Home » നരബലികളുടെ അരാഷ്ട്രീയ കേരളത്തെ തിരുത്തി എഴുതാനുള്ള സാംസ്കാരിക പ്രതിരോധങ്ങൾക്ക് തയ്യാറെടുക്കുക – കൾച്ചറൽ ഫോറം

നരബലികളുടെ അരാഷ്ട്രീയ കേരളത്തെ തിരുത്തി എഴുതാനുള്ള സാംസ്കാരിക പ്രതിരോധങ്ങൾക്ക് തയ്യാറെടുക്കുക – കൾച്ചറൽ ഫോറം

by Jayarajan C N

 


നരബലികളുടെ അരാഷ്ട്രീയ കേരളത്തെ തിരുത്തി എഴുതാനുള്ള സാംസ്കാരിക പ്രതിരോധങ്ങൾക്ക് തയ്യാറെടുക്കുക..

നരബലിയെന്ന പേരിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഇലവന്തൂരിൽ രണ്ടു സ്ത്രീകൾ അതിദാരുണമാം വിധം കൊലചെയ്യപ്പെട്ടത്‌ ആരേയും ഞെട്ടിക്കുന്നതാണെങ്കിലും,സമീപകാല കേരളീയ സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക പ്രതിസന്ധികളെ മനസ്സിലാക്കിക്കഴിഞ്ഞാൽ ഇതത്ര അപ്രതീക്ഷിതമാണെന്നും പറയാനാകില്ല.കാരണം മറ്റേതൊരു സമൂഹത്തേക്കാളും ഭ്രാന്തമായ രീതിയിലുള്ള പിൻനടത്തത്തിന്റെ പാതയിലൂടെയാണിന്ന് കേരളീയ സമൂഹം സഞ്ചരിക്കുന്നതെന്ന്,ഊതിവീർപ്പിച്ച കെട്ടുകാഴ്ചക്കഥകൾക്കപ്പുറം കേരളത്തെ സമൂർത്തമായി നോക്കിക്കാണാൻ ശ്രമിക്കുന്ന ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. നാവോത്ഥാനമൂല്യങ്ങളിൽ നിന്നുള്ള പിന്മാറ്റം, ആധുനിക ഇന്ത്യയുടെ അസ്ഥിവാരം എന്നു പറയാവുന്ന ഭരണഘടനാ സംഹിതകളിൽ നിന്നുള്ള പിൻവലിയലായി പെരുകിവരുന്നതായും കാണാം.ഒരു കാലത്ത്‌ ജാതി മേധാവിത്വത്തെ വെല്ലുവിളിച്ചു കൊണ്ട്‌ ഈഴവശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണന്റെ നാട്ടിൽ, ഭരണഘടനാപരവും നിയമാനുസൃതവുമായ ശബരിമല സ്ത്രീ പ്രവേശത്തിനെതിരെ നടന്ന കലാപങ്ങൾ ഈ ദിശയിലെ ഏറ്റവും അപകടകരമായ ഒരു നീക്കമായിരുന്നു.അതിനു ശേഷം,എല്ലാ അർത്ഥത്തിലും,എല്ലാ വിധ അന്ധവിശ്വാസങ്ങൾക്കും മത-ജാതി -സ്ത്രീ വിരുദ്ധതകൾക്കും കീഴടങ്ങുന്ന ഒരു സമീപനമാണ്‌ സർക്കാറുകളും അവരുടെ നിർമ്മിതികളായ പൊതുബോധത്താൽ നയിക്കപ്പെടുന്ന വർത്തമാന കേരളീയ സമൂഹവും കൈക്കൊള്ളുന്നതായി കാണുന്നത്‌. ഇതാകട്ടെ രാജ്യത്ത്‌ ആധിപത്യം ചെലുത്തുന്ന RSSന്റെ പ്രത്യയശാസ്ത്രങ്ങൾക്കു മുമ്പിലുള്ള കീഴടങ്ങൽ അല്ലാതെ മറ്റൊന്നുമല്ല താനും. മഹാരാഷ്ട്രയിൽ ഡോ:ധബോൽക്കറുടെ രക്തസാക്ഷ്യത്തിന്റെ വിലകൊടുത്താണെങ്കിലും അന്ധവിശ്വാസ നിരോധന നിയമം പാസായി. എന്നാൽ ഈ കേരളത്തിൽ, വി.എസ്‌.അച്യുതാനന്ദൻ ഭരണകാലത്ത്‌ പരിഗണിക്കപ്പെട്ട സമാനമായ ഒരു നിയമനിർമ്മാണം ഇന്നും കോൾഡ്‌സ്റ്റോറേജിലെ സൂക്ഷിപ്പുമുറിയിലുണ്ടോ എന്ന നിശ്ചയം പോലുമില്ലാത്ത വിധം അപ്രത്യക്ഷമായിരിക്കുന്നു.

