്കുള്ള വടക്ക്, തെക്ക്, പടിഞ്ഞാറ് പൊതുവഴികൾ എല്ലാ ജാതിക്കാർക്കും തുറന്നുകൊടുക്കുകയും ചെയ്തു.
കേരളീയ നവോത്ഥാന മുന്നേ ങ്ങളിലെ പ്രധാന പ്രക്ഷോഭങ്ങളിൽ ഒന്നാണ് വൈക്കം സത്യാഗ്രഹം.
അയ്യൻ കാളി, നാരായണഗുരു, സഹോദരൻ അയ്യപ്പൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടർച്ചയായി തിരുവിതാംകൂർ, കൊച്ചി, മലബാർ പ്രദേശങ്ങളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഫ്യൂഡൽ വിരുദ്ധ സമരങ്ങളും ശക്തിപ്പെട്ടു.
1956 നവംബർ 1-ന് ഐക്യ കേരളം രൂപീകരിപ്പട്ടതിനെ തുടർന്ന് 1957ൽ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ ആദ്യ മന്ത്രി സഭ രൂപപ്പെടുന്നതു തന്നെ നവോത്ഥാന മുന്നേറ്റങ്ങളുടേയും അതിന്റെ തുടർച്ചയായ ഇടതു കമ്യൂണിസ്റ്റ് സമരങ്ങളുടെയും ഗുണഫലമായിട്ടായിരുന്നു. എന്നാൽ ഇ എം എസ് സർക്കാർ ഭൂപരിഷ്കരണം ഏറ്റെടുത്തപ്പോൾ കൃഷി ഭൂമി മണ്ണിൽ പണിയെടുക്കുന്ന കർഷകന് എന്ന മുദ്രാവാക്യം നടപ്പാക്കിയില്ല. ദലിതരും ആദിവാസികളും പിന്നോക്കക്കാരും ഉൾപ്പെടുന്ന കർഷകർക്ക് 10 സെന്റ് (ഏക്കറിന്റെ പത്തിലൊന്ന്) ഭൂമി മാത്രമാണ് നൽകിയത്. മിച്ചഭൂമി വിതരണം ചെയ്തത് ഇടത്തരം ജാതിക്കാർക്കും പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള കുറച്ചുപേർക്കും മാത്രമാണ്. ദലിതരിൽ നിന്നും ആദിവാസികളിൽ നിന്നുമുള്ള ഭൂരഹിതരെല്ലാം ഇപ്പോൾ വെറും രണ്ട് സെന്റ് ഭൂമിയുള്ള 46,000 ജാതി കോളനികളിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നു. അങ്ങനെ ദലിതരുടെയും ആദിവാസികളുടെയും മറ്റ് പിന്നോക്ക ജാതിക്കാരുടെയും മേലുള്ള ക്രൂരമായ ജാതി വ്യവസ്ഥയും കൊള്ളയും സാമൂഹിക അടിച്ചമർത്തലും കൂടുതൽ വഷളായി. അതോടൊപ്പം സാമൂഹികമായും സാമ്പത്തികമായും അടിച്ചമർത്തപ്പെട്ട ഈ വിഭാഗങ്ങളും ഭൂപരിഷ്കരണത്തിന്റെ നേട്ടം കൈവരിച്ച വിഭാഗങ്ങളും തമ്മിലുള്ള വൈരുദ്ധ്യവും മൂർച്ഛിച്ചു . പ്രത്യേകിച്ച് കോട്ടയം, ആലപ്പുഴ ജില്ലകളിൽ, അക്രമാസക്തമായ ജാതി സംഘർഷങ്ങളായി പലതവണ പൊട്ടിപ്പുറപ്പെട്ടു. തൽഫലമായി, ബ്രാഹ്മണ്യ ശക്തികൾക്കും വൻകിട മുതലാളിമാർക്കും ഭൂപ്രഭുക്കൾക്കും എതിരായ പോരാട്ടത്തിന്റെ യഥാർത്ഥ ദിശാബോധം നഷ്ടപ്പെടുകയും അത് വർഗ/ജാതി സമരത്തെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടുകയും ചെയ്തു.
ഈ സാഹചര്യത്തെ വിശകലനം ചെയ്തുകൊണ്ടാണ് 1983 – 84 കാലഘട്ടത്തിൽ അന്നത്തെ CRC, CPI(ML) കേരള സംസ്ഥാന കമ്മിറ്റി ഈ ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിച്ചു കൊണ്ട് അടിച്ചമർത്തപ്പെട്ട ജനകീയ സമരങ്ങൾക്ക് ശരിയായ ദിശാബോധം നൽകാൻ ശ്രമിച്ചത്. ഇന്ത്യൻ സമൂഹത്തിൽ ജാതിയും വർഗവും തമ്മിലുള്ള അവിഭാജ്യ ബന്ധം സിപിഐ(എംഎൽ) മുന്നോട്ട് വയ്ക്കുകയും രണ്ട് ദിവസം നീണ്ടുനിന്ന ജാതിവിരുദ്ധ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. 1984 ഏപ്രിലിൽ തലയോലപ്പറമ്പിൽ നടന്ന ജാതിവിരുദ്ധ മതേതര സമ്മേളനം ദലിത് വിഭാഗങ്ങളുടെ നേതാക്കളെയും പുരോഗമന ശക്തികളെയും ബുദ്ധിജീവികളെയും ഒന്നിപ്പിക്കുകയും ജാതി വിരുദ്ധ മതേതര വേദി രൂപീകരിക്കുന്നതിലേക്ക് നയിക്കുകയുമുണ്ടായി. ചാതുർവർണ സമ്പ്രദായത്തിൽ തുടങ്ങി ഇന്ത്യയിലെ ജാതി വ്യവസ്ഥയുടെ പരിണാമത്തെയും വികാസത്തെയും കുറിച്ചുള്ള ധാരണകൾ സി പി ഐ (എം എൽ ) പ്രസ്ഥാനത്തിനകത്ത് വികസിപ്പിക്കുന്നതിൽ ഈ അനുഭവങ്ങൾ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.