വിശുദ്ധകേശ ചികിത്സാ തട്ടിപ്പുകളും,ആൾദൈവങ്ങൾ സർക്കാറിന്റെ ബ്രാൻഡ്‌ അംബാസഡർമ്മാരാകുന്ന അവസ്ഥയും,നാടെമ്പാടും മുളച്ചു പൊന്തുന്ന കരിസ്മാറ്റിക്ക്‌ ധ്യാന തട്ടിപ്പു കേന്ദ്രങ്ങളുമൊക്കെ കൂടി ഭയാനകമായ, മനോരോഗ സമൂഹത്തിന്റെ തലത്തിലേക്ക്‌ നാട്ടിനെ വലിച്ചെറിഞ്ഞിരിക്കുന്നു. ഈ ഒരു സാഹചര്യത്തിൽ ലാറ്റിനമേരിക്കൻ രാജ്യങ്ങൾ പോലും തോറ്റു പോകുന്ന തരത്തിൽ ലഹരിമരുന്നുകൾക്കടിപ്പെടുന്ന കുട്ടികളുടെയും യുവാക്കളുടെയും എണ്ണം വർദ്ധിക്കുന്നു.

ശാസ്ത്ര യുക്തി മുഖമുദ്രയായിട്ടുള്ള ഭരണഘടനയെ വാഴ്തിപ്പാടുന്ന കേരളത്തിലെ വ്യവസ്ഥാപിത ഇടതുപക്ഷങ്ങൾ, ഭരണത്തുടർച്ചയെന്ന ഒരൊറ്റലക്ഷ്യത്തെ മാത്രം മുന്നിൽ കണ്ടുകൊണ്ട്‌ കർക്കിടകവാവും ശ്രീകൃഷ്ണജയന്തിയും ആചരിക്കുകയും തങ്ങളുടെ ഏറ്റവും ഉയർന്ന തലത്തിലുള്ള ഓഫീസുകളിൽ വെച്ച്‌ എഴുത്തിനിരുത്തു പോലുള്ള അബദ്ധജഡിലമായ ആചാരങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുമ്പോൾ, കേരളം അറിയാതെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌ തീർത്തും അരാഷ്ട്രീയമായ അന്ധവിശ്വാസങ്ങളുടെ ഇരുണ്ട കാലത്തേക്കാണെന്നതിൽ ഒരു സംശയവുമില്ല.

ഇക്കഴിഞ്ഞ ദിവസം ഒരു മുതല ചത്തു പോയതിനു ലഭിച്ച വാർത്താ പ്രാധാന്യവും ചത്ത മുതലക്കുമേൽ ഭയഭക്തി ബഹുമാനത്തോടെ,MP,MLA,ഉയർന്ന പോലീസുദ്യോഗസ്ഥന്മാർ വരെ റീത്ത്‌ വെക്കുന്ന മാതിരി ആഭാസക്കാഴ്ചകൾ കേരളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. നവ ഉദാരവാദ നയങ്ങൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകൾ കൊണ്ട് നമ്മുടെ രാജ്യത്തും, കേരളീയ സമൂഹത്തിലും ഉണ്ടാക്കിയിട്ടുള്ള അരക്ഷിതാവസ്ഥയും ഈ പിൻമടക്കത്തിന് ഒരു കാരണമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ഇത്തരം അരാഷ്ട്രീയവൽക്കരണം സൃഷ്ടിച്ച സാംസ്കാരിക ജീർണ്ണതകളുടെ മേലാണ്‌ നരബലികളും മറ്റു സാമൂഹ്യ തിന്മകളും മുളച്ചു പൊങ്ങുന്നത്‌. കേരളം ഒരു തോറ്റ ജനതയല്ലെന്ന് സ്ഥാപിക്കാൻ അവാസ്തവവും ഉള്ളുപൊള്ളയായതുമായ വ്യാജപ്രചരണം കൊണ്ടു കഴിയുന്നതല്ല. നവോത്ഥാന രാഷ്ട്രീയ കേരളത്തിന്റെ മൂല്യങ്ങളെ മനസ്സിലാക്കിയും അവയെ ഇന്നിന്റെ സാധ്യതകൾക്കനുസരിച്ച്‌ പുന:സൃഷ്ടിച്ചും മാത്രമേ കേരളത്തെ ഇത്തരം സാമൂഹ്യ ദുരന്തങ്ങളിൽ നിന്നും രക്ഷിച്ചെടുക്കാൻ കഴിയുകയുള്ളൂ. കേരളത്തിൽ ഇന്നു വ്യാജയുക്തികളുടെ പിൻബലത്തോടെ പ്രചരിപ്പിക്കപ്പെടുന്ന വികസന വെപ്രാളങ്ങൾ പോലും അരാഷ്ട്രീയതയുടെ തികഞ്ഞ ഉദാഹരണങ്ങൾ മാത്രമാണ്‌. സാംസ്കാരിക വ്യക്തിത്വം സ്ഥാപിച്ചെടുക്കുന്ന ഒരു ജനതയ്ക്കേ ഈ കോർപ്പറേറ്റ്‌ കാലത്ത്‌ അതിജീവിക്കാനാകൂ എന്നു തിരിച്ചറിയേണ്ട നാളുകൾ കൂടിയാണിത്‌.‌ ആ അർത്ഥത്തിലുള്ള സാംസ്കാരിക ജാഗ്രതകൾ കൂടിയാണ്‌ കാലം നമ്മോടാവശ്യപ്പെടുന്നത്‌. അത്തരം കടമകൾ ഏറ്റെടുക്കാൻ കേരളീയ സാംസ്കാരിക സമൂഹം ഒന്നിച്ചണിനിരക്കണമെന്ന് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

സംസ്ഥാന സംഘാടക സമിതി
കൾച്ചറൽ ഫോറം, കേരള
കോഴിക്കോട് 2022 ഒക്ടോബർ 12

9249 123 786
9446 955 309

You may also like

Leave a Comment