1975ൽ ഇന്ദിര സർക്കാർ ഏർപ്പെടുത്തിയ അടിയന്തരാവസ്ഥയും അതിനെതിരായ ജനമുന്നേറ്റത്തിന്റെ നേതൃനിരയിലേക്ക് ഇടതുപക്ഷ ജനാധിപത്യ ശക്തികൾ വരാത്തതും ആർഎസ്എസ് പരിവാറിന് ഹിന്ദു രാഷ്ട്ര സങ്കൽപ്പം മുന്നോട്ട് കൊണ്ടുപോകാനും രാഷ്ട്രീയവൽക്കരിക്കാനും വലിയ അവസരമൊരുക്കി. അതിന്ന് കോർപ്പറേറ്റ് ശക്തികളുമായി ചേർന്ന് രാഷ്ട്രീയാധികാരം കൈവശപ്പെടുത്തിയിരിക്കുന്നു.ഇപ്പോൾ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള മോദി സർക്കാരിലൂടെ ആർ എസ് എസ് അതിന്റെ നവ ഫാസിസ്റ്റ് കോർപ്പറേറ്റ് ആധിപത്യം മനുവാദി ഹിന്ദുത്വയെ പ്രത്യയശാസ്ത്ര അടിത്തറയായി ഉറപ്പിച്ച് ശക്തിപ്പെടുത്തിയിരിക്കുകയാണ്.
നവോത്ഥാന മുന്നേറ്റങ്ങളും കർഷക പോരാട്ടങ്ങളും സൃഷ്ടിച്ച , 1950കൾ വരെ മുന്നേറിയ പുരോഗമന ദിശയിൽ നിന്നും വിമോചന സമരാനന്തരം ജീർണ്ണിച്ച കേരളീയ സമൂഹ്യ സാഹചര്യങ്ങൾ കാവി ശക്തികൾക്ക് വലിയ വളക്കൂറുള്ള മണ്ണായി മാറിക്കഴിഞ്ഞിരിക്കുന്നു.
പുരോഗമന മുഖം മൂടിക്കുള്ളിൽ ജാതീയതയും ചങ്ങാത്ത മുതലാളിത്തവുമായി കൈകോർത്ത് എല്ലാ പിന്തിരിപ്പൻ ജീർണ്ണതയും സകല മണ്ഡലങ്ങളിലും ആധിപത്യം ചെലുത്തുന്ന പ്രദേശമാണ് കേരളം.
ഇത്തരമൊരു സാഹചര്യത്തിൽ ജാതി ഉന്മൂലന മതേര ക്യാമ്പയിൻ മുന്നോട്ടു കൊണ്ടുപോകുന്നതിനും കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ജാതി നശീകരണത്തിനായുള്ള പ്രസ്ഥാനം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് ചരിത്രപ്രസിദ്ധമായ വൈക്കം സത്യാഗ്രഹം ആരംഭിച്ചതിന്റെ 98-ാം വാർഷികത്തോടും തലയോലപ്പറമ്പിൽ ചേർന്ന ജാതിവിരുദ്ധ മതേതരസമ്മേളനത്തിന്റെ 39ാം വാർഷികത്തോടും അനുബന്ധിച്ച് മാർച്ച് 30 ന് വൈക്കത്ത് ജാതി ഉന്മൂലന മതേതര കൺവെൻഷൻ നടത്താൻ ഉദ്ദേശിക്കുന്നത് .
വിശാലമായ തലത്തിൽ, ജാതി ഉന്മൂലന പ്രസ്ഥാനത്തിന്റെ പങ്കാളിത്തത്തോടെ, അഖിലേന്ത്യാ തലത്തിൽ കഴിയുന്നത്ര സമാന ചിന്താഗതിക്കാരായ ശക്തികളെ ഏകോപിപ്പിച്ചുകൊണ്ട്, ഈ പ്രചാരണം വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികമായ 2025 നവംബർ 23 വരെ തുടരാം.
കൺവൻഷൻ വിജയിപ്പിക്കുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾക്കായി ചേരുന്ന സംഘാടക സമിതി രൂപീകരണ യോഗത്തിലേക്ക് എല്ലാ പുരോഗമന, ജനാധിപത്യ ശക്തികളുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും, എല്ലാ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെയും പങ്കാളിത്തം ക്ഷണിക്കുന്നു.
എം.പി. കുഞ്ഞിക്കണാരൻ
എം. കെ.ദാസൻ
ശശിക്കുട്ടൻ വാകത്താനം
വി.ജെ.ജോയി
കോട്ടയം
01/02/23
Contact :09745338072
9447 809149